പരസ്പരം കൊന്നുതിന്നുന്ന നിഗൂഢ മത്സ്യങ്ങൾ; രണ്ടരക്കോടി വർഷം പഴക്കമുള്ള തടാകത്തിന്റെ അടിത്തട്ടിൽ!

Mail This Article
തെക്കുകിഴക്കൻ സൈബീരിയയിലാണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും ആഴമേറിതുമായി ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് രണ്ടര കോടി വർഷത്തെ പഴക്കമുണ്ട് ഈ തടാകത്തിന്. മനുഷ്യർ പോലും ഉരുത്തിരിഞ്ഞ് വന്നത് ഏതാണ്ട് രണ്ടര ലക്ഷം വർഷം മുൻപ് മാത്രമാണ് എന്ന് താരതമ്യപ്പെടുത്തുമ്പോഴാണ് ഈ തടാകത്തിന്റെ പഴക്കം എത്ര വലുതാണെന്ന് മനസ്സിലാക്കാൻ സാധിക്കുക. ഏതാണ്ട് 1700 മീറ്ററോളം ആഴമുള്ള ഈ തടാകമാണ് ഭൂമിയിയിലെ ദ്രാവക രൂപത്തിലുള്ള ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനവും ഉൾക്കൊള്ളുന്നത്.
ലേക് ബെയ്കൽ അഥവാ ബെയ്കൽ തടാകം എന്നാണ് ഈ ശുദ്ധജല തടാകം അറിയപ്പെടുന്നത്. ഈ തടാകത്തിന് മറ്റൊരു പേരുകൂടി ഗവേഷകർ വിളിപ്പേരായി നൽകിയിട്ടുണ്ട്. റഷ്യയിലെ ഗാലപ്പഗോസ് എന്നാണ് ഈ ശുദ്ധജല തടാകത്തിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. പസിഫിക്കിലെ ഗലപ്പഗോസ് ദ്വീപിനെ പോലെ ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഈ തടാകം ഒരു അദ്ഭുതമായി തോന്നിയതോടെയാണ് ബെയ്കലിന് ഈ പേര് കൂടി ലഭിച്ചത്. ഒട്ടേറെ വ്യത്യസ്ത മത്സ്യവർഗങ്ങളെക്കൊണ്ട് സമ്പന്നമാണ് ഈ തടാകം. മത്സ്യങ്ങൾ മാത്രമല്ല മറ്റ് ജലജീവികളും സസ്യങ്ങളുമെല്ലാം ഈ താടകത്തിലുണ്ട്.
ഗോളോമിൻകാസുകൾ എന്ന ഓയിൽ മത്സ്യങ്ങൾ
ഈ താടകത്തിൽ കണ്ട് വരുന്ന ജന്തു-സസ്യജാലങ്ങളിൽ എൺപത് ശതമാനവും ഇവിടുത്തെ തനതായ സമ്പത്താണ്. മറ്റൊരിടത്തും ഈ ജീവികളെയോ സസ്യങ്ങളെയോ കാണാൻ സാധിക്കില്ല. ഇങ്ങനെയുള്ള ഈ തടാകത്തിലെ തനതായ മത്സ്യവിഭാഗങ്ങളിൽ ഒന്നാണ് ബെയ്കൽ ഓയിൽ ഫിഷുകൾ. ഗോളോമിയാൻകസ് എന്ന പേരിലും ഈ ഓയിൽ മത്സ്യങ്ങൾ അറിയപ്പെടാറുണ്ട്. ചെതുമ്പലുകളില്ലാത്ത ഭാഗികമായി പ്രകാശത്തെ കടത്ത് വിടുന്ന രീതിയിൽ പാതി സുതാര്യമായ ശരീരത്തോട് കൂടിയവയാണ് ഗോളോമിയാൻകസുകൾ. ഗോളോമിയാൻകസുകൾക്ക് ഏതാണ്ട് ഇരുപത്തിയൊന്ന് സെന്റീമീറ്റർ വരെയാണ് നീളമുണ്ടാകുക. കോംഫറസ് ജെനുസ് എന്ന് ശാസ്ത്രീയനാമമുള്ള ഗോളോമിയാൻകസുകളിൽ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. കോംഫറസ് ബെയ്കാലെൻസിസ്, കോംഫറസ് ഡൈബൗവ്സ്കി എന്നിവയാണ് ഈ രണ്ട് ജനുസ്സുകൾ. ഈ തടാകത്തിൽ അടിത്തട്ടിനോട് ചേർന്നാണ് ഈ മത്സ്യങ്ങള്‍ കാണപ്പെടുന്നത്. അതിനാൽ തന്നെ ലോകത്തെ ഏറ്റവും ആഴത്തിൽ കാണപ്പെടുന്ന ശുദ്ധജലമത്സ്യമെന്ന വിശേഷണവും ഗോളോമിയാൻകസുകൾക്കുള്ളതാണ്.
