മാസ് ലുക്കിൽ അപ്രീലിയ എസ്എക്സ്ആർ 125
Mail This Article
125 സിസി വിഭാഗത്തിൽ മാറ്റുരയ്ക്കാൻ അപ്രീലിയയുടെ പുതിയ മോഡൽ. ഡിസൈൻ മികവുകൊണ്ടും പെർഫോമൻസുകൊണ്ടും വിപണിയിൽ താരമായ എസ്എക്സ്ആർ 160യുടെ ഡിസൈൻ കടംകൊണ്ടാണ് എസ്എക്സ്ആർ125 എത്തിയിരിക്കുന്നത്. ബോഡി പാനലുകളും മുൻ ഫെയറിങ്ങുമെല്ലാം 160 യോടു സമം. അപ്രീലിയ ആർഎസ് 660 സൂപ്പർ സ്പോർട് ബൈക്കിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു രൂപകൽപന ചെയ്ത എൽഇഡി ഹെഡ്‌ലാംപാണ്.
ഫുള്ളി ഡിജിറ്റലാണ് മീറ്റർ കൺസോൾ. എൻജിൻ ആർപിഎം,നിലവിലെ ഇന്ധനക്ഷമത, ശരാശരി വേഗം, ഇന്ധന നില എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ കൺസോളിൽനിന്നറിയാം. യുഎസ്ബി പോർട്ട് ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുമുണ്ട്.
12 ഇഞ്ച് അലോയ് വീലുകൾ. മുന്നിൽ ടെലസ്കോപിക് സസ്പെൻഷനും പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ്. മാറ്റ് ബ്ലാക്ക് ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലൂ, ഗ്ലോസി റെഡ് നിറങ്ങളിൽ ലഭ്യമാകും. സീറ്റിനടിയിൽ ഫുൾഫേസ് ഹെൽമറ്റ് വയ്ക്കാനുള്ള ഇടമുണ്ട്.
കംബൈൻഡ് ബ്രേക്കിങ് സിസ്റ്റമാണ്. എബിസ് ഇല്ല. അപ്രീലിയയുടെ എസ്ആർ 125 ൽ ഉള്ള അതേ 3 വാൽവ് സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ്. കൂടിയ കരുത്ത് 9.5 ബിഎച്ച്പി. ടോർക്ക് 9.2 എൻഎം. 5000 രൂപയാണ് ബുക്കിങ് ചാർജ്. ഒാൺലൈൻ വഴി ബുക്ക് ചെയ്യാം. വില 1.15 ലക്ഷം (എക്സ് ഷോറും).
English Summary: Aprilia Sxr 125 Preview