കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്! ആഫ്രിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് പറന്ന് ശലഭങ്ങൾ
Mail This Article
പൂമ്പാറ്റകളെ നാം ഇടയ്ക്കിടെ കാണാറുണ്ട്. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തെന്നിത്തെന്നിപ്പറക്കുന്ന ശലഭങ്ങൾ. ഇവ അധികദൂരം പറക്കുമെന്നൊരു ധാരണ നമുക്കില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ. പൂമ്പാറ്റകൾ വളരെ ദൂരം പോകുമെന്ന് ഒരു ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു. വനേസ കാർഡുയി എന്ന ശാസ്ത്രനാമമുള്ള പെയിന്‌റഡ് ലേഡി ബട്ടർഫ്‌ളൈ എന്നയിനം പൂമ്പാറ്റയാണ് ഈ അതിദൂര പറക്കൽക്കാർ. അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്ററോളം ദൂരമാണ് ഈ ചിത്രശലഭങ്ങൾ തുടർച്ചയായി പറന്നിരിക്കുന്നത്.
2013 ഒക്ടോബറിൽ തെക്കേ അമേരിക്കൻ രാജ്യമായ ഫ്രഞ്ച് ഗയാനയിലെ ബീച്ചിൽ ഇത്തരം ശലഭങ്ങളെ ഗവേഷകർ കണ്ടെത്തി. ബീച്ചിൽ വിശ്രമിക്കുന്ന നിലയിലായിരുന്നു ഇവ. നീണ്ടനേരം തുടർച്ചയായി പറന്നതുകാരണം ഇവയുടെ ചിറകിൽ തകരാറുകളുമുണ്ടായിരുന്നു. എന്നാൽ ശാസ്ത്രജ്ഞരെ അതിശയപ്പെടുത്തിയ കാര്യം ഇതല്ല. പെയിന്റഡ് ലേഡി ശലഭങ്ങൾ തെക്കേ അമേരിക്കയിൽ അങ്ങനെ കാണപ്പെടുന്നവയല്ല. പിന്നെ ഇവ എങ്ങനെ വന്നു?
പക്ഷികളിൽ ഉപയോഗിക്കുന്ന ട്രാക്കറുകൾ പൂമ്പാറ്റകളിൽ ഉപയോഗിക്കുക സാധ്യമായ കാര്യമല്ല. ഇവയുടെ പറക്കൽ റൂട്ട് കണ്ടെത്തുകയും വേണം. ഇതിനായി ജനിതകപഠനങ്ങൾ നടത്തി. വടക്കേ അമേരിക്കൻ വൻകരയിൽ നിന്ന് വന്നതായിരിക്കും ഇവയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ജനിതകപഠനത്തിൽ ഇതല്ല സംഭവമെന്നു തെളിഞ്ഞു. ഇവ വന്നത് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നാണത്രേ. 4200 കിലോമീറ്ററുകൾ അറ്റ്‌ലാന്‌റിക് സമുദ്രം താണ്ടിപ്പറന്ന്. ചിലപ്പോഴിവ യൂറോപ്പിൽ നിന്ന് പുറപ്പെട്ടതായിരിക്കാമെന്നും ഗവേഷകർ സംശയിക്കുന്നു. അങ്ങനെയെങ്കിൽ മൊത്തം 7000 കിലോമീറ്ററോളം ഇവ പറന്നു കാണും.
എന്നാൽ എങ്ങനെ ഇത്രയും ചെറിയ ശലഭങ്ങൾ ഇത്രദൂരം താണ്ടി. അതിനും ശാസ്ത്രജ്ഞർ ഒരു സാധ്യത മുന്നോട്ടുവയ്ക്കുന്നു. അറ്റ്‌ലാന്‌റിക് സമുദ്രത്തിൽ വലിയ രീതിയിൽ വീശുന്ന കാറ്റിലേറിയാകാം ഇവ വന്നത്. കാറ്റിന്റെ വേഗം ഇത്രദൂരം താണ്ടാൻ ഇവയ്ക്ക് സഹായകമായി.