ലോകത്തിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി; ‘മോബി ഡിക്കി’ലൂടെ പേരുകേട്ട സ്പേം തിമിംഗലം
Mail This Article
ലോകത്ത് പല ജീവികളും വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്നവയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ആരാണ് ഏറ്റവും ഉയർന്ന തോതിൽ ശബ്ദമുണ്ടാക്കുന്നത്. ഉത്തരം നീലത്തിമിംഗലമാണെന്നു ഒരു പക്ഷേ തോന്നാമെങ്കിലും ഭൂമിയിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത് മറ്റൊരുകൂട്ടം തിമിംഗലങ്ങളാണ്– സ്പേം തിമിംഗലങ്ങൾ. ജലം വായുവിനേക്കാൾ സാന്ദ്രത കൂടിയതാണ്. അതിനാൽ തന്നെ ശബ്ദം ജലത്തിൽ വേഗത്തിൽ യാത്ര ചെയ്യും.
ജലത്തിൽ സ്പേം തിമിംഗലങ്ങൾ 236 ഡെസിബെൽ ശബ്ദമുണ്ടാക്കും. ഇത് വായുവിൽ 174.5 ഡെസിബെലിനു തത്തുല്യമാണ്. ഒരു സ്പേം തിമിംഗലം വായുവിൽ പറക്കുകയാണെങ്കിൽ ഒരു ജെറ്റ് എൻജിൻ ഉണ്ടാക്കുന്നതിനെക്കാൾ ശബ്ദം ഇതുണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു. നീലത്തിമിംഗലങ്ങൾ 188 ഡെസിബെൽ ശബ്ദമാണ് കടലിനടിയിൽ ഉണ്ടാക്കുന്നത്.
ഹെർമൻ മെവില്ലെ രചിച്ച ‘മോബി ഡിക്’ എന്ന ക്ലാസിക് നോവൽ വായിച്ചവരാരും ‘മോബി ഡിക്’ എന്ന തിമിംഗലത്തെയും മറക്കില്ല. തിമിംഗല വേട്ടയുടെ കഥ പറയുന്ന ഈ നോവലിലെ പ്രധാന കഥാപാത്രമാണു മോബി ഡിക്. സ്പേം തിമിംഗല വിഭാഗത്തിൽ പെടുന്ന വെള്ളത്തിമിംഗലം. ചാരനിറത്തിൽ അരണ്ട പുള്ളികളോടെയുള്ള ശരീരമുള്ള സ്പേം തിമിംഗലങ്ങൾ അപൂർവമായി മാത്രം വേട്ടയാടപ്പെടുന്നവയാണ്. ഈ വിഭാഗത്തിലെ തന്നെ അത്യപൂർവ ഇനമാണ് വെള്ള സ്പേം തിമിംഗലങ്ങൾ.
മോബി ഡിക് എഴുതിയ കാലഘട്ടത്തിൽ തിമിംഗല വേട്ട വ്യാപകമായിരുന്നു. തിമിംഗലത്തിന്റെ ബ്ലബർ എന്ന ഭാഗത്തു നിന്നുള്ള എണ്ണ അക്കാലത്ത് ദീപങ്ങളിലും മറ്റുമുപയോഗിക്കാനായി വൻ പൊതുജനാവശ്യമുണ്ടായിരുന്ന ഉത്പന്നമായിരുന്നു. ഇതിനായി സാഹസികർ വൻതോതിൽ തിമിംഗലങ്ങളെ വേട്ടയാടി. സ്പേം തിമിംഗലങ്ങളുടെ എണ്ണയ്ക്ക് നിലവാരം കൂടുതലായിരുന്നതിനാൽ ഇവയായിരുന്നു വേട്ടക്കാരുടെ പ്രധാന ലക്ഷ്യം.
പിൽക്കാലത്ത് തിമിംഗല എണ്ണയ്ക്ക് ഡിമാൻഡ് കുറഞ്ഞതോടെ വേട്ടയും കുറഞ്ഞു. എന്നാൽ ഇന്നും സമുദ്രമലിനീകരണവും കപ്പലപകടങ്ങളും നിമിത്തം ഒട്ടേറെ സ്പേം തിമിംഗലങ്ങൾ ലോകമെമ്പാടും കൊല്ലപ്പെടുന്നുണ്ട്. 1851 നവംബർ 14ന് പ്രസിദ്ധീകരിക്കപ്പെട്ട ‘മോബിഡിക്’ എന്ന നോവൽ അതെഴുതിയ ഹെർമൻ മെവില്ലെയുടെ മരണം വരെ തീരെ ശ്രദ്ധിക്കപ്പെടാതെ കിടന്നു. എന്നാൽ മെവില്ലെയുടെ മരണശേഷം ഇരുപതാം നൂറ്റാണ്ടിൽ ഈ നോവലിന് ആരാധകരേറെയുണ്ടാകുകയും ചൂടപ്പം പോലെ കോപ്പികൾ വിറ്റുപോകുകയും ചെയ്തു.