ADVERTISEMENT

ഇറ്റലിയിലെ ഭരണകൂടത്തിന് തീരാ തലവേദനയായിരിക്കുകയാണ് ഒരുകൂട്ടം ഞണ്ടുകൾ. ആക്രമണകാരികളായ ബ്ലൂ ക്രാബ് ഇനത്തിൽപ്പെട്ട ഞണ്ടുകളെ തുരത്താൻ കോടികൾ മാറ്റിവയ്ക്കേണ്ട അവസ്ഥ. ഇറ്റലിയിലെ സമുദ്ര ആവാസ വ്യവസ്ഥയെ അപ്പാടെ തകർക്കും എന്ന നില വന്നതോടെയാണ് അവയെ ഇല്ലായ്മ ചെയ്യാനായി അടിയന്തരമായി ബജറ്റിൽ നിന്നും 26 കോടി രൂപ (2.9 മില്യൻ യൂറോ) ഇറ്റാലിയൻ ഭരണകൂടം നീക്കിവച്ചത്. കക്കകളുടെ ഉദ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയുടെ ഉത്പാദനമേഖലയെ തന്നെ നാശമാക്കാൻ തക്ക ശക്തരാണ് ഈ ഞണ്ടുകൾ.

ഇറ്റലിയിലെ തടാകങ്ങളിലും ജലാശയങ്ങളിലുമെല്ലാം ഇവ വൻതോതിൽ പെരുകിയിരിക്കുന്ന സാഹചര്യമാണ്. പ്രാദേശിക ഷെൽഫിഷുകൾ അടക്കമുള്ള ജലജീവികളെയാണ് ഇവ ഭക്ഷണമാക്കുന്നത്. ഇവയുടെ സാന്നിധ്യം മൂലം രാജ്യത്തെ അക്വാ ഫാമുകൾ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. പടിഞ്ഞാറൻ അറ്റ്ലാന്റിക്കിൽ നിന്നെത്തിയ ബ്ലൂ ക്രാബുകളുടെ എണ്ണം ഇത്ര വേഗത്തിൽ വർധിക്കാനുള്ള കാരണം എന്തെന്നത് ഇനിയും വ്യക്തമായിട്ടില്ല. കാലാവസ്ഥ വ്യതിയാനമാകാം ഇതിനു പിന്നിലെന്ന നിഗമനത്തിലാണ് നിരീക്ഷകർ.

വടക്കൻ ഇറ്റലിയിലെ പൊ നദിയുടെ സമീപപ്രദേശങ്ങളിലാണ് ഇവയുടെ വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി ഫ്രാൻസെസ്കോ ഈ മേഖലയിൽ സന്ദർശനവും നടത്തി. സ്ഥിതിഗതികൾ രൂക്ഷമാണെന്ന് മനസ്സിലായതോടെയാണ് അടിയന്തര ഫണ്ട് അനുവദിക്കാൻ തീരുമാനമായത്. അനുവദിച്ചിരിക്കുന്ന തുക മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കും അക്വാ ഫാമുകൾ നടത്തുന്ന കർഷകർക്കും കൈമാറും. സമുദ്രജീവി ശാസ്ത്രജ്ഞരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പൊ നദീതട മേഖലയിലെ 90 ശതമാനം കക്കകളും ഇതിനോടകം ഞണ്ടുകളുടെ ആഹാരമായി കഴിഞ്ഞു. ഇതുമൂലം കക്ക ഉദ്പാദന മേഖല വരുംകാലങ്ങളിൽ വൻ പ്രതിസന്ധി തന്നെ നേരിടും.

12 ടൺ ഭാരം വരുന്ന ഞണ്ടുകളെയാണ് പല മേഖലകളിൽ നിന്നും പ്രതിദിനം നീക്കം ചെയ്യുന്നത്. എന്നാൽ നിലവിലെ ഇവയുടെ വ്യാപനത്തിന്റെ തോതുമായി തുലനം ചെയ്യുമ്പോൾ നീക്കം ചെയ്തവയുടെ എണ്ണം നന്നേ കുറവാണെന്നും സഹകരണ സംഘങ്ങളുടെ വക്താക്കൾ പറയുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനായില്ലെങ്കിൽ അത് ഇറ്റലിയുടെ പാരിസ്ഥിതിക മേഖലയെയും സാമ്പത്തിക മേഖലയെയും ഒരുപോലെ സാരമായി ബാധിക്കും. 

ചരക്ക് കപ്പലുകളിൽ കടന്നുകൂടിയാവാം ബ്ലൂ ക്രാബുകൾ ഇറ്റലിയിൽ എത്തിയത് എന്നാണ് നിഗമനം. ജന്മദേശത്തേക്കാൾ കൂടുതൽ ഭക്ഷണത്തിനുള്ള വഴി തെളിഞ്ഞതോടെ ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കുകയായിരുന്നു. താരതമ്യേന ചൂടുകൂടിയ സാഹചര്യവും അനുകൂലമായി. നീല, ഒലിവ് ഗ്രീൻ എന്നീ നിറങ്ങളിലുള്ള പുറം തോടുകളാണ് ഇവയ്ക്കുള്ളത്. നാലുവർഷത്തിനടുത്താണ് ആയുർദൈർഘ്യം. എത്ര ശ്രമിച്ചാലും പൂർണമായി ഇവയെ നീക്കം ചെയ്യാവുന്ന സാഹചര്യമല്ല നിലവിൽ ഇറ്റലിയിലുള്ളത്. പിടികൂടുന്ന ഞണ്ടുകൾക്ക് വിൽപ്പന സാധ്യതയും കുറവാണ്. അതിനാൽ ജലാശയങ്ങളിൽ നിന്നും നീക്കം ചെയ്യുന്നവയെ കൂട്ടമായി മറവ് ചെയ്യുകയാണ്.

Content Highlights: Crab | Italy | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com