ഡ്രാക്കുള പ്രഭുവിന്റെ പേരുള്ള മ്യാൻമർ മീൻ! വായിൽ നീണ്ടുവളർന്ന കോമ്പല്ലുകൾ
Mail This Article
2022ൽ ഒരു മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറലായി. കലിഫോർണിയയിലെ ബീച്ചിൽ നടക്കാൻ പോയ ഒരാളാണ് തീരത്തടിഞ്ഞ നിലയിൽ ചലനമറ്റ ഒരു മത്സ്യത്തെ കണ്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി...മീനിന്‌റെ വായ്ക്കുള്ളിൽ ഡ്രാക്കുളയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നീളമുള്ള രണ്ട് കോമ്പല്ലുകൾ. ഡ്രാക്കുള മീനെന്ന ചെല്ലപ്പേരും താമസിയാതെ മീനിനു വീണു. നീളമുള്ള ശരീരം വലിയ കണ്ണുകളും മീനിനുണ്ടായിരുന്നു. ചിത്രമെടുത്ത ശേഷം കാൽനടക്കാരൻ മീനിനെ തിരിച്ചു കടലിലേക്കു വിട്ടു. ചലനമറ്റെങ്കിലും അതിന്‌റെ ജീവൻ പോയിരുന്നില്ല. താമസിയാതെ അതു കടലിൽ നീന്തിത്തിരിച്ചുപോയി.
അപൂർവമായ ഈ മത്സ്യം ലാൻസെറ്റ്ഫിഷ് എന്നറിയപ്പെടുന്ന മീനായിരുന്നു. അലെപിസോറസ് ഫെറോക്‌സ് എന്നറിയപ്പെടുന്ന ഈ വേട്ടക്കാരൻ മീനിന് 7 അടി വരെ നീളത്തിൽ വളരാനാകും. എന്നാൽ ഡ്രാക്കുള മത്സ്യമെന്ന് യഥാർഥത്തിൽ അറിയപ്പെടുന്ന ഒരു മത്സ്യമുണ്ട്. ഡാനിയോനെല്ല ഡ്രാക്കുള എന്നാണ് ഇതിന്റെ ശാസ്ത്രീയനാമവും. വായിൽ നിന്നു നീണ്ടിരിക്കുന്ന കോമ്പല്ലുകളാണ് ഈ മീനിന്റെ പ്രത്യേകത.
2007ൽ ആണ് ഈ വിചിത്രമീനിനെ കണ്ടെത്തിയത്. വടക്കൻ മ്യാൻമറിലെ ഒരു ചെറിയ അരുവിയിൽ മാത്രമാണ് ഈ മീനുകൾ കാണപ്പെടുന്നത്. വെറും 17 മില്ലിമീറ്റർ വരെയൊക്കെ മാത്രം വലുപ്പം വയ്ക്കുന്ന ചെറുമീനുകളാണ് ഇവ.നീണ്ട ശരീരവും വലിയ തലയും കണ്ണുകളുമാണ് ഈ മീനിന്റെ പ്രത്യേകത. ചെറിയ കൊഞ്ചുകളെയും മറ്റു ജീവികളെയുമൊക്കെയാണ് ഇവർ ഭക്ഷണമാക്കുന്നത്. സൈപ്പിറിനിഡ് എന്ന കുടുംബത്തിൽപെട്ടവയാണ് ഇവ.