കർണാടകയിൽ 1600 ടൺ ലിഥിയം! ഭാവി മാറ്റിമറിക്കുന്ന വെള്ളപ്പൊന്ന്
Mail This Article
കർണാടകയിൽ 1600 ടൺ അളവിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം അറിയിച്ചു. അറ്റോമിക് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ചാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മാർലഗല്ല മേഖലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് വൈദ്യുതോര്‍ജം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള യാത്രയിലാണ് ലോകം.വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്സ് വിപണിയിലും ഇതിന്റെ പല ആവശ്യങ്ങളുണ്ട്.
ലിഥിയത്തിന്റെ ഡിമാന്‍ഡ് ലോകമെങ്ങും ഉയര്‍ന്നു നില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലെയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലെയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ഈ നിക്ഷേപം. ലോകത്ത് ലിഥിയത്തിന്റെ ക്ഷാമം 2025 ഓടെ ഉടലെടുത്തേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ഉത്പാദിപ്പിക്കപ്പെട്ട ലിഥിയം ബാറ്ററിയാക്കുന്ന സാങ്കേതികവിദ്യയില്‍ ചൈനയാണ് മുന്നില്‍. ഈ മേഖലയില്‍ വലിയ അധീശത്വം ചൈന പുലര്‍ത്തുന്നു. ഇന്ത്യയുയിൽ ജമ്മു കശ്മീരിൽ വന്‍ അളവില്‍ ലിഥിയം നിക്ഷേപം കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.റിയാസിയിലെ സലാല്‍-ഹൈമാമ മേഖലയിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്.59 ലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെ സ്ഥിതി ചെയ്യുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇതുവരെ നിര്‍വഹിക്കപ്പെട്ടിരുന്നത് ഇറക്കുമതി വഴിയാണ്. ഓസ്ട്രേലിയയും അര്‍ജന്റീനയുമാണ് ഇങ്ങോട്ടേക്കു ലിഥിയം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഭാവിയിൽ ഛത്തീസ്ഗഢിലെ കോർബയിലും രാജസ്ഥാൻ, ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലും ലിഥിയത്തിനായി പര്യവേഷണങ്ങൾ നടത്താൻ പദ്ധതിയുണ്ട്.