ADVERTISEMENT

കലാകാരനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം ഏറെ ചൂടുള്ള ചർച്ചയായിരുന്നു. ഇതിന്റെ തുടർച്ചയായുള്ള വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യങ്ങളിലെമ്പാടും. സത്യഭാമയ്ക്കെതിരെ ട്രോളുകളായും റീലുകളുമായുമുള്ള പരിഹാസശരങ്ങളാണ് ഏറെയും. ഇതിനിടെ നടൻ ഉണ്ണി മുകുന്ദൻ സത്യഭാമയെ അനുകൂലിച്ച് രംഗത്തെത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം

ഒരു ന്യൂസ് കാർഡാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല! ഉണ്ണി മുകുന്ദൻ എന്നാണ് പ്രചരിക്കുന്ന കാർഡിലെ വാചകങ്ങൾ. 

sathyaarticle

ഇത്തരത്തിലൊരു പ്രസ്താവന ഉണ്ണി മുകുന്ദൻ നടത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ സത്യഭാമയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ  യാതൊരു അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടില്ലെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജുകളിലും ഇതുമായി ബന്ധപ്പെട്ടവയൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. 

കാർഡ് വിശദമായി പരിശോധിച്ചപ്പോൾ കാർഡിന് താഴെയായി azhimukham.com എന്ന് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടു. ലഭ്യമായ സൂചനയിൽ നിന്ന് കീവേഡുകളുപയോഗിച്ച് തിരഞ്ഞപ്പോൾ അഴിമുഖത്തിൽ പ്രസിദ്ധീകരിച്ച കലോത്സവ വേദികളിൽ സത്യഭാമ ‘ടീച്ചർ’ ഒറ്റയ്ക്കല്ല ! എന്ന തലക്കെട്ടോടെ അൽ അമീൻ എന്ന പേരിൽ എഴുതിയ ഒരു ലേഖനം  ഞങ്ങൾക്ക് ലഭിച്ചു. മാർച്ച് 25നാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കലോത്സവ വേദികളിലെ സൗന്ദര്യശാസ്ത്രത്തിന്റെ രാഷ്ട്രീയത്തിലേക്കു വിരൽ ചൂണ്ടുകയാണ് ഈ ലേഖനത്തിലൂടെ. പ്രഗത്ഭനായ നർത്തകനും അക്കാദമിക് രംഗത്തു ഒരുപാട് സംഭാവനകളും നൽകിയ ഡോ. ആർഎൽവി രാമകൃഷ്ണൻ നേരിട്ട വാക്കുകൾ കൊണ്ടുള്ള അതിക്രമം വേദനാജനകമാണെന്ന് വ്യക്തമാക്കുന്ന ലേഖനത്തിൽ,  കലാമണ്ഡലം സത്യഭാമയെ വിമർശിക്കുന്നതിനൊപ്പം ഇതേ ചിന്താഗതി പുലർത്തുന്ന ആളുകളെയും ലേഖകൻ നിശിതമായി വിമർശിക്കുന്നുമുണ്ട്.

ഇതേ മാധ്യമത്തിന്റെ ഫെയ്സ്‌ബുക് പേജ് പരിശോധിച്ചപ്പോൾ വൈറൽ ചിത്രത്തിന് സമാനമായ മറ്റൊരു ചിത്രം  ലഭിച്ചു. 

Sat

രക്ഷകർത്താക്കളും നൃത്താധ്യാപകരും മത്സരാർത്ഥികളും പങ്കുവച്ച അനുഭവങ്ങൾ ഇത് തെളിയിക്കുന്നതാണ് എന്ന കുറിപ്പിനൊപ്പമാണ് ഈ വാർത്താ കാർഡ് പങ്ക്‌വച്ചിട്ടുളളത്. ലേഖനം എഴുതിയ അൽ അമീൻ എന്ന പേരും വാർത്ത കാർഡിലുണ്ട്. വൈറൽ‌ കാർഡുമായി പരിശോധിച്ചപ്പോൾ ലേഖകന്റെ പേര് എഡിറ്റ് ചെയ്ത് ഒഴിവാക്കി ഉണ്ണി മുകുന്ദന്റെ ചിത്രവും പേരും ചേർത്താണ് വൈറൽ ചിത്രം നിർമ്മിച്ചതെന്ന് വ്യക്തമായി. വൈറൽ കാർഡുമായി ബന്ധമില്ലെന്ന് അഴിമുഖം വക്താക്കളും സ്ഥിരീകരിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്നും കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്ന് വ്യക്തമായി.

∙ വാസ്തവം

കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയെന്ന അവകാശവാദവുമായി പ്രചരിക്കുന്ന കാർഡ് വ്യാജമാണ്.

English Summary: The card circulating with the claim that actor Unni Mukundan came out in support of Kalamandalam Sathyabhama is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT