ADVERTISEMENT

ശരീരത്തിൽ മഴവിൽവർണങ്ങളുള്ള സീ സ്ലഗിനെ (ഒരിനം കടലൊച്ച്) ബ്രിട്ടനിലെ ഫാൾമൗത്തിനു സമീപം തീരത്തുള്ള ഒരു പാറക്കുളത്തിൽ കണ്ടെത്തി. ബീച്ചിലെത്തിയ വിക്കി ബാർലൗ എന്ന ബ്രിട്ടിഷ് വനിതയാണ് ഈ ഒച്ചിനെ കണ്ടെത്തിയത്. സ്‌പൈഡർ  ക്രാബ് എന്നറിയപ്പെടുന്ന വലിയ ഞണ്ടുകളെ തിരഞ്ഞാണ് ഗ്രാഫിക് ഡിസൈനറായ വിക്കി ബീച്ചിലെത്തിയത്. ബാബാകിന അനാദോനി എന്നറിയപ്പെടുന്ന ഈ ജീവിയെ കാണുന്നത് അപൂർവമായ കാര്യമാണ്. മുൻപ് കണ്ടിട്ടുള്ളതൊക്കെ കടൽജലത്തിലുമായിരുന്നു. ഇതാദ്യമായാണ് വളരെ സവിശേഷതയുള്ള ഇത്തരമൊരു ജീവിയെ പാറക്കുളത്തിൽ കാണുന്നത്.

 

സ്‌പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഉഷ്ണസമുദ്രജലത്തിലാണ് പൊതുവെ ഇവ കാണപ്പെടാറുള്ളത്. ശീതജലത്തിൽ ഇവയെ കാണുന്നത് അപൂർവമാണ്. 2022ൽ സില്ലി ദ്വീപുകളിലാണ് ബ്രിട്ടനിൽ ഇവ ആദ്യം കണ്ടെത്തപ്പെട്ടത്.ശീതജലമേഖലകളിൽ കാണപ്പെടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടൽജലത്തിന്‌റെ താപനില ഉയരുന്നതിന്‌റെ സൂചനയാണെന്ന് ഗവേഷകർ പറയുന്നു. കടലൊച്ചുകളിലെ ന്യൂഡിബ്രാഞ്ച് എന്ന വിഭാഗത്തിൽപെടുന്നവയാണ് ഇപ്പോൾ കണ്ടെത്തിയ ജീവി.ന്യൂഡിബ്രാഞ്ച് വിഭാഗത്തിലുള്ള ജീവികൾ സമുദ്രത്തിലെ ആഴംകുറഞ്ഞ ഭാഗങ്ങളിലാണു പൊതുവെ കാണപ്പെടുന്നത്. 

 

സീ അനിമോൺസ് എന്ന ചെറുജീവികളെയാണ് ഇവ ഭക്ഷിക്കുന്നത്. വളരെ ചെറിയതും എന്നാൽ മൂർച്ചയേറിയതുമായ പല്ലുകൾ ഇവയ്ക്കുണ്ട്.മികവുറ്റ വർണങ്ങളിലാണ് ന്യൂഡിബ്രാഞ്ച് ജീവികൾ കാണപ്പെടുന്നത്. ഇവയ്ക്ക് വിഷാംശമുണ്ടെന്ന പ്രകൃതിയുടെ താക്കീത് കൂടിയാണ് ഈ നിറഭേദം. ഇവയെ ആഹാരമാക്കാൻ സാധിക്കുകയില്ല. ചിലയിനം ന്യൂഡിബ്രാഞ്ചുകൾ മനുഷ്യർക്ക് വളരെ ഹാനികരമാണ്. ഇതിന് നല്ലൊരു ഉദാഹരണമാണ് ബ്ലൂ ഡ്രാഗൺ സീ സ്ലഗ്. ഈ ജീവിയുടെ കുത്തുകൊള്ളുന്നതോ അല്ലെങ്കിൽ ഇവയെ ഭക്ഷിക്കുന്നതോ മനുഷ്യരുടെ ആരോഗ്യം പരുങ്ങലിലാക്കും.

 

English Summary: Rare Rainbow Sea Slug Found In UK Rock Pool Due To Warming Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com