ADVERTISEMENT

കമ്പനിയുടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) ശ്രേണിയിലെ ഏറ്റവും ചെറിയ മോഡൽ പുറത്തിറക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. ‘എ എക്സ് വൺ’ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി  ‘കാസ്പർ’ എന്ന വ്യാപാരനാമവും ഹ്യുണ്ടേയ് സ്വന്തമാക്കിയിട്ടുണ്ട്.  ആദ്യം ജന്മനാടായ ദക്ഷിണ കൊറിയയിൽ അരങ്ങേറുന്ന ഈ കുഞ്ഞൻ എസ് യു വി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വിൽപനയ്ക്കെത്തുമെന്നാണു  പ്രതീക്ഷ. മൈക്രോ എസ്‍യുവി സെഗ്‌മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയിൽ താഴെയായിരിക്കും വില. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ ‘എ എക്സ് വണ്ണി’നു പേർ ‘കാസ്പർ’ എന്നു തന്നെയാവുമെന്ന് ഉറപ്പില്ല. 

ഹ്യുണ്ടേയ് ശ്രേണിയിലെ സബ് കോംപാക്ട് എസ് യു വിയായ ‘വെന്യു’വിനു താഴെയാവും ‘കാസ്പർ’ ഇടംപിടിക്കുക. ‘ഗ്രാൻഡ് ഐ10 നിയൊസി’നും ‘സാൻട്രോ’യ്ക്കുമൊക്കെ അടിത്തറയാവുന്ന ‘കെ വൺ’ കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണു ഹ്യുണ്ടേയ് ‘കാസ്പറും’ വികസിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ ലഭ്യമായ എക്സൈസ് ഡ്യൂട്ടി ഇളവുകൾ ബാധകമാവും വിധത്തിൽ 3,595 എം എമ്മാവുമത്രെ ഈ ചെറിയ എസ് യു വിക്കു നീളം;  പ്രതീക്ഷിക്കുന്ന വീതി 1,595 എം എമ്മും ഉയരം 1,575 എം എമ്മുമാണ്. അങ്ങനെയെങ്കിൽ ഹാച്ച്ബാക്കായ ‘സാൻട്രോ’യെ അപേക്ഷിച്ചും ചെറിയ എസ് യു വിയാവും ‘കാസ്പർ’. കാരണം ‘സാൻട്രോ’യുടെ നീളം 3,610 എം എമ്മും വീതി 1,645 എം എമ്മും ഉയരം 1,560 എം എമ്മുമാണ്. 

‘കാസ്പറി’നു കരുത്തേകുക ‘ഗാൻഡ് ഐ 10 നിയൊസി’ലെ 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാവും. 83 ബി എച്ച് പി വരെ കരുത്തും 114 എൻ എം ടോർക്കുമാണ് ഈ എൻജിൻ ‘ഗ്രാൻഡ് ഐ 10 നിയൊസി’ൽ സൃഷ്ടിക്കുന്നത്. 

അരങ്ങേറ്റത്തിനു മുന്നോടിയായി ‘കാസ്പറി’ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു തുടക്കമായിട്ടുണ്ട്. മിക്കവാറും സെപ്റ്റംബറോടെ കാർ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. 2023ലോ 2024ലോ ‘കാസ്പറി’ന്റെ വൈദ്യൂത പതിപ്പും വിൽപനയ്ക്കെത്തിയേക്കും.  വൈദ്യുത മോട്ടോറും ഗീയർ ബോക്സും പവർ ഇലക്ടോണിക്സുമുൾപ്പെടുന്ന ബോർഗ്വാർണർ ഇന്റഗ്രേറ്റഡ് ഡ്രൈവ് മൊഡ്യൂൾ(ഐ ഡി എം) സഹിതമാവും ഈ പതിപ്പിന്റെ വരവ്.

English Summary: Hyundai Casper to be the brand's smallest SUV

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com