ഡിആർഡിഒ ‘ഡെയർ ടു ഡ്രീം’ മത്സരം; മലയാളികൾ നേടി, 19 ലക്ഷം
Mail This Article
ന്യൂഡൽഹി ∙ നൂതന ആശയങ്ങൾക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) സംഘടിപ്പിച്ച ‘ഡെയർ ടു ഡ്രീം’ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും വ്യക്തികളും നേടിയത് 19 ലക്ഷം രൂപ. കഴിഞ്ഞ തവണ 4 ടീമുകൾ ചേർന്ന് 20 ലക്ഷം രൂപ നേടിയിരുന്നു. വ്യക്തിഗതവിഭാഗത്തിൽ കൊല്ലം എഴുകോൺ സ്വദേശി ബി.സൂര്യ സാരഥിക്കാണ് ഒന്നാം സമ്മാനം– 5 ലക്ഷം രൂപ. യുദ്ധകാലത്ത് ശത്രുവിന്റെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലകളിൽ നിന്ന് വിവരം ചോർത്താനുള്ള സംവിധാനമാണു വികസിപ്പിച്ചത്. കഴിഞ്ഞ വർഷം രണ്ടാം സമ്മാനം നേടിയിരുന്നു.
കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ടൊബോയിഡ്സ് ഓട്ടമേറ്റ’ എന്ന സ്ഥാപനത്തിനാണ് സ്റ്റാർട്ടപ് വിഭാഗത്തിൽ രണ്ടാം സമ്മാനം (8 ലക്ഷം രൂപ). ആർ.എസ്.ആദർശാണ് സ്ഥാപകൻ. നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന പ്രത്യേക റോബട്ടാണ് വികസിപ്പിച്ചത്. കൊച്ചി കളമശേരിയിൽ റോബിൻ കാനാട്ട് തോമസ് സ്ഥാപകനായ ആസ്ട്രെക് ഇന്നവേഷൻസിനാണ് മൂന്നാം സമ്മാനം ( 6 ലക്ഷം). വലിയ ഭാരം വഹിച്ചു നടക്കാൻ സഹായിക്കുന്ന സ്യൂട്ട് വികസിപ്പിച്ചതിനാണ് സമ്മാനം. പത്തനംതിട്ട കോന്നിയിലെ എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിന് പ്രത്യേക പരാമർശവുമുണ്ട്.