ആഴക്കടലിൽ ഒഴുകി നടക്കുന്ന നിഗൂഢ ഗോളം; അമ്പരന്ന് കാഴ്ചക്കാർ– വിഡിയോ
Mail This Article
കടലിനടിയിൽ ഒഴുകി നടക്കുന്ന വമ്പൻ ഗോളം കണ്ട് അമ്പരന്ന് ഡൈവർമാർ. നേർവെ കടലിലാണ് വലിയ ഗോളം കണ്ടെത്തിയത്. കട്ടിയുള്ള ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ കണവ മത്സ്യം മുട്ടകൾ നിക്ഷേപിക്കുന്ന ദ്രവ നിർമിതമായ ഒരു സഞ്ചിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഈ വിചിത്ര ഗോളത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വണ്ടർ ഓഫ് സയൻസ് എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്.
ഏകദേശം മൂന്നര പതിറ്റാണ്ട് മുൻപാണ് നോർവെയുടെ പടിഞ്ഞാറൻ മേഖലയിൽ സമുദ്രത്തിനുള്ളിൽ ഒഴുകിനടക്കുന്ന വമ്പൻ ഗോളങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപെട്ടിരുന്നു. അന്നുതൊട്ട് കട്ടിയുള്ള ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ എന്താണെന്ന അന്വേഷണത്തിലായിരുന്നു ഗവേഷകർ.കഴിഞ്ഞ വർഷമാണ് ഈ ഗോളങ്ങൾ കണവ മത്സ്യം മുട്ടകൾ നിക്ഷേപിക്കുന്ന ദ്രവ നിർമിതമായ ഒരു സഞ്ചിയാണെന്ന് തിരിച്ചറിഞ്ഞത്.
ഇല്ലെക്സ് കൊയിൽഡെറ്റി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കണവ മത്സ്യമാണ് ഇത്തരത്തിൽ മുട്ടകൾ നിക്ഷേപിക്കുന്നത്. ഇരപിടിയൻമാരിൽ നിന്നും മുട്ടകൾ സംരക്ഷിക്കുന്നതിനുവേണ്ടി പെൺ വർഗത്തിൽപെട്ട കണവകൾ ശരീരത്തിലെ കട്ടിയുള്ള ദ്രവം കൊണ്ടാണ് ഈ വലിയ ഗോളങ്ങൾ നിർമിക്കുന്നത്. ഇവയ്ക്ക് മൂന്നടിയോളം വ്യാസം വരും. ഓരോന്നിലും ആയിരക്കണക്കിന് മുട്ടകൾ വരെ ഉണ്ടാവുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇവ കണ്ടെത്തുന്നത് അത്ര സാധാരണമല്ലെന്നു മാത്രം.
അത്ര സുതാര്യമല്ലാത്തതിനാൽ ഗോളങ്ങളുടെ ഉള്ളിലെന്താണെന്ന് വ്യക്തമായി പുറത്തുനിന്നും കാണാനാവില്ല. ഇല്ലെക്സ് കൊയിൽഡെറ്റി എന്ന ഇനത്തെ കുറിച്ച് 180 ഓളം വർഷങ്ങളായി അറിവുണ്ടെങ്കിലും ഇതാദ്യമായാണ് അവ മുട്ടകൾ സൂക്ഷിക്കാൻ ഇത്തരം ഒരു മാർഗം സ്വീകരിക്കുന്നതായി തിരിച്ചറിഞ്ഞത്. ഉള്ളിലെ ഭ്രൂണങ്ങൾ വളർച്ച കൈവരിക്കുന്നതനുസരിച്ച് ദ്രവ ഗോളത്തിന്റെ കട്ടി വർധിക്കുകയാണു ചെയ്യുന്നത്. ഒടുവിൽ അത് പൊട്ടിച്ച് കുഞ്ഞുങ്ങൾക്ക് പുറത്തുവരാൻ സാധിക്കും.
English Summary: Underwater Blob Is Actually a Huge, Rare Mass of Squid Eggs