ADVERTISEMENT

തെരുവുകളെ തീപിടിപ്പിക്കാന്‍ കെടിഎമ്മിന്റെ പുതിയ അവതാരം 390 ഡ്യൂക് എത്തുന്നു. കരുത്തിലും കാഴ്ച്ചയിലും സാങ്കേതികവിദ്യയിലും പുതുമകളോടെയാണ് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതിയ ഡ്യൂക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. 390 ഡ്യൂക്കിനു പുറമേ 250 ഡ്യൂക്കിന്റേയും 125 ഡ്യൂക്കിന്റേയും പുതിയ മോഡലുകള്‍ കെടിഎം അവതരിപ്പിച്ചുണ്ട്. 

ktm-duke-390

 

ktm-duke

പുതുതലമുറ ഡ്യൂക്ക് 390യിലെ രൂപകല്‍പനയിലെ വ്യത്യാസങ്ങളാണ് ആദ്യം കണ്ണിലുടക്കുക. ബൂമറാങിന്റെ രൂപത്തിലുള്ളതാണ് വാഹനത്തിലെ ഡിആര്‍എല്‍ (Daytime running lamp). കൂടുതല്‍ വലിപ്പമുള്ള ഇന്ധന ടാങ്കും കാഴ്ച്ചയിലെ കരുത്തു കൂട്ടുന്നു. സ്പ്ലിറ്റ് സീറ്റ് തന്നെയാണ് പുതിയ ഡ്യൂക്ക് 390ക്കും നല്‍കിയിട്ടുള്ളത്. റൈഡര്‍മാര്‍ക്ക് സീറ്റിന്റെ ഉയരം 820 എംഎമ്മില്‍ നിന്നും 800എംഎം വരെയാക്കി കുറക്കാനാവും. 

ktm-duke-1

 

ktm-duke-125

2024 കെടിഎം 390 ഡ്യൂക്കിന്റെ മറ്റൊരു പ്രധാന സവിശേഷത എന്‍ജിനിലെ കരുത്താണ്. 399 സിസി സിംഗിള്‍ സിലിണ്ടര്‍ LC4C കൂള്‍ഡ് എന്‍ജിനാണ് കെടിഎം 390യിലുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. 44BHP കരുത്തും പരമാവധി 39Nm ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന എന്‍ജിനാണിത്. 43 എംഎം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്, മോണോ ഷോക് സസ്‌പെന്‍ഷന്‍, മുന്നില്‍ 320എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240എംഎം ഡിസ്‌ക് ബ്രേക്കും, കോര്‍ണറിങ് ആന്‍ഡ് സൂപ്പര്‍മോട്ടോ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട യാന്ത്രികമായ മാറ്റങ്ങള്‍. 

 

17 ഇഞ്ച് അലോയ് വീലുകളുള്ള ഡ്യൂക്ക് 390യില്‍ മിഷേലിന്‍ ടയറുകളാണ് നല്‍കിയിരിക്കുന്നത്. സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ മൂന്നു റൈഡ് മോഡുകളില്‍ ഈ വാഹനം ഓടിക്കാനാവും. ആദ്യമായി ലോഞ്ച് കണ്‍ട്രോള്‍ സൗകര്യവും കെടിഎം അവതരിപ്പിക്കുന്നു. 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍-ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ കെടിഎം ഡ്യൂക്ക് 390യിലുണ്ടാവും. 

 

ഇന്ത്യയില്‍ പുതിയ 390 ഡ്യൂക്ക് എന്നിറങ്ങുമെന്ന് ഔദ്യോഗികമായി കെടിഎം അറിയിച്ചിട്ടില്ല. വിലയുടെ കാര്യത്തിലും ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. എന്നാല്‍ നിലവിലെ കെടിഎം 390 ഡ്യൂക്കിന് 2.97 ലക്ഷം രൂപയോളമാണ് വില. ഇതിനേക്കാള്‍ കൂടുതലായിരിക്കും പുതു തലമുറ 390 ഡ്യൂക്കിന്റെ വിലയെന്ന് പ്രതീക്ഷിക്കാം. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440, ബിഎംഡബ്ല്യു ജി 310ആര്‍ എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ 390 ഡ്യൂക്കിന്റെ പ്രധാന എതിരാളികള്‍. 

 

English Summary: 2024 KTM Duke 390 Unveiled For Global Market, India Launch Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com