പത്തു രൂപങ്ങളില്‍ ഹൈലക്‌സ് ചാംപ്; വിപണിക്കനുസരിച്ച് അവതരിപ്പിക്കാന്‍ ടൊയോട്ട
Mail This Article
വാഹനലോകത്തെ പത്തു തലയുള്ള തനി രാവണനെ പുറത്തിറക്കി ടൊയോട്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഹൈലക്‌സ് ചാംപ് ആണ് പത്തു രൂപത്തില്‍ എത്തിയിരിക്കുന്നത്. തായ്‌ലൻഡിൽ പുറത്തിറക്കിയ ഹൈലക്‌സ് ചാംപിനെ പത്തു രൂപങ്ങളില്‍ കസ്റ്റമൈസ് ചെയ്തു സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഏതാനും ബോഡി പാനലുകളും യന്ത്രഭാഗങ്ങളും അല്ലാതെ ഹൈലക്‌സ് ചാംപിന്റെ എല്ലാ ഭാഗങ്ങളും ഇഷ്ടപ്രകാരം മാറ്റി തിരഞ്ഞെടുക്കാന്‍ വാഹനം വാങ്ങുന്നവര്‍ക്ക് സാധിക്കും. വിപണിക്കനുസരിച്ച് ചാംപിനെ അവതരിപ്പിക്കാന്‍ ടൊയോട്ടയ്ക്കും ഇതു സഹായകകരമാകും. തേര്‍ഡ് പാര്‍ട്ടി ബോഡി ബില്‍ഡേഴ്‌സിന്റെ കൂടി സഹായത്തിലാണ് ഹൈലക്‌സ് ചാംപിനെ കസ്റ്റമൈസ് ചെയ്യുക.
തായ്‌ലൻഡിലാണ് ടൊയോട്ട ആദ്യമായി ഹൈലക്‌സ് ചാംപിനെ ഇറക്കുന്നത്. ഇതിനു ശേഷം ഇന്തോനേഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ടൊയോട്ട ഹൈലക്‌സ് ചാംപ് എത്തും. തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും വൈകാതെ ചാംപ് എത്തുമെന്നു പ്രതീക്ഷിക്കാം.
മൂന്നു എൻജിന്‍ ഓപ്ഷനുകളും രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ടൊയോട്ട ഹൈലക്‌സ് ചാംപിനുണ്ട്. 2.4 ലീറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 148 ബിഎച്ച്പി കരുത്തും പരമാവധി 350 എൻഎം ടോര്‍ക്കും പുറത്തെടുക്കും. 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ്, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ടാമത്തേത്. ഈ എന്‍ജിന് 129 ബിഎച്ച്പി കരുത്തും പരമാവധി 183 എൻഎം ടോര്‍ക്കുമാണ് ഉള്ളത്. കൂടുതല്‍ വലിയ 2.7 ലീറ്റര്‍, നാച്ചുറലി അസ്പയേഡ്, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ചാംപിനുണ്ട്. 164 ബിഎച്ച്പി കരുത്തും പരമാവധി 245 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. മൂന്നു എന്‍ജിനുകളിലും 5 സ്പീഡ് മാന്യുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ബന്ധിപ്പിക്കാനാവും.
ചെറിയ ചാംപ് മോഡലിന് 4.9 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും ഉയരവും 2,750എംഎം വീല്‍ബേസുമാണുള്ളത്. ഇന്നോവ ക്രിസ്റ്റക്കു സമാനമായ വീല്‍ബേസാണിത്. വലിയ ചാംപിന് 5.3 മീറ്റര്‍ നീളവും 3,085 എംഎം വീല്‍ബേസും ഉണ്ടാവും. രണ്ടു മോഡലിലും 180എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഐഎംവി 0 പ്ലാറ്റ്‌ഫോമിലായിരിക്കും ടൊയോട്ട ഹൈലക്‌സ് ചാംപ് നിര്‍മിക്കുക.