മരിച്ചിട്ടും മരിക്കാതെ കാടിനു നടുവിലൊരു ‘പ്രേതമരം’
Mail This Article
രണ്ടു ഗവേഷകരെ അമ്പരപ്പിച്ച ഒരു മരക്കുറ്റിയാണ് ഇപ്പോൾ ജീവശാസ്ത്രലോകത്തിലെ പ്രധാന ചർച്ചാവിഷയം. കാടിനു നടുവിൽ കണ്ടെത്തിയ ഈ മരക്കുറ്റിയിൽ ഒരൊറ്റ ഇല പോലുമുണ്ടായിരുന്നില്ല. പക്ഷേ വർഷങ്ങളായി അത് ‘ജീവനോടെയിരിക്കുന്നു’ എന്ന കണ്ടെത്തൽ ശാസ്ത്രത്തിനു പുതിയ നേട്ടമായി മാറി. മരങ്ങൾ വെട്ടിമാറ്റിയാലും അവയുടെ വേര് ബാക്കിയുണ്ടെങ്കിൽ ശേഷിക്കുന്ന ഭാഗത്തെ അവ സംരക്ഷിച്ചുകൊള്ളും എന്നാണു പുതിയ കണ്ടെത്തൽ. ചുറ്റുപാടുമുള്ള മരങ്ങളുടെ വേരുകളിൽ നിന്ന് വെള്ളവും അന്നജം ഉൾപ്പെടെയുള്ള മറ്റു പോഷകവസ്തുക്കളും വലിച്ചെടുത്തായിരിക്കും ഇത്തരത്തിൽ മരങ്ങൾ ജീവൻ നിലനിർത്തുക. വെട്ടിയതും ഒടിഞ്ഞു വീണതുമായ ചില മരങ്ങളുടെ ‘കുറ്റികളെല്ലാം’ ഇത്തരത്തിൽ നിലനിന്നു പോകുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിലേക്കു നയിച്ചതാകട്ടെ രണ്ടു ഗവേഷകരുടെ യാത്രയും.
ന്യൂസീലൻഡിലെ ഓക്ക്‌ലൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരായ സെബാസ്റ്റ്യൻ ല്യൂസിങ്ങറും മാർട്ടിൻ ബേഡറും ചേർന്നായിരുന്നു യാത്ര. പടിഞ്ഞാറൻ ഓക്‌ലൻഡിലെ വനപ്രദേശത്തു കൂടെയായിരുന്നു ഇരുവരുടെയും ട്രക്കിങ്. അതിനിടെ ആ കാഴ്ച ശ്രദ്ധയിൽപ്പെട്ടു. ഒരു മരത്തിന്റെ കുറ്റി. പക്ഷേ ഉണങ്ങിയിട്ടൊന്നുമില്ല. ഇപ്പോഴും സജീവമായിത്തന്നെ നിലനിൽക്കുന്നു. സത്യത്തിൽ സാധാരണ ഗതിയിൽ ആരായാലും വെറുമൊരു മരക്കുറ്റി എന്നുപറഞ്ഞു തള്ളിക്കളയുന്നതാണ് ആ കാഴ്ച. എന്നാൽ ചുവപ്പു നിറത്തിൽ ഇപ്പോഴും അവയിൽ നിന്ന് മരക്കറ ഊറിവരുന്നതാണ് ഇരുവരെയും അമ്പരപ്പിച്ചത്. ഒരൊറ്റ പച്ചില പോലുമില്ലെങ്കിലും നല്ല ‘പച്ചയ്ക്കു’ നിൽക്കുന്നൊരു മരക്കുറ്റി.
മരിച്ചിട്ടും മരിക്കാത്ത അതിനെ ‘സോംബി മരം’ എന്നാണ് ഗവേഷകർ വിശേഷിപ്പിച്ചത്. എന്തായാലും അതിനു പിന്നിലെ രഹസ്യം കണ്ടെത്തണമെന്നു തന്നെ അവർ ഉറപ്പിച്ചു. കൂടുതൽ പേരെത്തി, പലതരം ഉപകരണങ്ങളുപയോഗിച്ച് എന്താണു സംഗതിയെന്നു പരിശോധിച്ചു. അപ്പോഴാണക്കാര്യം ശ്രദ്ധിച്ചത്. മരക്കുറ്റിയുടെ വേര് ചുറ്റുപാടുമുള്ള മറ്റു മരങ്ങളുടെ വേരുകളുമായി കൂടിച്ചേർന്നിരിക്കുന്നു. അതോടെ ‘ഒറ്റമരം’ എന്ന സങ്കൽപം മാറി ഒരു കൂട്ടം മരങ്ങളെന്ന രീതിയിലായി ആലോചവ. ആ ‘സൂപ്പർ ഓർഗാനിസത്തിന്റെ’ രൂപപ്പെടലാണ് മരക്കുറ്റിക്ക് സഹായകമായത്. അതായത് എല്ലാ മരങ്ങളുടെയും വേരുകൾ ചേർന്നൊരു പ്രത്യേക ‘റൂട്ട് സിസ്റ്റം’ തന്നെ ആ മേഖലയിൽ രൂപപ്പെട്ടിരുന്നു.
