ADVERTISEMENT

പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടലുകൾ മുലമുണ്ടാകുന്ന മാറ്റങ്ങൾ വരുത്തിവയ്ക്കുന്ന വിപത്തുകൾ നാം അനുദിനം അനുഭവിച്ചറിയുന്നുണ്ട്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവയ്ക്കപ്പുറം ഇനിയും തിരിച്ചറിയപ്പെടാത്ത പല പ്രത്യാഘാതങ്ങൾക്കും ഭൂമി സാക്ഷ്യം വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് മുൻകാലങ്ങളക്കോൾ അധികമായി ഇടിമിന്നലുകൾ ഉണ്ടാകുന്നുണ്ടെന്ന് ഗവേഷണങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും വായു മലിനീകരണത്തിന്റെ അനന്തരഫലമാണെന്നും ഉള്ളതാണ് വസ്തുത.

വിർജിനിയിലെ ജെയിംസ് മാഡിസൺ സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 വർഷങ്ങളിൽ വാഷിംഗ്ടൺ ഡിസി, കാൻസാസ് സിറ്റി എന്നിവിടങ്ങളിൽ ഉണ്ടായ 500,000 ഇടിമിന്നലുകളിൽ നിന്നുള്ള ഡാറ്റ സംഘം വിശകലനം ചെയ്താണ് ഈ കണ്ടെത്തലിൽ എത്തിച്ചേർത്തിരിക്കുന്നത്.  വായുവിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ കണങ്ങൾ അഥവാ എയറോസോളുകളുടെ എണ്ണം വർധിക്കുന്നത് ഇടിമിന്നലുകളുടെ എണ്ണത്തിലെ വർദ്ധനവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.

മലിനീകരണം മേഘങ്ങളുടെ ന്യൂക്ലിയസായി പ്രവർത്തിക്കുന്നുണ്ടെന്ന് ഭൗമശാസ്ത്രജ്ഞനായ മേസ് ബെന്റ്‌ലി പറയുന്നു. പരിസ്ഥിതിയിലെ PM2.5 (2.5 മൈക്രോമീറ്റർ വരെയുള്ള കണികകൾ), PM10 (10 മൈക്രോമീറ്റർ വരെ) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണ സംഘത്തിന്റെ പഠനം. ഇവയും ഇടിമിന്നലുകളുടെ പ്രവർത്തനവുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഈ കണങ്ങളുടെ സാന്ദ്രത മിന്നലുകൾ ഉണ്ടാകുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്. 

നഗരപ്രദേശങ്ങളിലെ മലിനീകരണം മൂലം ഇടിമിന്നലുകൾ വർദ്ധിക്കുന്നത് ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്നും മേസ് ബെൻ്റ്ലി പറയുന്നു. ഇതിനുപുറമേ കൗതുകകരമായ ചില കണ്ടെത്തലുകളും ഗവേഷകർ നടത്തിയിരുന്നു. വാഷിംഗ്ടൺ ഡിസി, കാൻസാസ് സിറ്റി എന്നിവിടങ്ങളിൽ വ്യാഴാഴ്ചകളിലാണ് ഇടിമിന്നലുകൾ  അധികമായി ഉണ്ടാവുന്നത് എന്നതാണ് അതിലൊന്ന്. താപനില, ഈർപ്പം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അന്തരീക്ഷ ഊർജം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുന്ന സമയത്താണ് മലിനീകരണം മൂലം ഇടിമിന്നലുകൾ കൂടുതലായി ഉണ്ടാകുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.

ഇടിമിന്നലുകളും വായു മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പഠനം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഗവേഷണ സംഘം. എയറോസോളുകളുടെ സ്വാധീനം വിലയിരുത്തുന്നതിന് കൂടുതൽ അളവുകൾ ഉൾപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. നഗരമേഖലകളിലെയും കൂടുതൽ വിസ്തൃതമായ പ്രദേശങ്ങളിലെയും മലിനീകരണ നിരക്കും ഇടിമിന്നലുകളുടെ എണ്ണവും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും താരതമ്യം ചെയ്യും. അന്തരീക്ഷ മലിനീകരണ തോതിലുള്ള മാറ്റങ്ങൾ ആഗോളതലത്തിൽ കാലാവസ്ഥാ രീതികളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിൽ എത്താൻ  പഠന വിവരങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

English Summary:

Shocking Truth: Air Pollution Linked to Surge in Lightning Strikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com