ബജാജ് സിഎൻജി, ബിഎംഡബ്ല്യു സ്കൂട്ടർ, എൻഫീൽഡ് ഗൊറില; ഉടനെത്തുന്ന ഇരുചക്രവാഹനങ്ങൾ
Mail This Article
പുതിയ ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ നിരാശപ്പെടുത്തിയിട്ടില്ല 2024ലെ ആദ്യ പകുതി. രണ്ടാം പകുതിയും ഒട്ടും മോശമാവില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്കുന്ന സൂചന. ഡേടോണ 660, ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650, ഹീറോ സൂം 125, ഹീറോ സൂം 160, ഡ്യുകാറ്റി ഹൈബര്മോട്ടാഡ് 698 എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ഇന്ത്യയില്‍ ഇറങ്ങാനിരിക്കുന്ന ബൈക്കുകളും സ്കൂട്ടറുകളുടേയും പട്ടിക.
ബജാജ് സിഎന്‍ജി
കൂട്ടത്തിലെ ജനകീയ ബൈക്കാവാന്‍ സാധ്യതയുള്ള മോഡലാണ് ബജാജ് സിഎന്‍ജി. കരുത്തിന്റേയോ ചിലവിന്റേയോ കാര്യത്തിലല്ല കാര്യക്ഷമതയുടെ കാര്യത്തിലാണ് ബജാജ് സിഎന്‍ജി പ്രാധാന്യം നേടുന്നത്. ഇന്ധനവില വര്‍ധനകൊണ്ട് ജനം പൊറുതിമുട്ടുന്ന കാലത്ത് 'ഇന്ധനചിലവ് പകുതിയാക്കും' എന്ന ബജാജിന്റെ വാഗ്ദാനം മാത്രം മതി വലിയൊരു വിഭാഗത്തിന് സിഎന്‍ജി ബൈക്കിനായി കാത്തിരിക്കാന്‍. ജൂലൈ അഞ്ചിന് ബജാജ് സിഎന്‍ജി പുറത്തിറങ്ങും.
റോയല്‍ എന്‍ഫീല്‍ഡ് ഗൊറില 450
ഹിമാലയനു ശേഷം ലിക്വിഡ് കൂള്‍ഡ് ഷെര്‍പ 450 മോട്ടോറുമായി എത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലാണ് ഗൊറില 450. റോയല്‍എന്‍ഫീല്‍ഡ് വാഹനങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത മെലിഞ്ഞ രൂപമാണ് ഗൊറില 450ക്കുള്ളത്. ഏതാനും ടീസര്‍ ചിത്രങ്ങളും ദൃശ്യങ്ങളും ചോര്‍ന്നു കിട്ടിയതല്ലാതെ ഈ മോഡലിനെക്കുറിച്ച് ഔദ്യോഗികമായി റോയല്‍ എന്‍ഫീല്‍ഡ് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ജൂലൈ 17ന് എന്തായാലും എല്ലാ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവരും.
ബിഎംഡബ്ല്യു സിഇ 04
ഇലക്ട്രോണിക് ടൂവീലര്‍ വിഭാഗത്തിലേക്കുള്ള ബിഎംഡബ്ല്യുവിന്റെ ബെറ്റാണ് സിഇ 04 സ്കൂട്ടര്‍. 8.9kWh ബാറ്ററിയും 120kph കരുത്തുള്ള മോട്ടോറുമുള്ള ഈ പ്രീമിയം വാഹനത്തിന് 179 കിലോഗ്രാം ഭാരമുണ്ട്. ബജാജ് പള്‍സര്‍ എന്‍എസ്400Z ന്റെ ഭാരമുള്ള സിഇ 04 റൈഡിങ് അനുഭവത്തില്‍ ഒട്ടും പിന്നിലാവില്ലെന്നതാണ് ബിഎംഡബ്ല്യുവിന്റെ വാഗ്ദാനം. ജൂലൈ 24ന് സിഇ 04 പുറത്തിറങ്ങും.
ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650
സ്വാതന്ത്ര്യ ദിനത്തിനാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 എത്തുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വാഹനമായിരിക്കും ഇത്. റോട്ടക്സിന്റെ 652സിസി ലിക്വിഡ് കൂള്‍ഡ് എന്ജിന് 45 എച്ച്പി കരുത്തും പരമാവധി 55എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പ്രതീക്ഷിക്കുന്ന വില മൂന്നു ലക്ഷത്തിനോട് അടുപ്പിച്ചാണ്.
ഹീറോ സൂം 125ആര്
അപ്രിലിയ എസ്ആര്‍ 125 കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ 14 ഇഞ്ച് വീലില്‍ ഓടുന്ന 125 സിസിയുള്ള കരുത്തുറ്റ വാഹനമാണ് ഹീറോ സൂം 125ആര്. സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 9.5എച്ച്പി കരുത്തും പരമാവധി 10.14 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കാം.
ഹീറോ സൂം 160
ഹീറോ സൂം 160 ഈ വര്‍ഷം വരുമെങ്കിലും എന്നു വരുമെന്നതിന് ഔദ്യോഗിക വിശദീകരണമായിട്ടില്ല. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ സ്കൂട്ടറില്‍. 8,000ആര്‍പിഎമ്മില്‍ 14എച്ച്പി കരുത്തും 6,500ആര്‍പിഎമ്മില്‍ 13.7എന്‍എം ടോര്‍ക്കും ഈ 156സിസി സ്കൂട്ടര്‍ പുറത്തെടുക്കും.
ഡ്യുകാറ്റി ഹൈപ്പര്മോട്ടാഡ് 698
ഡ്യുകാറ്റിയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ ടീസര്‍ രൂപത്തില്‍ പുറത്തുവന്ന ഈ മോഡല്‍ ഇന്ത്യയില്‍ ഈ വര്‍ഷം തന്നെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തിറങ്ങിയാല്‍ ഇന്ത്യയിലെ ഏറ്റഴും വിലയേറിയ സിംഗിള്‍ സിലിണ്ടര്‍ ബൈക്കാവും ഇത്. കാരണം ഇന്ത്യക്കു വേണ്ടി ഈ മോട്ടോര്‍സൈക്കിള്‍ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് ഡ്യുകാറ്റിയുടെ പദ്ധതി. ലിക്വിഡ് കൂള്‍ഡ് 659 സിസി എന്ജിന് 9,750 ആര്‍പിഎമ്മില്‍ 77.5എച്ച്പിയും 8,000ആര്‍പിഎമ്മില്‍ 63 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.