കടൽത്തീരം കൈയടക്കിയത് നൂറുകണക്കിന് മുതലകൾ? ഭയപ്പെടുത്തുന്ന കാഴ്ചയ്ക്ക് പിന്നിൽ?

Mail This Article
അക്രമകാരികളായ മുതലകൾ മനുഷ്യർക്ക് ഭീഷണിയാകുന്ന വാർത്തകൾ എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഭയാനകമായ ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. നൂറുകണക്കിന് കൂറ്റൻ മുതലകൾ ഒരു കടൽത്തീരമാകെ കൈയടക്കിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണത്. ഒറ്റനോട്ടത്തിൽ ആരും ഭയപ്പെട്ടു പോകുന്ന കാഴ്ച. ബ്രസീലിലെ കടൽത്തീരത്തു നിന്നുള്ള കാഴ്ച എന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് റേഡിയോ അവതാരകനായ കെൻ റുത്കൗസ്കിയാണ്. നിരനിരയായി നൂറുകണക്കിന് മുതലകൾ തീരത്ത് കിടക്കുന്നതും ചിലത് വെള്ളത്തിലേക്ക് ഇറങ്ങുന്നതുമെല്ലാം വിഡിയോയിൽ കാണാം. അകലെ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നൂറുകണക്കിനെന്നോ ആയിരക്കണക്കിനെന്നോ തിട്ടപ്പെടുത്താനാവാത്തത്ര മുതലകൾ ബ്രസീലിലെ ഒരു കടൽത്തീരത്ത് കൂട്ടം കൂടിയിരിക്കുകയാണെന്നും പ്രദേശവാസികൾ ഭീതിയിലാണെന്നും ദൃശ്യത്തിന് കെന്‍ അടിക്കുറിപ്പും നൽകിയിരുന്നു. സെപ്റ്റംബർ 15ന് പോസ്റ്റ് ചെയ്തദൃശ്യം ലക്ഷക്കണക്കിനാളുകൾ ഇതിനോടകം കുകഴിഞ്ഞു. ഏറെ ഭയപ്പെടുത്തുന്ന ദൃശ്യം എന്നാണ് കീടുതൽ ആളുകളും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർ പിടിച്ചെടുത്ത തങ്ങളുടെ ഭൂമി തിരികെ നേടാൻ മുതലകൾ കൂട്ടമായി എത്തിയതാണെന്ന തരത്തിൽ വരെ കമന്റുകളുണ്ട്.
എന്നാൽ യാഥാർഥ്യം ഇതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ട്വിറ്റർ ഉപയോക്താക്കൾ. മുതലകളുടെ വിഭാഗത്തിൽപ്പെടുന്ന കെയ്മൻ എന്ന ഉരഗവർഗ്ഗമാണ് വിഡിയോയിലുള്ളത്. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിനായി സൂര്യപ്രകാശത്തെയാണ് ഇവ ആശ്രയിക്കുന്നത്. ഇത്തരത്തിൽ വെയിൽ കായാനായി കെയ്മനുകൾ കൂട്ടമായി മണൽതീരത്തു കിടക്കുന്ന കാഴ്ചയാണ് യഥാർഥത്തിൽ ദൃശ്യത്തിലുള്ളത്. എണ്ണത്തിൽ കൂടുതലുണ്ടെന്നതൊഴിച്ചാൽ ഇത് അസാധാരണ കാഴ്ചയല്ല എന്നും പലരും കുറിക്കുന്നു.
അതുകൊണ്ടും തീർന്നില്ല, ദൃശ്യത്തിലുള്ളത് കടൽത്തീരമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. നദിയുടെ കരയിലാണ് അവ കൂട്ടമായി കിടക്കുന്നത്. മുതലകൾ ആക്രമണത്തിന് ഒരുങ്ങുന്ന കാഴ്ചയല്ല ഇതെന്നും പ്രദേശവാസികൾ ഭയപ്പാടിലാണെന്നത് വ്യാജ പ്രചരണമാണെന്നും പലരും വിശദീകരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ബോളിവിയ, ബ്രസീൽ, പരാഗ്വെ എന്നിവിടങ്ങളിലായി പടർന്നു കിടക്കുന്ന പാന്റനൽ മേഖലയിൽ നിന്നാണ്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും അധികം മുതലകളുള്ള മേഖലയാണിത്. പ്രദേശത്തെ കെയ്മനുകളുടെ മാത്രം എണ്ണം എടുത്താൽ 10 ദശലക്ഷത്തിന് മുകളിൽ വരും.
English Summary: HomeWorldViral Video Shows Crocodiles "Invading" Brazilian Beach. Here's The Truth