മൂർഖൻ പാമ്പിന്റെ തലയിൽ ചാടിക്കടിച്ച് കീരി, നടന്നത് വാശിയേറിയ പോരാട്ടം, ഒടുവിൽ ?
Mail This Article
ആളുകൾ നോക്കി നിൽക്കെ റോഡിനു നടുവിൽ മൂർഖൻ പാമ്പും കീരിയും തമ്മിൽ രൂക്ഷമായ പോരാട്ടം. പാമ്പും കീരിയും ബദ്ധശത്രുക്കളാണ്. പാമ്പിനെ എവിടെ കണ്ടാലും കീരികൾ വെറുതെ വിടാറില്ല. വിഷപ്പാമ്പായാലും വിഷമില്ലാത്തയിനം പാമ്പായാലും കീരികൾക്ക് അതൊന്നും ഒരു പ്രശ്നമല്ല. അതുകൊണ്ട് തന്നെ പലപ്പോഴും പാമ്പുകൾ ഏറ്റുമുട്ടലിനു മുതിരാറില്ല. കീരികളുടെ മെയ്‌വഴക്കമാണ് പാമ്പിന്റെ കടിയേൽക്കാതെ വഴുതിമാറാൻ അവയെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികൾക്കുണ്ട്. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ മൂർഖന്റെ പിന്നാലെയെത്തിയ കീരി അതിനെ ആക്രമിക്കുകയായിരുന്നു. രണ്ട് കീരികളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. എന്നാൽ അതിൽ ഒരു കീരി മാത്രമാണ് പാമ്പിനെ ആക്രമിച്ചത്. പത്തിവിരിച്ചു നിന്ന മൂർഖൻ പാമ്പിന്റെ തൊട്ടു മുന്നിലെത്തിയ കീരി അതിന്റെ തലയിൽ ചാടിക്കടിക്കുന്നത് ദൃശ്യത്തിൽ കാണാം. തലയിൽ പിടുത്തമിട്ട കിരി ഉടൻതന്നെ പാമ്പിനെ കടിച്ചുകുടയുകയായിരുന്നു. പാമ്പിനെ കൊന്നതിനു ശേഷമാണ് കീരി അതിന്റെ തലയിലെ പിടുത്തം അയച്ചത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. കാരികളും പാമ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 80 ശതമാനവും കീരികൾക്കാണ് വിജയ സാധ്യത. അപൂർവമായി മാത്രമേ പാമ്പുകൾക്ക് ഇവയെ പരാജയപ്പെടുത്താൻ കഴിയാറുള്ളൂ.
English Summary: Mongoose Hunts Cobra On Road