ADVERTISEMENT

നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ കാര്‍ണിവലിന് ലഭിച്ചിട്ടുണ്ട്.

Kia Carnival
Kia Carnival

വില

വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) യൂണിറ്റുകളായാണ് കാര്‍ണിവല്‍ ഇന്ത്യയിലെത്തുക. മുന്‍ തലമുറ കിയ കാര്‍ണിവെലിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഭാവിയില്‍ ഇന്ത്യയില്‍ കാര്‍ണിവലിന്റെ അസംബ്ലിങ് ആരംഭിക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിലയില്‍ കാര്യമായ കുറവുവരും. നിലവില്‍ പ്രധാന എതിരാളിയായ ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാള്‍(30.98 ലക്ഷം രൂപ) വില കൂടുതലാണ് 63.90 ലക്ഷം രൂപ മുതലുള്ള കിയ കാര്‍ണിവലിന്. 

kia-carnival-3

ഇന്റീരിയറും എക്സ്റ്റീരിയറും

സെപ്റ്റംബർ 16 മുതല്‍ തന്നെ കിയ കാര്‍ണിവലിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപയാണ് ബുക്കിങ് തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യാന്തര വിപണിയിലുള്ള മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. നാലാം തലമുറ കാര്‍ണിവെലിന് മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സിയായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലും കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകളും L രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും 18 ഇഞ്ച് ഡയമണ്ട് കട്ട് ഇലോയ് വീലുകളും പിന്നില്‍ ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും പുത്തന്‍ കാര്‍ണിവലിലുണ്ട്. 

kia-carnival-5

ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്യൂഷന്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളും നേവി-മിസ്റ്റി ഗ്രേ, ടസ്‌കന്‍-ഉംബര്‍ എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ തീം ഇന്റീരിയര്‍ ഓപ്ഷനുകളും. 2+2+3 സീറ്റിങ് ലേ ഔട്ടുള്ള കാര്‍ണിവലില്‍ രണ്ടാം നിരയില്‍ ഹീറ്റിങ്, വെന്റിലേഷന്‍ ലെഗ് സപ്പോര്‍ട്ട് ഫീച്ചറുകളുള്ള ക്യാപ്റ്റന്‍ സീറ്റുകളും നല്‍കിയിരിക്കുന്നു. 

kia-carnival-4
kia-carnival

ഫീച്ചറുകള്‍

12.3 ഇഞ്ച് കര്‍വ്ഡ് ഡിസ്‌പ്ലേ, 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 12 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫ്, 4 സ്‌പോക് സ്റ്റീറിങ് വീല്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 11 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേ എന്നിങ്ങനെ നീണ്ടു കിടക്കുന്ന ഫീച്ചറുകളുടെ നിര. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ വന്നതോടെ വാഹനത്തിനുള്ളിലെ സൗകര്യം വിശാലമായിട്ടുണ്ട്. ക്യാപ്റ്റന്‍ സീറ്റുകളില്‍ ഹീറ്റിങ്, വെന്റിലേഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് കൂടി വന്നിട്ടുണ്ട്. പവേഡ് ടെയില്‍ഗേറ്റും പവേഡ് സ്ലൈഡിങ് പിന്‍ ഡോറുകളും യാത്രയുടെ അനായാസത വര്‍ധിപ്പിക്കും.

സുരക്ഷാ സൗകര്യങ്ങളില്‍ 8 എയര്‍ ബാഗുകളും റിയര്‍ ഡിസ്‌ക് ബ്രേക്കും ഇഎസ്‌സിയും ഹില്‍ അസിസ്റ്റ് കണ്‍ട്രോളും ടയര്‍ പ്രഷര്‍ മോണിറ്ററും മുന്നിലേയും പിന്നിലേയും വശങ്ങളിലേയും പാര്‍ക്കിങ് സെന്‍സറുകളും 360 ഡിഗ്രി ക്യാമറയുമുണ്ട്. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് കാര്‍ണിവെലിന് കിയ നല്‍കിയിരിക്കുന്നത്.  ലൈന്‍ കീപ്പ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ഹൈബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെ പോവുന്നു അഡാസ് ലെവല്‍ 2 സൗകര്യങ്ങള്‍. 

Kia Canival
Kia Canival

പവര്‍ട്രെയിന്‍

മുന്‍ഗാമിയെ പോലെ നാലാം തലമുറ കിയ കാര്‍ണിവലിലും 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് കരുത്ത്. 193എച്ച്പി കരുത്തും പരമാവധി 441എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം സൗജന്യ അറ്റകുറ്റ പണികളും വാറണ്ടിയും റോഡ് സൈഡ് അസിസ്റ്റന്‍സും കിയ തങ്ങളുടെ കാര്‍ണിവല്‍ ഉടമകള്‍ക്ക് ഉറപ്പു നല്‍കുന്നു.

English Summary:

Kia Carnival Arrives in India: Luxurious 7-Seater Priced at ₹63.90 Lakh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com