കോണിഫെറസ് വിഭാഗത്തിൽപ്പെട്ട കൗറി മരത്തിന്റേതായിരുന്നു ആ വെട്ടിമാറ്റപ്പെട്ട ഭാഗം. മരക്കുറ്റിയിലേക്കും സമീപത്തെ മറ്റു മരങ്ങളിലേക്കുമുള്ള വെള്ളത്തിന്റെ വരവ് ഗവേഷകർ പരിശോധിച്ചു. കൃത്യമായി മരക്കുറ്റിയിലേക്ക് മറ്റു വേരുകളിൽ നിന്നു വെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പായി. ചില ഭാഗങ്ങളിൽ കുഴിച്ചു നോക്കി. മരക്കുറ്റിയുടെ വേരുകളെല്ലാം സമീപമരങ്ങളുടെ വേരുകളുമായി ‘ഗ്രാഫ്റ്റിങ്’ നടത്തിയതു പോലെ ഒട്ടിച്ചേർന്നിരുന്നു! ‘ജീവിച്ചിരിക്കുന്ന’ മരങ്ങൾ തമ്മിൽ ഇത്തരത്തിൽ റൂട്ട് ഗ്രാഫ്റ്റിങ് പതിവാണ്. പക്ഷേ വെട്ടിമാറ്റപ്പെട്ട ഒരു മരം എന്തിനാണിങ്ങനെ മറ്റു മരങ്ങൾ ചേർന്നു സംരക്ഷിച്ചു നിർത്തിയിരിക്കുന്നതെന്നായിരുന്നു ഗവേഷകർ പരിശോധിച്ചത്. അങ്ങനെ ഒരു ഏകദേശ നിഗമനത്തിലെത്തി– ഒരുപക്ഷേ മരം മുറിച്ചുമാറ്റും മുൻപേ റൂട്ട് ഗ്രാഫ്റ്റിങ് നടന്നിട്ടുണ്ടാകാം. അതോടെ സ്വാഭാവികമായും ആ മേഖലയിലെ മൊത്തം വേരുപടലത്തിന്റെ ഭാഗമായും മരക്കുറ്റി മാറി. മരക്കുറ്റിയുടെ വേരു പോയാൽ അത് മൊത്തം വേരുപടലത്തെത്തന്നെ ബാധിക്കുന്ന അവസ്ഥ. വെറുതെയാണോ തങ്ങളിലൊരാളുടെ പച്ചപ്പ് നശിച്ചു പോയിട്ടും മറ്റു മരങ്ങളെല്ലാം ചേർന്ന് അതിനെ സംരക്ഷിച്ചത്!
വേരുകൾ പരസ്പരം കൂടിച്ചേരാൻ മറ്റൊരു കാരണവുമുണ്ട്. ചെരിഞ്ഞ പ്രതലത്തിലായിരുന്നു ഈ മരങ്ങളെല്ലാം നിന്നിരുന്നത്. അതിനാൽത്തന്നെ മണ്ണൊലിപ്പും വെള്ളത്തിന്റെ കുത്തൊഴുക്കും കാരണം കടപുഴകാതെ സ്വയം രക്ഷിക്കേണ്ടതുമുണ്ട് ഈ മരങ്ങൾക്ക്. വേരുകൾ ഭൂമിക്കടിയിൽ പരസ്പരം ‘കൈകോർത്തു പിടിച്ചാൽ’ പിന്നെ എത്ര വലിയ ഉരുൾപൊട്ടാൽ വന്നാലും പേടിയും വേണ്ട. വരൾച്ചക്കാലത്താകട്ടെ ചില വേരുകൾക്കു സമീപം മാത്രമായിരിക്കും വെള്ളത്തിന്റെ ഉറവിടം. ഇവ വെള്ളം വലിച്ചെടുത്ത് മറ്റുള്ള മരങ്ങളിലേക്ക് വേരുപടലത്തിലൂടെ എത്തിക്കുകയും ചെയ്യും. എന്നാൽ ഒരു അപകടം കൂടി ഈ ‘ഷെയറിങ്ങിൽ’ പതിയിരിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മരം അസുഖബാധിതമായാൽ അവ മറ്റു മരങ്ങളിലേക്കു പടരാൻ സാധ്യതകളേറെയാണ്. ഇതെല്ലാം മറികടന്നാണ് കാടിനു നടുവിലെ കൗറി മരക്കുറ്റി ‘തല’യില്ലെങ്കിലും ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നത്.