ADVERTISEMENT

ഈയാഴ്ച യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് ബോംബ് സൈക്ലോൺ കാലാവസ്ഥാ പ്രതിഭാസം ഉടലെടുക്കുമെന്ന് ഗവേഷകർ. 8 ലക്ഷം കോടി ഗാലൺ മഴയാകും ഇതുകൊണ്ട് സംഭവിക്കുക. കലിഫോർണിയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതിക്കു വഴിവച്ചേക്കും. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോൺ എന്നുവിളിക്കുന്നത്.1979 മുതൽ 2019 വരെയുള്ള 40 വർഷ കാലയളവിൽ യുഎസിൽ സംഭവിച്ച കൊടുങ്കാറ്റുകളിൽ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.

ടെംപറേറ്റ് മേഖലകളിലാണ് ബോംബ് സൈക്ലോൺ ഉത്ഭവിക്കുന്നത്.മറ്റുള്ള കൊടുങ്കാറ്റുകളെപ്പോലെയല്ല, അതീവ വേഗത്തിലാണ് ഇവ ശക്തി പ്രാപിക്കുന്നത്. ഈ ഒരു സവിശേഷത തന്നെയാണ് ഇവയെ അത്യന്തം അപകടകാരികളാക്കുന്നതും. ഇവയുടെ കേന്ദ്രഭാഗത്തെ വായുസമ്മർദ്ദം ത്വരിതഗതിയിൽ കുറയുകയും ചെയ്യും. ‘ബോംബോജനസിസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് ഇവയുടെ തീവ്രതയുടെ മൂലകാരണം. കേന്ദ്രഭാഗത്തെ വായുസമ്മർദം വീഴുന്നതിനനുസരിച്ച് ചുറ്റുമുള്ള കാറ്റ് വിസ്ഫോടനാത്മകമായ വേഗം കൈവരിക്കും. കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോൺ ഗ്യാക്കുമാണ് 1980ൽ ഇവയുടെ സവിശേഷതകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതും ഇവയ്ക്കു ബോംബ് സൈക്ലോണുകൾ എന്ന പേരു നൽകിയതും. 

2021 ഒക്ടോബറിലും ഒരു വമ്പൻ ബോംബ് സൈക്ലോൺ യുഎസിന്റെയും കാനഡയുടെയും പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിച്ചിരുന്നു. നോർത്ത് ഈസ്റ്റ് പസിഫിക് ബോംബ് സൈക്ലോൺ എന്നു പേരിട്ടിരുന്ന ഈ കൊടുങ്കാറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. വടക്കു കിഴക്കൻ പസിഫിക് മേഖലയിൽ അതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ കൊടുങ്കാറ്റായിരുന്നു ഇത്. ഈ കാറ്റിന്റെ ശക്തി മൂലം യുഎസിലെ നാലുലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടക്കം സംഭവിച്ചു. ത്വരിത ഗതിയിലുള്ള രക്ഷാപ്രവർത്തനം മൂലം മരണസംഖ്യ രണ്ടായി കുറയ്ക്കാൻ അധികൃതർക്കു സാധിച്ചു.1962ൽ യുഎസിലും കാനഡയിലും ആഞ്ഞടിച്ച ടൈഫൂൺ ഫ്രെഡ അഥവാ കൊളംബസ് ഡേ സ്റ്റോം എന്ന വമ്പൻ കൊടുങ്കാറ്റുമായാണ് ശക്തിയുടെ കാര്യത്തിൽ ഈ ബോംബ് സൈക്ലോൺ താരതമ്യപ്പെടുത്തപ്പെട്ടത്. ദശലക്ഷക്കണക്കിന് യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങൾ ഈ ബോംബ് സൈക്ലോൺ മൂലം സംഭവിച്ചു.

English Summary:

West Coast Brace for "Bomb Cyclone" Impact: 800 Billion Gallons of Rain Predicted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com