ഹോങ്കോങ്ങിൽ നിന്നു ആദ്യ ദിനോസർ ഫോസിൽ കണ്ടെത്തി; ഏതിനമാണെന്ന് അവ്യക്തം
Mail This Article
വിനോദ സഞ്ചാരികളുടെ പറുദീസയായ ഹോങ്കോങിൽനിന്നും ഇതുവരെ ഒരു ദിനോസർ ഫോസിൽ പോലും കണ്ടെത്തിയിട്ടില്ലായിരുന്നു. പാലിയന്റോളജിസ്റ്റുകൾ അത്ര പണിയൊന്നുമില്ലാത്ത സ്ഥലമെന്നു കരുതിയ പ്രദേശത്തുനിന്നും ഇപ്പോഴിതാ ആദ്യമായി ഒരു ദിനോസർ ഫോസിൽ കണ്ടെത്തിയിരിക്കുന്നു. പോർട്ട് ഐലൻഡിൽനിന്നുമാണ് (ചെറുതും ജനവാസമില്ലാത്തതുമായ ഒരു ദ്വീപ്, ചുവന്ന ശിലാഘടനകൾക്ക് പേരുകേട്ടതാണ്) ഈ നിർണായക കണ്ടെത്തൽ. 145– 66 ദശലക്ഷം വർഷം മുൻപുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിലേതാണ് ഈ ഫോസിലുകൾ. ഏത് ഇനം ദിനോസറിന്റേതാണെന്ന പഠനത്തിലാണ് ഗവേഷകർ.
ക്രിറ്റേഷ്യസ് കാലത്തിന്റെ പ്രാധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനികൾ രൂപം കൊണ്ടതും, പക്ഷികൾ രൂപം കൊണ്ടതും, പുഷ്പിക്കുന്ന സസ്യങ്ങള്‍ ഉണ്ടായതും ഈ കാലത്താണ്. ജിയൂറ്റിസോറസ് പോലെയുള്ള വലിയ ദിനോസറുകളും ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നതാണ്. എന്തായാലും, ഈ കണ്ടെത്തൽ അതി പുരാതന ഭൂതകാലത്തെപ്പറ്റി വലിയ അറിവുകൾ പകർന്നുതരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. കൗലൂൺ പാർക്കിലെ ഹെറിറ്റേജ് ഡിസ്കവറി സെന്ററിൽ, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഫോസിൽ പ്രേമികൾ ഒത്തുകൂടുകയും ചെയ്തു.
ചൈനയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടെബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയോആന്ത്രോപ്പോളജി (ഐവിപിപി) കൂടുതൽ ഗവേഷണം നടത്തുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. അർജന്റീന കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയ്ക്ക് പുറമേ, ദിനോസർ ഫോസിലുകൾ കണ്ടെത്തുന്നതിനും ഗവേഷണം നടത്തുന്നതിനുമുള്ള ലോകത്തിലെ നാല് പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈനയെന്ന് ഹോങ്കോങ്ങിലെ സ്കൂൾ ഓഫ് ലൈഫ് സയൻസസിലെ അസിസ്റ്റന്റ് പ്രഫസർ മൈക്കൽ പിറ്റ്മാൻ പറഞ്ഞു.
എന്താണ് ഫോസിലുകൾ
പുരാതന ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകൾ. അവർ ഭൂമിയിലെ ജീവചരിത്രത്തിലേക്കുള്ള ഒരു നേർക്കാഴ്ച നൽകുകയും വിവിധ ജീവിവർഗങ്ങളുടെ പരിണാമത്തെക്കുറിച്ച് വിലയേറിയ സൂചനകൾ നൽകുകയും ചെയ്യുന്നു. ചൈനയ്ക്ക് സമ്പന്നമായ ഒരു ഫോസിൽ നിക്ഷേപങ്ങളുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ചെറിയ ദിനോസർ മുട്ട കണ്ടെത്തിയതും ചൈനയിൽ നിന്നാണ്.