ടാറ്റയുടെ കുഞ്ഞൻ എസ്യുവി പഞ്ച്, പേരിൽ മാത്രമല്ല ലുക്കിലും സൂപ്പർ
Mail This Article
എച്ച്ബിഎക്സ് എന്ന കോഡുനാമത്തിൽ ടാറ്റ വികസിപ്പിച്ച ചെറു എസ്‍യുവിയുടെ പേര് പഞ്ച്. ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം, മാരുതി സുസുക്കി ഇഗ്‌നിസ്, ഉടൻ പുറത്തിറങ്ങുന്ന ഹ്യുണ്ടേയ് കാസ്പർ എന്നിവയോടാണ് മത്സരിക്കുക. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായ ചെറു എസ്‌യുവി.
ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഇൗ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക.
പുതിയ ടാറ്റ കാറുകളിൽ കാണുന്നതു പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപാണ് എച്ച്ബിഎക്സ് കൺസെപ്റ്റിനും. അതായത് ഹെഡ്‌ലാംപിന്റെ പ്രധാന ഭാഗം ബംമ്പറിനോട് ചേർന്ന് താഴെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ എസ്‍യുവി രൂപഭംഗി, വലിയ മസ്കുലറായ വീൽആർച്ചുകൾ, ടാറ്റ ആൾട്രോസിനെപ്പോലെ 90 ഡിഗ്രി തുറക്കാവുന്ന ഡോറുകൾ എന്നിവയും എച്ച്ബിഎക്സിനുണ്ട്. കൺസെപ്റ്റ് മോഡലാണ് അവതരിപ്പിച്ചതെങ്കിലും പ്രൊഡക്ഷൻ മോഡലുമായി ഇതിനു വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സൂചനകൾ.
പെട്രോൾ എൻജിൻ വകഭേദം മാത്രമായിരിക്കും പുതിയ വാഹനത്തിൽ. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് 86 ബിഎച്ച്പി കരുത്തുണ്ടാകും. മാനുവൽ എംഎംടി ഗിയർബോക്സുകളിൽ പുതിയ വാഹനം ലഭിക്കും. കൂടാതെ വാഹനത്തിന്റെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. 4.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും പുതിയ ചെറു എസ്‍യുവിയുടെ വില.
English Summary: Tata Motors names its upcoming SUV as PUNCH