കിയയുടെ അടുത്തത് എംപിവി, ആദ്യ പ്രദർശനം ഡിസംബർ 16ന്; അടുത്ത വർഷം വിപണിയിൽ
![kia-carnes Kia Carnes In International Market](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2021/11/1/kia-carnes.jpg?w=1120&h=583)
Mail This Article
ഇന്ത്യൻ വിപണിയിൽ പുതിയ വിവിധോദ്ദേശ്യ വാഹനം(എംപിവി) അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യ പാദത്തിൽതന്നെ കെവൈ എന്ന കോഡ് നാമമുള്ള എം പി വി വിൽപനയ്ക്കെത്തിക്കാനാണു കിയ ഇന്ത്യയുടെ നീക്കം. നിലവിൽ മൂന്നു മോഡലുകളാണു കിയ ഇന്ത്യയിൽ വിൽക്കുന്നത്, കോംപാക്ട് എസ് യു വിയായ സൊണെറ്റ്, ഇടത്തരം എസ് യു വിയായ സെൽറ്റോസ്, പ്രീമിയം എം പി വിയായ കാർണിവൽ. ഈ ശ്രേണിയിലെക്കാണ് ഡിസംബർ 16ന് ആഗോളതലത്തിൽ അനാവരണം ചെയ്യുമെന്നു കരുതുന്ന പുത്തൻ എം പി വിയുമെത്തുന്നത്.
ആഗോളതലത്തിൽ തന്നെ കിയയെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയാണ് ഇന്ത്യയെന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ തേ ജിൻ പാർക്ക് വ്യക്തമാക്കി. വിൽപനയിലുപരി ആഗോളതലത്തിലെ വാഹന ഉൽപ്പാദന, ഗവേഷണ, വികസന ഹബ്വായി മാറാനും ഇന്ത്യയ്ക്കു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണു വിപണിയിൽ ലഭിച്ചതെന്നും പാർക്ക് അവകാശപ്പെട്ടു. ഈ പ്രകടനത്തിന്റെ പിൻബലത്തിലാണ് അടുത്ത മാർച്ചനകം കെ വൈ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എം പി വി അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രവർത്തനവും ബിസിനസും കൂടുതൽ ദൃഢമാക്കാൻ ഈ അവതരണം സഹായകമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
മികച്ചതും ആധുനികവുമായി സാങ്കേതികവിദ്യയോടെ എത്തുന്ന പ്രായോഗികവും വശ്യതയാർന്നതുമായ ഫാമിലി കാറിന് ഇന്ത്യൻ വിപണിയിൽ മികച്ച സാധ്യതയുണ്ടെന്നാണു കമ്പനിയുടെ സർവേകളിൽ ബോധ്യമായതെന്നും പാർക്ക് വിശദീകരിച്ചു. നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ഈ വിടവ് നികത്താനാണ് കെ വൈയിലൂടെ കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആറോ ഏഴോ സീറ്റുള്ള പുത്ിയ വാഹനം അവതരിപ്പിക്കുകയല്ല കിയയുടെ ലക്ഷ്യം; മറിച്ച് പുതിയൊരു വിഭാഗം സൃഷ്ടിക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ കുടുംബങ്ങൾക്കു സുഗമയാത്ര സാധ്യമാക്കാൻ പര്യാപ്തമായ സ്ഥലസൗകര്യത്തിനൊപ്പം എസ് യു വിയുടെ തന്റേടം കൂടി സമന്വയിക്കുന്ന എം പി വിയാവും കിയ അവതരിപ്പിക്കുകയെന്നും പാർക്ക് വെളിപ്പെടുത്തി.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ മൂന്നു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന നിർമാതാവായി മാറാനും കഴിഞ്ഞ ജൂലൈയിൽ ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ സഹസ്ഥാപനമായ കിയയ്ക്കു സാധിച്ചിരുന്നു. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് രണ്ടു വർഷം പൂർത്തിയാവും മുമ്പാണ് കിയ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
English Summary: KIA KY MPV Set for India Launch Early In 2022