ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിന്റെ പലതരത്തിലുള്ള പ്രത്യാഘാതങ്ങളാണ് നമ്മൾ നേരിടുന്നതും നേരിടാൻ പോകുന്നതും. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ യുവാക്കളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം പറയുന്നു. 

യുവാക്കൾക്കിടയിൽ പാരിസ്ഥിതിക ഉത്കണ്ഠ വർധിക്കുന്നതായാണ് റിപ്പോർട്ട്. ആഗോള തലത്തിൽ യുവാക്കളെ  കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഡൽഹി  ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ പരിസ്ഥിതി വിദ്യാഭ്യാസ യൂണിറ്റിന്റെ പ്രോഗ്രാം മാനേജരായ തുഷിത റാവത്താണ് സർവേ നടത്തിയത്. കാലാവസ്ഥാ വ്യതിയാനം തങ്ങളെ നേരിട്ടു ബാധിക്കുന്നതായി സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും പ്രതികരിച്ചു. 

ഉയരുന്ന താപനിലയിലും പ്രകൃതി ദുരന്തങ്ങളിലും യുവാക്കൾ ആശങ്കാകുലരാണ്. ദൈനംദിന ജീവിതത്തെയും വിദ്യാഭ്യാസത്തെയും മനസികാരോഗ്യത്തെയും ഈ ഉത്കണ്ഠ വേട്ടയാടുന്നു. 

‘ഞാൻ താമസിക്കുന്ന പ്രദേശത്തു നല്ല  തണുപ്പായിരുന്നു, പക്ഷേ ഇപ്പോഴില്ല. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഫാൻ പോലും ഇവിടെ ആവശ്യമില്ലായിരുന്നുവെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു കൂളർ ഇല്ലാതെ വേനൽക്കാലത്തു താമസിക്കാനാകില്ല’– ഹരിയാനയിൽ നിന്നുള്ള 16 കാരിയായ കിരൺ പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി ജീവിതത്തെ എത്രത്തോളം താളംതെറ്റിച്ചുവെന്ന് അവരുടെ വാക്കുകളിൽ വ്യക്തമാണ്.

(Photo:X/@WFP_Bangladesh)
(Photo:X/@WFP_Bangladesh)

14-25 വയസ് പ്രായമുള്ള 1,931 ആളുകളിലാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേരും മോശമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട സമ്മർദമോ ഉത്കണ്ഠയോ നേരിടുന്നവരാണ്. ഇതിൽ 22 ശതമാനം പേരും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മറികടക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുമുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതിയിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 35 ശതമാനം പേർക്ക് മാത്രമാണ് തങ്ങളുടെ പാഠപുസ്തകങ്ങളിൽ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് മതിയായ ഉള്ളടക്കം നൽകുന്നതായി തോന്നിയത്. 43 ശതമാനം പേർ ചൂണ്ടിക്കാണിക്കുന്നത് പാഠ്യപദ്ധതിയിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നാണ് .

കൂടുതൽ സമഗ്രവും പ്രായോഗികവുമായ കാലാവസ്ഥാ അവബോധം വേണമെന്നാണ്  വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. അതിനു ശക്തമായ ബോധവൽക്കരണം നടത്തണം. പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് കാലാവസ്ഥയെ കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയണമെന്നു സർവേയ്ക്ക് നേതൃത്വം നൽകിയ തുഷിത റാവത് പ്രതികരിച്ചു.

English Summary:

Climate Change Fuels Eco-Anxiety Among India's Youth: A New Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com