പണ്ട് നാടുവിറപ്പിച്ച കൊമ്പന്മാർ; ഇന്ന് കുസൃതികളുമായി കുങ്കിത്താവളത്തിൽ; ഹൃദ്യം ഈ ദൃശ്യം
Mail This Article
അരിക്കൊമ്പനെ പിടിക്കാനെത്തിയ കുങ്കിയാനകൾ തീറ്റയും കുളിയും വിശ്രമവുമായി ചിന്നക്കനാലിൽ കഴിയുകയാണ്. പണ്ട് നാടുവിറപ്പിച്ച കൊമ്പന്മാരായിരുന്ന ഇവര്‍ കുങ്കിത്താവളത്തിൽ കുറച്ച് കുസൃതിക്കാരാണ്. കുങ്കിത്താവളത്തിലെ കാഴ്ചകൾ രസകരമാണ്. വിക്രമിനും സൂര്യനും പിന്നാലെ കോന്നി സുരേന്ദ്രനും കുഞ്ചുവും എത്തിയതോടെ കുങ്കിത്താവളം സജീവമാണ്. ഒപ്പം ഇവിടുത്തെ കാഴ്ചകളും.
ആനയിറങ്കൽ ഡാമിൽ നിന്ന് നല്ലൊരു കുളി പാസാക്കിയുള്ള വരവാണ് ഈ കാണുന്നത്. കുളി കഴിഞ്ഞെത്തിയപ്പോൾ ശാപ്പാട് വേണമെന്നായി. പാപ്പാന്മാർ ഓരോരുത്തരെയും ഊട്ടി. കുങ്കിത്താവളത്തിൽ ചങ്ങലയിൽ ബന്ധിച്ചാണ് നാലു പേരെയും താമസിപ്പിച്ചിരിക്കുന്നത്. കോന്നി സുരേന്ദ്രൻ തുമ്പിക്കൈ നീട്ടി തല കുലുക്കുകയാണ്. പച്ചിലയ്ക്ക് വേണ്ടിയാണ് ഈ വികൃതി.
ഒടുവിൽ പാപ്പാൻ എത്തി നിറയെ ഇലകൾ ഉള്ള ഒരു മരച്ചില്ല കൊടുത്തപ്പോൾ അവൻ ഹാപ്പി. എന്നാൽ തൊട്ടിപ്പുറത്ത്, കുങ്കിത്താവളത്തിൽ ആദ്യം എത്തിയ വിക്രമും സൂര്യനും ചെറുതായൊന്ന് കൊമ്പുകോർത്തു. പിന്നെ പിണക്കം പോലെ, വിക്രം പുറംതിരിഞ്ഞു നിന്നു . പിണക്കം മാറ്റാൻ സൂര്യൻ പുറകിൽ നിന്ന് തോണ്ടുന്നതും കാണാം. ഒടുവിൽ പാപ്പാന്മാർ നാലുപേരെയും കുംകിത്താവളത്തിന്റെ ഒത്ത നടുക്ക് കൊണ്ടുവന്നു. പിന്നെ ഫോട്ടോ ഷൂട്ട് . നാലുപേരും ഒരേ നിരയിൽ ഒത്തൊരുമയോടെ നിന്നു.
English Summary: Four kumki elephants to be deployed to tether Arikompan