ADVERTISEMENT

പുത്തന്‍ സ്വിഫ്റ്റിനു ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള മാരുതിയുടെ ഉത്തരമാണ് ഡിസയര്‍. പുതിയ മോഡൽ മാരുതി സുസുക്കി ഡിസയറിന് സൺറൂഫ് അടക്കമുള്ള ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ് ഓറ, ടാറ്റ തിഗോര്‍, ഹോണ്ട അമേസ് എന്നിവരോടായിരിക്കും ഡിസയര്‍ മത്സരിക്കുക. 

നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള കാറുകളില്‍ ഏറ്റവും പുതിയതാണ് നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍. അടുത്തിടെ മാരുതി സുസുക്കി പുറത്തിറക്കിയ നാലാം തലമുറ സ്വിഫ്റ്റ് തന്നെയാണ് ഡിസയറിന്റേയും അടിസ്ഥാനം. പുതിയ സ്വിഫ്റ്റുമായി നിരവധി കാര്യങ്ങളില്‍ ഡിസയര്‍ സാമ്യത പുലര്‍ത്തുന്നുമുണ്ട്. ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ്, ബോണറ്റ് എന്നിവയെല്ലാം സ്വിഫ്റ്റിലും ഡിസയറിലും ഏതാണ്ട് സമാനമാണ്. 

മുന്നിലെ ബംപറും ഗ്രില്ലുമാണ് പ്രധാനമായി വ്യത്യാസങ്ങളുള്ളത്. ഗ്രില്ലില്‍ നടുവിലായാണ് ലോഗോ സ്ഥാപിച്ചിരിക്കുന്നത്. സ്വിഫ്റ്റിലുള്ളതിനേക്കാള്‍ ചെറിയ ലോഗോയാണിത്. ലോവര്‍ ബംപര്‍ കൂടില്‍ ക്ലാസിക് ടച്ചിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്വിഫ്റ്റിന് സമാനമായ 2,450എംഎം വീല്‍ബേസാണ് സ്വിഫ്റ്റിലുമുള്ളത്. പുതിയ അലോയ് വീലുകള്‍ കൂടുതല്‍ പ്രീമിയം ലുക്ക് ഡിസയറിന് നല്‍കുന്നുണ്ട്. കൂടുതല്‍ ബൂട്ട് സ്‌പേസ് ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച വാഹനമായിരിക്കും പുതിയ ഡിസയര്‍. ഒപ്പം സണ്‍റൂഫും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനിടയുള്ള ഫീച്ചറാണ്.

ഉള്ളിലേക്കു വന്നാല്‍ ഫീച്ചറുകളിലും ഡാഷ് ബോര്‍ഡിലുമെല്ലാം സ്വിഫ്റ്റുമായി വലിയ സാമ്യതകളുണ്ട് ഡിസയറിന്. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആന്റ് ആപ്പിള്‍ കാര്‍പ്ലേ, പിന്നില്‍ എസി വെന്റുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെ പോവുന്നു പ്രധാന ഫീച്ചറുകള്‍. മുന്നിലേയും പിന്നിലേയും സീറ്റുകളില്‍ ആംറെസ്റ്റും പ്രതീക്ഷിക്കാം. 

80 എച്ച്പി, 112എന്‍എം, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ Z12E എന്‍ജിനാണ് ഡിസയറിലുള്ളത്. 5 ഗിയര്‍ മാനുവല്‍ ട്രാന്‍സ്മിഷനും 5 ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. കുറഞ്ഞ തടസങ്ങളുള്ള ബോഡി ഡിസൈന്‍ വഴി ഡിസയറിന് കൂടുതല്‍ ഇന്ധനക്ഷമത ലഭിച്ചേക്കുമെന്ന് കരുതപ്പെടുന്നു. സ്വിഫ്റ്റിന് ലിറ്ററിന് 25 കിമി ആണ് ഇന്ധനക്ഷമത. ഏഴ് ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ഡിസയര്‍ ജൂണ്‍ 15ന് ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

English Summary:

New Dzire Coming With Sunroof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com