ഓക്സ്ഫഡ് പ്രഖ്യാപിച്ചു റിസ്: ഈ വർഷത്തെ സ്റ്റൈലൻ വാക്ക്
Mail This Article
ലണ്ടൻ ∙ ഉപയോഗത്തിൽവന്നിട്ട് ഒരു വയസ്സു പോലും തികയാത്തൊരു പുതുതലമുറ പ്രയോഗത്തെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ‘സാംസ്കാരിക വിപ്ലവം’. സമൂഹമാധ്യമങ്ങളിലൂടെ ജന്മം കൊണ്ടതും സ്പൈഡർമാൻ സിനിമകളിലൂടെ താരമായ ബ്രിട്ടിഷ് നടൻ ടോം ഹോളണ്ടിന്റെ നാവിലൂടെ അവതരിച്ച് ജനപ്രിയമായിത്തീർന്നതുമായ റിസ് (Rizz) എന്ന വാക്കിനാണ് വലിയ ബഹുമതി. സ്റ്റൈൽ, ആകർഷണീയത, വശ്യത, പങ്കാളിയെ ആകർഷിക്കാനുള്ള കഴിവ് എന്നിങ്ങനെ അർഥങ്ങളുള്ള Rizz പുതുതലമുറയുടെ കയ്യിൽകിട്ടി ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്.
Swiftie (പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ വിശ്വസ്ത ആരാധകൻ/ആരാധിക), Prompt (ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രോഗ്രാമിനു നൽകുന്ന നിർദേശം), Situationship (പ്രണയത്തിലോ ലൈംഗികഅടുപ്പത്തിലോ ഊന്നിയ അനൗപചാരിക ബന്ധം), Rizz തുടങ്ങി വോട്ടെടുപ്പിലൂടെ കണ്ടെത്തിയ 8 വാക്കുകളിൽ നിന്നാണ് ഓക്സ്ഫഡ് പദകോശ വിദഗ്ധർ Rizz തിരഞ്ഞുടുത്തത്. തനിമയും വിശ്വസനീയതയും അർഥമാക്കുന്ന Authentic എന്ന വാക്കാണ് മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ വേർഡ് ഓഫ് ദി ഇയർ. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വാക്കിനാണ് കോളിൻസ് ഡിക്‌ഷനറിക്കാരുടെ വോട്ട്.