രാമേശ്വരത്ത് മേഘവിസ്ഫോടനം; 3 മണിക്കൂറിൽ പെയ്തത് 362 മില്ലിമീറ്റർ മഴ: വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചു
Mail This Article
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിനു പിന്നാലെ രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മില്ലിമീറ്റർ മഴയാണ് പെയ്തത്. പത്ത് മണിക്കൂറിൽ 411 മില്ലിമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്. സമീപപ്രദേശമായ തങ്കച്ചിമാടത്ത് 322 മി.മീ, മണ്ഡപം– 261.40, പാമ്പൻ–237 മി.മീ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂർ, കാമുടി, പരമകുടി എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്നതിനെ തുടർന്ന് തിരുനെൽവേലി, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോളജുകൾ സാധാരണപോലെ പ്രവർത്തിക്കും.
എന്താണ് മേഘവിസ്ഫോടനം
മണിക്കൂറിൽ പത്തു സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനമെന്നു പറയുന്നത്. രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴയാണെങ്കിൽപോലും കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാവും. ഇത്തരം മഴയെ മിനി ക്ലൗഡ് ബേസ്‌റ്റ് അഥവാ ലഘു മേഘവിസ്ഫോടനം എന്നു വിളിക്കാം. സാധാരണയായി മേഘവിസ്‌ഫോടനം ചെറിയ പ്രദേശത്തു (1520 ചതുരശ്ര കിലോമീറ്റർ) മാത്രമാണു ബാധിക്കുക. ഇത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമാകും. പശ്ചിമഘട്ടത്തിൽ ഇതു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും.
കേരളത്തിലും മഴസാധ്യത
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കാരണം കേരളത്തിലെ തെക്കൻ ജില്ലകളിലുണ്ടായ ചൂട് മൂന്ന് മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.