ഭൂമിയിലെ ജീവിക്കുന്ന ഫോസിൽ! സീലക്കാന്തുകളുടെ ഉദ്ഭവം സംബന്ധിച്ച് പുതിയ പഠനം പുറത്ത്
Mail This Article
ഭൂമിയിലെ ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സീലക്കാന്ത് മത്സ്യങ്ങളെക്കുറിച്ച് പുതിയ പഠനം പുറത്ത്. ഈ മത്സ്യങ്ങൾ ഭൗമപ്ലേറ്റുകളുടെ പ്രവർത്തനം അനുസരിച്ചാണ് പരിണമിച്ചതെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ഭൗമപ്രവർത്തനങ്ങളുള്ളപ്പോൾ ഈ പരിണാമത്തിന്റെ തോത് കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.
2008ൽ ഒരു ഉഷ്ണമേഖലാ റീഫിൽ നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിൽ കണ്ടെത്തിയത്. ഇതിലൂടെ മത്സ്യത്തിന്റെ 3ഡി ചിത്രങ്ങൾ ശാസ്ത്രജ്ഞർ ഒരുക്കി. ഈ പ്രാചീനകാല സീലക്കാന്ത് മത്സ്യവും ഇന്നത്തെ മത്സ്യവും തമ്മിലുള്ള താരതമ്യത്തിലാണ് സീലക്കാന്തിന്റെ പരിണാമത്തിന്റെ തോത് ശാസ്ത്രജ്ഞർ മനസ്സിലാക്കിയത്. ഇന്നും സീലക്കാന്ത് പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
വംശനാശം വന്നെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്ന മീനാണ് സീലക്കാന്ത്. അപൂർവങ്ങളിൽ അപൂർവമായ ഈ മത്സ്യത്തെ പിന്നീട് കണ്ടെത്തി. 42 കോടി വർഷങ്ങൾക്കു മുൻപാണ് സീലക്കാന്ത് മത്സ്യങ്ങൾ കടലിൽ ഉത്ഭവിച്ചത്. കടൽജീവികളിൽ നിന്നു കരജീവികളുണ്ടാകുന്ന കാലഘട്ടത്തിൽ. നിലവിൽ ദക്ഷിണാഫ്രിക്ക, മഡഗാസ്‌കർ, ടാൻസാനിയ, കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള ദ്വീപായ കൊമോറോസ് എന്നിവയുടെ അടുത്തൊക്കെ കണ്ടെത്തിയിട്ടുണ്ട്. മഡഗാസ്‌കർ ഈ മീനുകളുടെ ഉദ്ഭവകേന്ദ്രം ആണെന്നും ശാസ്ത്രജ്ഞർ കരുതുന്നു.
ദിനോസറുകൾ ഭൂമിയിൽ ജനനമെടുക്കുന്നതിനു 18 വർഷം മുൻപാണ് ഇവയുടെ ജനനം. തുടർന്നു ഭൗമമേഖലയിലുണ്ടായ ഒട്ടേറെ സംഭവവികാസങ്ങളെ ഇത് അതിജീവിച്ചു. ഭൂമിയിൽ ഭൂഖണ്ഡങ്ങൾ അകന്നുമാറിയ പ്രക്രിയയ്ക്കും ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹ വിസ്‌ഫോടനത്തിനുമൊക്കെ ഇവ സാക്ഷ്യം വഹിച്ചു. ഫോസിലുകളിൽ കൂടിയാണ് ഈ മത്സ്യങ്ങളെപ്പറ്റി ആദ്യം ശാസ്ത്രലോകം മനസ്സിലാക്കിയത്. വംശനാശം സംഭവിച്ച ജീവികളാകാം ഇവയെന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞരുടെ ധാരണ. എന്നാൽ 1938ൽ ദക്ഷിണാഫ്രിക്കൻ തീരത്തു നിന്ന് ഇവയിൽ ഒരു മത്സ്യത്തെ കണ്ടെത്തി.
പിന്നീടങ്ങോട്ട് മഡഗാസ്‌കർ ദ്വീപിനു സമീപമുള്ള മേഖലയിൽ ഈ മത്സ്യങ്ങൾ ഇടയ്ക്കിടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്നതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു. സ്രാവുകളെ പിടിക്കാനായി മത്സ്യത്തൊഴിലാളികൾ സ്ഥാപിക്കുന്ന ജാരിഫ എന്നറിയപ്പെടുന്ന വലയിലാണ് ഇവ കുടുങ്ങുന്നത്. ആഴക്കടലിൽ താമസിക്കുന്നതിനാൽ വൈദ്യുത തരംഗങ്ങൾ പുറപ്പെടുവിച്ച് അവ തിരിച്ചുകിട്ടുമ്പോൾ വിലയിരുത്തിയാണു ഇവ പ്രധാനമായും തടസങ്ങളെയും ഇരകളെയുമൊക്കെ കണ്ടെത്തുന്നത്. എന്നാൽ ജാരിഫ വലകൾ ഇവ തിരിച്ചറിയാതെ പോകും.
പിന്നീട് 34 തവണ ഇവയെ കിട്ടിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. 4 അടി മുതൽ ആറടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 90 കിലോവരെ ഭാരവുമുണ്ട്. ഇവ സമുദ്രോപരിതലത്തിൽ നിന്നു 2300 അടി താഴെ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മഡഗാസ്‌കറിന്റെ പടിഞ്ഞാറൻ തീരത്താണ് ഇവയിൽ അധികവും കിട്ടുന്നത്. സീലക്കാന്തുകൾക്ക് പ്രകൃതിപരമായി ഒട്ടേറെ ന്യൂനതകളുണ്ട്. ഇവ പ്രത്യേക ഇരകളെ മാത്രമേ വേട്ടയാടുകയുള്ളൂ. അതിനാൽ തന്നെ പരിസ്ഥിതി മാറ്റങ്ങൾ ഇവയുടെ ഇരകളെ ബാധിച്ചാൽ അനന്തരഫലമായി ഇവയും നാശം നേരിടും.വളരെ പതുക്കെ വളരുന്ന, പ്രജനനനിരക്ക് തീരെ കുറവുള്ള മീനുകളുമാണു സീലക്കാന്തുകൾ. ഇതും ഇവയുടെ വളർച്ചയെയും പെരുകലിനെയും നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.
തീവ്രഗന്ധമുള്ള എണ്ണകൾ, യൂറിയ തുടങ്ങിയവയുള്ളതിനാൽ ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്ത മാംസമാണ് സീലക്കാന്തിന്റേത്. എങ്കിലും അപൂർവമായി പിടികൂടുമ്പോഴൊക്കെ ഇവയെ ഭക്ഷിക്കുന്നവർ മഡഗാസ്‌കറിലുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇന്തൊനീഷ്യയിലെ സുലവെസിയിലും ഇവയുണ്ട്.