കാനിബാളുകളായ മത്സ്യങ്ങൾ
ഓയിൽ മത്സ്യങ്ങളുടെ ശാരീരിക, ജീവിതരീതി പ്രത്യേകതകളിൽ ഏറ്റവും വേറിട്ട് നിൽക്കുന്നതും കുറച്ചെങ്കിലും അദ്ഭുതപ്പെടുത്തുന്നതുമായ സ്വഭാവം കാനിബാളിസാണ്. സ്വന്തം വർഗത്തിൽ പെട്ട ജീവികളെ തന്നെ കൊന്ന് തിന്നുന്നതിനെയാണ് കാനിബാളിസം എന്നു വിളിക്കുന്നത്. ഓയിൽ ഫിഷുകൾക്കിടയിൽ ഈ രീതി സജീവമാണ്. പ്രത്യേകിച്ചും സ്വന്തം വർഗത്തിൽ നിന്നുള്ള ചെറുമീനുകളെയും ലാർവകളെയും വരെ ഈ മത്സ്യങ്ങൾ ഭക്ഷണമാക്കാറുണ്ട്. സ്വന്തക്കാരെ കൂടാതെ പ്ലാങ്ക്തണുകൾ, ചില ഉഭയജീവികൾ, മറ്റ് മത്സ്യങ്ങൾ തുടങ്ങിയവയും ഓയിൽ മത്സ്യങ്ങളുടെ ഭക്ഷണത്തിന്റെ പട്ടികയിലുണ്ട്. അതേസമയം ഈ മത്സ്യങ്ങളെ കണ്ടെത്തുകയെന്നതും അവയുടെ ചിത്രം പകർത്തുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അത്യപൂർവമായി മാത്രമാണ് ഇവയുടെ ചിത്രങ്ങളും ലഭിച്ചിട്ടുള്ളത്. സൈബീരിയൻ മേഖലയായതുകൊണ്ട് തന്നെ ഈ തടാകത്തിലെ ഉപരിതല താപനില വലിയ വ്യത്യാസങ്ങൾക്ക് വിധേയമാകാറുണ്ട്. വേനൽക്കാലത്ത് പതിനാറ് ഡിഗ്രി സെൽഷ്യസ് വരെയാണ് തടാകത്തിലെ ഉപരിതല താപനില ഉണ്ടാകുക. എന്നാൽ ശൈത്യകാലത്ത് രണ്ട് മീറ്റർ വരെ കനത്തിൽ താടകത്തെ മഞ്ഞുപാളി മൂടുകയും ചെയ്യാറുണ്ട്. എന്നാൽ തടാകത്തിന്റെ അടിത്തട്ടിൽ എല്ലാ സമയത്തും ജലം ദ്രാവക രൂപത്തിൽ തന്നെയാകും ഉണ്ടാകുക.
English Summary: The World’s Oldest And Deepest Lake Is Home To Cannibalistic Fish