ദംഷ്ട്രകൾ പറിച്ച നിലയിലുള്ള കുരങ്ങു മമ്മികൾ! ഈജിപ്തിലെ ബബൂണുകളുടെ രഹസ്യം പുറത്ത്
Mail This Article
ഈജിപ്ത് എന്ന രാജ്യത്തെപ്പറ്റി കേൾക്കുമ്പോൾ തന്നെ പിരമിഡുകളും മമ്മികളുമൊക്കെ ഓർമയിൽ വരും. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ മമ്മികളും ഈജിപ്തിൽ കണ്ടെത്തിയിരുന്നു. നൈൽനദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ലൂക്‌സോർ എന്ന പൗരാണിക കേന്ദ്രത്തിൽ 1905ലാണ് ബബൂണുകളുടെ മമ്മികൾ കണ്ടെത്തിയത്. ഹമാഡ്ര്യാസ് വിഭാഗത്തിലുൾപ്പെടെയുള്ള ബബൂണുകളുടെ മമ്മികൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇവിടങ്ങളിലെ കല്ലറകളുടെ ഭിത്തികളിൽ ബബൂണുകളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഈജിപ്ത് ബബൂൺ കുരങ്ങുകളുടെ ആവാസ വ്യവസ്ഥയല്ല. അവിടെയെങ്ങനെ ബബൂണുകൾ വരുമെന്ന കാര്യം ശാസ്ത്രജ്ഞരെ കാലങ്ങളോളം കുഴക്കി. ഇവയെ മറ്റു സ്ഥലങ്ങളിൽ നിന്ന് മതപരമായ കാര്യങ്ങൾക്കായി പ്രാചീന ഈജിപ്തിലെത്തിക്കുകയായിരുന്നു.
കണ്ടെത്തിയ ബബൂണുകളിൽ പലതിനും അവരുടെ സവിശേഷതയായ ദംഷ്ട്രകൾ ഇല്ലായിരുന്നു. ദൈവങ്ങൾക്ക് നേർച്ചയെന്ന നിലയിലായിരുന്നു ഇവയെ സമർപ്പിച്ചത്. കണ്ടെത്തിയ മമ്മികളിൽ ഒന്നിന്‌റെ പഴക്കം നിശ്ചയിച്ചപ്പോൾ അത് 500 മുതൽ 800 ബിസി വരെയുള്ള കാലയളവിൽ മമ്മിയാക്കപ്പെട്ടതാണെന്ന് തെളിഞ്ഞു. 2020ൽ മറ്റൊരു പഠനം നടന്നിരുന്നു. ലൂക്‌സോറിനും മുൻപ് തീബ്‌സിൽ കണ്ടെത്തിയ ബബൂണുകളെക്കുറിച്ചായിരുന്നു പഠനം. ഇന്നത്തെകാലത്തെ ഇത്യോപ്യ, എറിട്രിയ, ജിബൂട്ടി, സൊമാലിയ തുടങ്ങിയ രാജ്യങ്ങളടങ്ങുന്ന ഹോൺ ഓഫ് ആഫ്രിക്ക മേഖലയിൽ നിന്നാണ് ഇവ വന്നതെന്ന് ശാസ്ത്രജ്ഞർ വാദം മുന്നോട്ടു വച്ചിരുന്നു.
ലൂക്‌സോറിലെ ബബൂൺ മമ്മികളിൽ നടത്തിയ ജനിതകപഠനത്തിൽ അവ എറിട്രിയയിൽ നിന്നാണെന്നതിനു ശക്തമായ സാധ്യത തെളിഞ്ഞു. ആദിമകാലത്തെ പ്രശസ്ത തുറമുഖമായ അഡുലിസ് സ്ഥിതി ചെയ്തത് എറിട്രിയയിലാണ്. അഡുലിസ് ഒരു വലിയ വ്യാപാരകേന്ദ്രമായിരുന്നു. ആദിമ ഈജിപ്തുമായി വ്യാപാരബന്ധം നടത്തിയെന്നു ചരിത്രത്തിലുള്ളതും എന്നാൽ ഇതുവരെ കണ്ടെത്താത്തതുമായ പുണ്ട് എന്ന സ്ഥലവും അഡുലിസ് തന്നെയാണെന്ന് പുതിയ ഗവേഷണം സാധ്യത മുന്നോട്ടു വയ്ക്കുന്നു.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കുരങ്ങുകളിലൊന്നായ ബബൂണുകളിൽ 6 സ്പീഷീസുകളുണ്ട്. 20 ലക്ഷമായി ഇവ ഭൂമിയിലുണ്ട്. ആഫ്രിക്കയിലും അറേബ്യൻ ഉപദ്വീപിലുമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. സംഘങ്ങളായാണ് ഇവ താമസിക്കുന്നത്.