പഞ്ചിനെ മറികടന്ന് സ്വിഫ്റ്റ്, ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി
Mail This Article
ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറെന്ന പദവി തിരിച്ചു പിടിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്. പുത്തന്‍ സ്വിഫ്റ്റും വന്നു, കണ്ടു, കീഴടക്കി... എന്ന വഴിയില്‍ തന്നെയാണ്. മെയ് മാസം തുടക്കത്തില്‍ പുറത്തിറങ്ങിയ സ്വിഫ്റ്റ് മെയ് മാസത്തിലെ തന്നെ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വിപണിയില്‍ 19,393 സ്വിഫ്റ്റ് കാറുകളാണ് മെയ് മാസത്തില്‍ വിറ്റത്. തൊട്ടു പിന്നില്‍ രണ്ടാമതുള്ള ടാറ്റ പഞ്ച് 18,949 എണ്ണമാണ് മെയ് മാസത്തില്‍ വിറ്റത്.
പഞ്ച് രണ്ടാമത്
കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തി വന്ന ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിനെയാണ് സ്വിഫ്റ്റിലൂടെ മാരുതി സുസുക്കി രണ്ടാമതാക്കിയിരിക്കുന്നത്. മാര്‍ച്ചില്‍ 17,547 യൂണിറ്റുകള്‍ വിറ്റ പഞ്ച് ഏപ്രിലില്‍ 19,158 യൂണിറ്റുകള്‍ വിറ്റിരുന്നു. സ്വിഫ്റ്റ് പുതുരൂപത്തിലെത്തിയ മെയ് മാസത്തില്‍ വില്‍പനയില്‍ പഞ്ചിന്(18,949) നേരിയ ഇടിവുണ്ടായി.
പഞ്ചിന്റെ വില്‍പനയിലെ ഇടിവും സ്വിഫ്റ്റിനെ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സഹായിച്ചു. വിഎക്‌സ്‌ഐ വകഭേദമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരിക്കുന്നത്. ആകെ 19,393 സ്വിഫ്റ്റുകളാണ് മെയ് മാസത്തില്‍ ഇന്ത്യയില്‍ വിറ്റത്. മെയ് ഒമ്പതിന് പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ വില 6.49 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 9.5 ലക്ഷം. പുറത്തിറങ്ങിയ മാസം തന്നെ വില്‍പനയില്‍ മുന്നിലെത്തിയതോടെ മികച്ച തുടക്കമാണ് സ്വിഫ്റ്റിന് ലഭിച്ചിരിക്കുന്നത്.
ഇന്ധനക്ഷമത, തുറുപ്പു ചീട്ട്
സ്വിഫ്റ്റിന്റെ വരവിനു മുമ്പ് ചെറുകാര്‍ വിപണിയില്‍ പഞ്ചായിരുന്നു മുന്നിലുണ്ടായിരുന്നത്. എസ് യു വികള്‍ക്കാണ് ആവശ്യക്കാരേറെ എന്ന ചിന്തയെ തിരുത്തുന്നതാണ് പഞ്ചിന്റേയും ഇപ്പോള്‍ സ്വിഫ്റ്റിന്റേയും മുന്നേറ്റം. ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രധാനമായും ആകര്‍ഷിക്കുന്ന ഇന്ധന ക്ഷമതയെന്ന തുറുപ്പു ചീട്ടാണ് സ്വിഫ്റ്റിലും മാരുതി പ്രയോഗിച്ചിരിക്കുന്നത്. ലിറ്ററിന് 25.75 കിമിയാണ് സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത. എതിരാളികളേക്കാളും പഴയ സ്വിഫ്റ്റിനേക്കാളും ഏറെ മികച്ചതാണിത്. സ്വിഫ്റ്റിന്റെ പുതിയ zസീരീസ് ത്രീ സിലിണ്ടര്‍ എന്‍ജിന്‍ പഴയതിനെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമാണ്.
എതിരാളികള്‍
ടാറ്റ പഞ്ച് തന്നെയാണ് സ്വിഫ്റ്റിന്റെ ഇന്ത്യയിലെ പ്രധാന എതിരാളി. 6.13 ലക്ഷം മുതല്‍ 10.23 ലക്ഷം വരെയാണ് ICE പഞ്ചിന്റെ വില. ടാറ്റ മോട്ടോഴ്‌സ് പഞ്ച് ഇവിയും പുറത്തിറക്കിയിട്ടുണ്ട്. 10.99 ലക്ഷം മുതല്‍ 15.49 ലക്ഷം വരെയാണ് ഇവിയുടെ വില. പഞ്ചിന്റെ വൈദ്യുത-ഐസിഇ മോഡലുകളെ സ്വിഫ്റ്റ് ഐസിഇ മോഡലാണ് മറികടന്നിരിക്കുന്നത്. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസും ഹ്യുണ്ടേയ് എക്‌സ്റ്ററുമാണ് സ്വിഫ്റ്റിന്റെ മറ്റു എതിരാളികള്‍. ഇതില്‍ ഐ10 മെയ് മാസത്തില്‍ 5,328 യൂണിറ്റുകളും എക്സ്റ്റര്‍ 7,697 യൂറിറ്റുകളും മാത്രമേ വിറ്റിട്ടുള്ളൂ.
ബുക്കിങ് 40,000
സ്വിഫ്റ്റിന് ലഭിച്ച ബുക്കിങും വില്‍പനയും മാരുതി സുസുക്കിയുടെ ഈ മോഡലിന് ലഭിക്കുന്ന ഇന്ത്യയിലെ ജനപ്രീതിക്കുള്ള തെളിവാണ്. ബുക്കിങില്‍ 83 ശതമാനവും മാനുവല്‍ ട്രാന്‍സ്മിഷനാണെന്നും 17 ശതമാനം മാത്രമാണ് ഓട്ടമാറ്റിക്കിനെന്നും കമ്പനി അറിയിക്കുന്നുണ്ട്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ(ഒ) വകഭേദങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ആകെ ബുക്കിങിന്റെ 60 ശതമാനവും ഈ രണ്ട് വകഭേദങ്ങള്‍ക്കാണ്. എന്‍ട്രി ലെവല്‍ വകഭേദമായ എല്‍എക്‌സ്‌ഐക്ക് വില്‍പനയില്‍ 11 ശതമാനം പങ്കുണ്ട്. ഉയര്‍ന്ന ZXI, ZXI+ വകഭേദങ്ങള്‍ ആകെ ബുക്കിങിന്റെ 19 ശതമാനം നേടിയിട്ടുണ്ട്.