ADVERTISEMENT

ആമസോണും അവിടത്തെ ജൈവവൈവിധ്യവും അവർക്ക് പ്രകൃതിയുമായുള്ള ബന്ധവും കാട്ടുന്ന വമ്പൻ ഗുഹാചിത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കൊളംബിയയിലെ സെറോ അസുലിലാണ് ഇവയുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പല തരത്തിലുള്ള ഗുഹാചിത്രങ്ങൾ ഇവിടെയുണ്ട്. 3223 ചിത്രങ്ങൾ ഇതിലുണ്ടെന്നാണ് വിദഗ്ധരുടെ കണക്ക്. ഇതെക്കുറിച്ചുള്ള വിശദമായ പഠനം ഗവേഷകർ നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ഏകദേശം 12500 വർഷങ്ങളായി ഈ ചിത്രങ്ങൾ ഇവിടെയുണ്ടത്രേ. 10500 ബിസിയിലാണ് ഇവ വരച്ചത്. ഏകദേശം 22 സ്പീഷിസിലുള്ള ജീവികൾ ഇതിലുണ്ടെന്ന് ഗവേഷകർ പറയുന്നു. ഗവേഷകർ ഈ മേഖലയിൽ നിന്നു കിട്ടിയ ഫോസിൽ അസ്ഥികളുമായി ഇതു താരതമ്യം ചെയ്തു നോക്കിയിരുന്നു. ഇതിൽ നിന്നൊരു കാര്യം മനസ്സിലായി. ആമസോണിലുള്ള പ്രാചീന ജനത തങ്ങൾ ഭക്ഷിച്ചിരുന്ന മൃഗങ്ങളെ മാത്രമല്ല വരച്ചത്.

ആമസോണിന്റെ ജൈവവൈവിധ്യം മാത്രമല്ല, ചരിത്രവും അതിസമ്പന്നമാണ്. ഷെർലക് ഹോംസ് കഥകളുടെ സ്രഷ്ടാവായ സർ ആർതർ കോനൻ ഡോയ്‌ലിന്റെ മറ്റൊരു ഗംഭീരകൃതിയാണ് ലോസ്റ്റ് വേൾഡ്. ഈ കഥയ്ക്ക് ആധാരമായത് തെക്കൻ അമേരിക്കയിലെ ആമസോൺ കാടുകളിൽ ഉണ്ടെന്നു പറയപ്പെടുന്ന ഒരു നഗരത്തെപ്പറ്റിയുള്ള കേട്ടുകേൾവികളാണ്. പൈറ്റിറ്റി എന്ന ഈ നഗരം വെറുമൊരു നഗരമല്ല. അളവറ്റ സമ്പത്തും അമൂല്യവസ്തുക്കളുമുള്ള ഒരു സുവർണനഗരമാണ്.

പെറുവിൽ അധികാരസ്ഥാനമുറപ്പിച്ചിരുന്ന ഇൻകാ വംശജരുടേതാണ് ഈ നഗരമെന്നാണ് കെട്ടുകഥ. ഇന്നത്തെ കാലത്തെ പെറു, ചിലെ, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സാമ്രാജ്യമായിരുന്നു ആൻഡീസ് മലനിരകൾ ആസ്ഥാനമാക്കിയുള്ള ഇൻകാ വംശം.പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ എഡി 1533 വരെ ഈ സംസ്കാരം നിലനിന്നു. പൗരാണിക നഗരമായ കസ്കോയാണ് ഇൻകകളുടെ തലസ്ഥാനം.

തെക്കേ അമേരിക്കയിൽ കപ്പലുകളടുത്ത് അവിടെ സ്പാനിഷ് സംഘങ്ങളെത്തിയതോടെ ഇൻകകൾ ശക്തി ക്ഷയിച്ചുതുടങ്ങി. അവർ മറ്റു സ്ഥലങ്ങളിലേക്കു പോയി. ആമസോണിനുള്ളിൽ അവർ പോയ അവസാന നഗരമായിരുന്നു പൈറ്റിറ്റിയെന്നാണ് പലരുടെയും വിശ്വാസം. സ്വർണവും വെള്ളിയും രത്നങ്ങളും മറ്റ് അമൂല്യവസ്തുക്കളും നിറയെയുള്ള ഈ നഗരം ആമസോൺ കാട്ടിൽ എവിടെയോ സ്ഥിതി ചെയ്യുന്നെന്ന് ചിലർ കരുതുന്നു. ഇതിനായുള്ള തിരച്ചിലും ശക്തമാണ്. 

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഒട്ടേറെ സാഹസികർ പൈറ്റിറ്റി തേടിയിറങ്ങിയിട്ടുണ്ട്. എന്നാൽ കിട്ടിയിട്ടില്ല. ഒട്ടേറെ മൺമറഞ്ഞ നഗരങ്ങളും ആദിമ പാർപ്പിട സങ്കേതങ്ങളുമൊക്കെ ആമസോണിൽ കണ്ടെത്തിയിട്ടുണ്ട്. ആമസോൺ മേഖലയി‍ൽ പെടുന്ന ബൊളീവിയൻ കാടുകൾക്കുള്ളിൽ കുറച്ചുവർഷം മുൻപ് ഒരു വൻനഗരം കണ്ടെത്തിയിരുന്നു. ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരത്തിന്റെ ശേഷിപ്പുകൾ ഹെലിക്കോപ്റ്ററിൽ ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണു തെളിഞ്ഞത്. നൂറ്റാണ്ടുകളായി കാടും പടലും വളർന്നു വനമേഖലയായി മാറിയിട്ടുണ്ട് ഈ നഗരം.

ബൊളീവിയയിലെ ലാനോസ് ഡി മോജോസ് മേഖലയിലാണ് ഈ ആദിമനഗരം വെട്ടപ്പെട്ടത്.

English Summary:

2,500-Year-Old Cave Paintings Reveal Surprising Secrets of the Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com