ജീപ്പ് മെറിഡിയന് മുതൽ കിയ കാർണിവൽ വരെ; ഉടനെത്തുന്ന 7 സീറ്റ് വാഹനങ്ങൾ ഇവർ
Mail This Article
ചെറുകാറുകളില്‍ നിന്നും എസ് യു വികളിലേക്ക് ഇന്ത്യന്‍ കാര്‍ വിപണി വളര്‍ന്നു കഴിഞ്ഞു. കൂടുതല്‍ വലിയ 7 സീറ്റര്‍ വാഹനങ്ങളുടെ നിരവധി മോഡലുകളാണ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കിയ, ജീപ്പ്, ബിവൈഡി, ജെഎസ്ഡബ്ല്യു എംജി എന്നിങ്ങനെ മുന്‍നിര കമ്പനികളുടെ 7 സീറ്റര്‍ വാഹനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കൂടുതല്‍ വലിയ ഫാമിലി കാര്‍ മുതല്‍ ആഡംബര കാറുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ജീപ്പ് മെറിഡിയന്
മുഖം മിനുക്കിയെത്തുന്ന ജീപ്പ് മെറിഡിയന് ഈ വര്‍ഷം അവസാനത്തോടെ എത്തും. കൂടുതല്‍ മികച്ച ഇന്റീരിയര്‍ ഫീച്ചറുകളും അഡാസ് സുരക്ഷാ ഫീച്ചറുകളും ജീപ്പ് മെറിഡിയന് ഫേസ് ലിഫ്റ്റഡില് പ്രതീക്ഷിക്കാം. റീഡിസൈന്‍ ചെയ്ത ഗ്രില്‍, മാറ്റങ്ങളുള്ള മുന്നിലേയും പിന്നിലേയും ബംപറുകള്‍, പുതിയ അലോയ് വീല്‍ എന്നിങ്ങനെയുള്ള പുറംമോടിയിലെ മാറ്റങ്ങളും പ്രതീക്ഷിക്കാം. അതേസമയം എന്‍ജിനില്‍ മാറ്റങ്ങളുണ്ടാവില്ല.
കിയ കാര്‍ണിവലും ഇവി9ഉം
രണ്ട് 7 സീറ്ററുകളാണ് കിയ ഇന്ത്യന്‍ വിപണിയിലേക്കു കൊണ്ടുവരുന്നത്. ഒക്ടോബര്‍ മൂന്നിന് കിയ കാര്‍ണിവല്‍ ഇന്ത്യയിലെത്തും. ഇന്റീരിയറിലും എക്സ്റ്റീരിയറിലും മാറ്റങ്ങളോടെയാണ് കാര്‍ണിവലിന്റെ വരവ്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും തുടുരം. ലിമസീന് വകഭേദവും കിയ കാര്ണിവലിലുണ്ടാവും. പ്രീബുക്കിങ് ആരംഭിച്ചിട്ടുള്ള കിയ കാര്‍ണിവല്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുകയാണ് ചെയ്യുക.
കാര്‍ണിവലിനൊപ്പം കിയ ഇവി9ഉം ഒക്ടോബര്‍ മൂന്നിനു തന്നെ എത്തുന്നുണ്ട്. കിയയുടെ ഫ്ളാഗ്ഷിപ്പ് എസ് യു വിയായ ഇവി9 ഇറക്കുമതി ചെയ്യുന്ന മോഡലായാണ് എത്തുന്നത്. കിയ ഇവി9ന്റെ 6 സീറ്ററായിരുന്നു ഇതുവരെ ഇന്ത്യയില്‍ ഉണ്ടായിരുന്നത്. കിയയുടെ ഇ-ജിഎംപി സ്കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഇവി9ല്‍ ഓള് വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്. 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലസ് ചാര്‍ജര്‍, അഡാസ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
എംജിയും ബിവൈഡിയും
മുഖം മിനുക്കിയെത്തുന്ന 7 സീറ്റര്‍ ഗ്ലോസ്റ്ററുമായാണ് എംജിയുടെ വരവ്. എന്‍ജിനിലും ട്രാന്‍സ്മിഷനിലും മാറ്റം വരുത്താതെ ഇന്റീരിയറിലും ഡിസൈനിലും മാറ്റങ്ങളോടെയാവും ഗ്ലോസ്റ്ററെത്തുക. ടൊയോട്ട ഫോര്‍ച്യൂണറിന്റെ എതിരാളിയാണ് ഗ്ലോസ്റ്റര്‍. വൈദ്യുത മോഡലുകളും ഐസിഇ മോഡലുകളും ഒരുപോലെ അവതരിപ്പിക്കുകയെന്ന തന്ത്രം എംജി ഇന്ത്യയില്‍ തുടരുമെന്ന സൂചനയാണ് ഗ്ലോസ്റ്ററും നല്‍ുന്നത്. അടുത്തിടെ വിന്‍ഡ്സര്‍ ഇവിയെ ഇന്ത്യയില്‍ അവതരിപ്പിച്ച എംജി എല്ലാ ഇവി മോഡലുകള്‍ക്കും ബാറ്ററി വാടകക്ക് നല്കുന്ന BaaS പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
ഇ6 എംപിവിയുടെ അപ്ഡേറ്റഡ് വകഭേദമായ ഇമാക്സ് 7 ആണ് ബിവൈഡി ഇന്ത്യയിലെത്തിക്കുന്നത്. ഇന്തോനേഷ്യയില്‍ എം6 എന്ന പേരില്‍ ഇറങ്ങുന്ന വാഹനമാണിത്. അടുത്തമാസം ഇമാക്സ് 7 ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മുന്നോടിയായി പ്രീബുക്കിങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2024 അവസാനിക്കുമ്പോഴേക്കും 7 സീറ്റര്‍ വാഹനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നിലെ ഓപ്ഷനുകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതില്‍ ഏതൊക്കെ മോഡലുകള്‍ ഇന്ത്യക്കാരുടെ മനസു കീഴടക്കുമെന്ന് കാത്തിരുന്നു കാണാം.