ADVERTISEMENT

ലോകത്തിന്റെ ഫാഷൻ നഗരമെന്നാണ് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് അറിയപ്പെടുന്നത്. നഗരത്തിന്റെ ഏറ്റവും വലിയ രാജ്യാന്തര ആകർഷണങ്ങളിലൊന്നായ പാരിസ് ഫാഷൻവീക്ക് അവസാനിച്ചിരിക്കുന്നു എന്നാൽ മുൻപെങ്ങുമത്ര രൂക്ഷമാകാത്ത ഒരു പ്രതിസന്ധി നഗരത്തെ പിടിമുറുക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, മൂട്ടശല്യമാണ്. വിമാനത്താവളം, റെയിൽവേസ്റ്റേഷൻ, ബസുകൾ തുടങ്ങി നഗരത്തിലെ പൊതുയിടങ്ങൾ പലതും മൂട്ട അധിനിവേശത്തിലാണിപ്പോൾ.

ഗതാഗതമന്ത്രിയായ ക്ലമന്റ് ബ്യൂൺ ഈ വിഷയം ചർച്ച ചെയ്യാനായി ഗതാഗത മേഖലയിലെ വിദഗ്ധരുടെ യോഗം വിളിച്ചത് കാര്യത്തിന്റെ പ്രസക്തി എടുത്തുകാട്ടുന്ന സംഭവമാണ്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിനു മുന്നിൽ പാരിസ് സിറ്റി ഹാൾ നിവേദനം നൽകിക്കഴിഞ്ഞിട്ടുണ്ട്. പാരിസ് നഗരത്തിൽ മൂട്ടകളെ വർധിത തോതിൽ കാണാനിടയായതു ആളുകൾക്കിടയിൽ ഭയവും വളർത്തിയിട്ടുമുണ്ട്.

പാരിസിലെ മൂട്ടകളെ 1950കളിൽ ഏകദേശം പൂർണമായി നിർമാർജനം ചെയ്തതാണ്. എന്നാൽ അടുത്തകാലത്ത് ശല്യം വീണ്ടും രൂക്ഷമായി. ഇപ്പോൾ വ്യാപിച്ചിരിക്കുന്ന മൂട്ടകൾ രാസവസ്തുക്കളോടു പോലും പ്രതിരോധം നേടിയവയാണെന്നും അതിനാൽ ഇവയെ നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും വിദഗ്ധർ പറയുന്നു. ഫാഷൻ വീക്കിലെത്തിയവരിൽ പോലും മൂട്ടശല്യത്തിനെതിരെ പരാതിപ്പെട്ടവരുണ്ട്.

പാരിസിനെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഈ വർഷത്തെ ഒളിംപിക്‌സ് പാരിസിൽ നടക്കുവാൻ പോകുകയാണ്. ഗെയിമുകൾ തുടങ്ങുന്നതിനു മുൻപ് മൂട്ടകളുയർത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാരിസ് അധികൃതർക്കു പദ്ധതിയുണ്ട്. സിമെക്‌സ് എന്ന ജനുസ്സിൽപെടുന്ന കീടങ്ങളാണ്ു മൂട്ടകൾ. ഇവ രാത്രിയിലാണ് പൊതുവെ കടിക്കുന്നത്. ഇരകളുടെ രക്തം ഇവ കുടിക്കുകയും ചെയ്യും.

Read Also: മനുഷ്യർ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവികൾ! ആൾക്കുരങ്ങുകൾക്ക് മനുഷ്യാവകാശം നൽകണമെന്ന് ആവശ്യം

തൊലിപ്പുറത്ത് റാഷുകൾ, മാനസികമായ വിഷമം, അലർജി തുടങ്ങിയ അവസ്ഥകൾ ഇവ മൂലമുണ്ടാകാമെങ്കിലും ഗുരുതരമായ അസുഖങ്ങളൊന്നും ഇവ പരത്തുന്നില്ല. മൂട്ടകളെ നിർമാർജനം ചെയ്യാൻ പാടാണ്. പൊതുവെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലും മെത്തകളിലുമൊക്കെയാണ് ഇവയുണ്ടാകുക. 300 ദിവസം വരെ ഒന്നും ഭക്ഷിക്കാതെയിരിക്കാനും ഇവയ്ക്കു കഴിയും.

Content Highlights: Paris Fashion | Moth | Environment News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com