വിപണിയുടെ മനം കവർന്ന് ഗ്ലാൻസ
Mail This Article
മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പായ ഗ്ലാൻസയ്ക്കും ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പ്. പ്രീമിയം വില നിലവാരം പ്രതീക്ഷിച്ച സ്ഥാനത്തു പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ തികച്ചും മത്സരക്ഷമമായ വിലയാണ് ഗ്ലാൻസയ്ക്കുള്ളത്. ഇതും ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാൻസയെ വിപണിക്കു പ്രിയങ്കരമാക്കുന്നു.
ഔദ്യോഗികമായി അറിയിപ്പൊന്നുമില്ലെങ്കിലും പുതിയ ഗ്ലാൻസ ലഭിക്കാൻ ഒരു മാസമെങ്കിലും കാത്തിരിക്കേണ്ട സാഹചര്യമാണെന്നാണു ടൊയോട്ട ഡീലർമാർ നൽകുന്ന സൂചന. ഗ്ലാൻസ ലഭ്യമാവുന്ന നാലു വകഭദേങ്ങളിൽ മാനുവൽ ട്രാൻസ്മിഷനുള്ള ജി അഥവാ ജി എംടിക്കാണ് ആവശ്യക്കാരേറെയെന്നും ഡീലർമാർ വെളിപ്പെടുത്തുന്നു. 83 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കുന്ന 1.2 ലീറ്റർ, പെട്രോൾ എൻജിന് 23.87 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കളുടെ വാഗ്ദാനം.
ഒപ്പം ഉയർന്ന വകഭേദമായ ഗ്ലാൻസ വിസിവിടി തേടിയും ധാരാളം പേർ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഗ്ലാൻസ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളം നീളും. ആദ്യ ബാച്ചിൽ മാരുതി സുസുക്കി നിർമിച്ചു നൽകിയ 2,666 ഗ്ലാൻസയിൽ വിസിവിടി വകഭേദത്തിന്റെ എണ്ണം താരതമ്യേന കുറവായിരുന്നതാണു പ്രശ്നം.
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള പെട്രോൾ എൻജിനുമായെത്തുന്ന അടിസ്ഥാന വകഭേദമായ ഗ്ലാൻസ ജി എംടിക്ക് മാരുതി സുസുക്കി ബലേനൊയുടെ സമാന മോഡലായ സീറ്റയെ അപേക്ഷിച്ച് 65,000 രൂപയോളം വിലക്കുറവുണ്ട്. അതേസമയം ഗ്ലാൻസയുടെ മുന്തിയ വകഭേദമായ വി സി വി ടിക്കും ബലേനൊ ആൽഫ സി വി ടിക്കും ഏതാണ്ട് ഒരേ വിലയാണ്.