ബാറ്ററി വാടകയ്ക്ക് എടുക്കുന്ന ഫീച്ചർ സൂപ്പർ ഹിറ്റ്; തുടർച്ചയായി ഒന്നാമത് എം ജി വിൻഡ്സർ
Mail This Article
ഡിസംബറിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന സ്ഥാനം എംജി വിന്‍ഡ്‌സര്‍ ഇവിക്ക്. തുടർച്ചായായ മൂന്നാം മാസമാണ് എംജി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്‌സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ പകുതിയിലേറെയും വിന്‍ഡ്‌സറാണ്. ഇതോടെ എംജി ഇന്ത്യയുടെ തലവരമാറ്റിയ മോഡലായി മാറുകയാണ് വിന്‍ഡ്‌സര്‍ ഇവി.
പെട്രോള്‍ കാര്‍ വിലയില്‍ ഒരു ഇവിയെന്ന വിശേഷണത്തോടെ വിപണിയിലേക്കെത്തിയ വിന്‍ഡ്‌സര്‍ ഇവിയെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തോടെ വിന്‍ഡ്‌സര്‍ ഇവിയുടെ ഇന്ത്യയിലെ വില്‍പന 10,000 കടന്നു. വിന്‍ഡ്‌സര്‍ സൂപ്പര്‍ഹിറ്റായത് എംജിയുടെ ഇന്ത്യയിലെ പ്രകടനത്തേയും വലിയ തോതില്‍ സഹായിക്കുന്നുണ്ട്. എംജിയുടെ കാര്‍ വില്‍പന ഇക്കഴിഞ്ഞ ഡിസംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വില്‍പന വളര്‍ച്ചയാണ് നേടിയത്.
വിന്‍ഡ്‌സര്‍ ഇവിയുടെ വരവ്
സിഎസിനും കോമറ്റിനും ശേഷം ഇന്ത്യന്‍ വിപണിയില്‍ എംജി അവതരിപ്പിച്ച മൂന്നാമത്തെ ഇവി മോഡലാണ് വിന്‍ഡ്‌സര്‍ ഇവി. ഡിസംബറില്‍ എംജിയുടെ ഇന്ത്യയിലെ ആകെ വില്‍പനയുടെ 70 ശതമാനവും ഈ മൂന്നു മോഡലുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ സീസണിലാണ് എംജി വിന്‍ഡ്‌സറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 13.50 ലക്ഷം രൂപയായിരുന്നു വില. അതേസമയം ബാറ്ററി ആസ് എ സര്‍വീസ്(ബാസ്) മോഡല്‍ പ്രകാരം 9.99 ലക്ഷം രൂപക്ക് വിന്‍ഡ്‌സറിനെ സ്വന്തമാക്കാമെന്നു കൂടി വന്നതോടെ പെട്രോള്‍ കാറിന്റെ വിലയില്‍ ഇവിയെന്ന വാഗ്ദാനം പാലിക്കാന്‍ എംജിക്കാവുകയും ചെയ്തു.
ബാസ് പദ്ധതി പ്രകാരം എംജി വിന്‍ഡ്‌സര്‍ വാങ്ങിയാല്‍ പ്രതിമാസം ഓടുന്ന കിലോമീറ്ററിന് മൂന്നര രൂപ വച്ച് നല്‍കേണ്ടി വരും. അപ്പോഴും പെട്രോള്‍ കാറിനെ അപേക്ഷിച്ച് ചിലവു കുറവാണെന്നതും ശ്രദ്ധേയമാണ്. ജെഎസ്ഡബ്ല്യു എംജി ഇന്ത്യ ഹെക്ടര്‍, ഗ്ലോസ്റ്റര്‍, അസ്റ്റര്‍ എന്നീ ഐസിഇ (ഇന്റേണൽ കംപസ്റ്റ്യൻ എൻജിൻ– പെട്രോൾ,ഡീസൽ കാറുകൾ) മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇതില്‍ അസ്റ്ററിനും ഗ്ലോസ്റ്ററിനും ഈ വര്‍ഷം ഫേസ്‌ലിഫ്റ്റ് ലഭിക്കുകയും ചെയ്യും. സൈബര്‍സ്റ്റര്‍ പോലുള്ള പ്രീമിയം മോഡലുകളും എംജി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കയാണ്.
എന്തുകൊണ്ട് വിന്‍ഡ്‌സര്‍ ഇവി
കീശ കാലിയാക്കാത്ത എല്ലാ സൗകര്യങ്ങളുമുള്ള ഇവി തേടി നടന്ന പല ഉപഭോക്താക്കളും ഒടുവില്‍ തട്ടി നിന്നത് വിന്‍ഡ്‌സര്‍ ഇവിയിലായിരുന്നു. 4,295 എംഎം നീളവും 2,700 വീല്‍ബേസുമുള്ള വിന്‍ഡ്‌സര്‍ ഇവി താരതമ്യേന വിശാലമായ ഉള്‍ഭാഗവുമുള്ള വാഹനമാണ്. മുന്നിലും പിന്നിലും സീറ്റുകളില്‍ ആവശ്യത്തിന് കാലു വെക്കാനുള്ള സ്ഥലവുമുണ്ട്. വിശാലമായ സൗകര്യങ്ങളുള്ള ഇവി അന്വേഷിച്ച കുടുംബങ്ങള്‍ പലരും വിന്‍ഡ്‌സറിലേക്കെത്തി.
മുഴുവന്‍ വില നല്‍കി വാങ്ങിയാലും ബാസ് മോഡലില്‍ വാങ്ങിയാലും വിലയുടെ കാര്യത്തില്‍ വിന്‍ഡ്‌സറിന് മുന്‍തൂക്കമുണ്ട്. 38കിലോവാട്ട് ബാറ്ററിയുള്ള വാഹനം 331 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 136എച്ച്പി കരുത്തും പരമാവധി 200 എന്‍എം ടോര്‍ക്കും വിന്‍ഡ്‌സര്‍ ഇവി പുറത്തെടുക്കും. മുഴുവന്‍ പണവും നല്‍കി വാങ്ങുന്നവര്‍ക്ക് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആകെ 1.15 രൂപ മാത്രമേ വരുന്നുള്ളൂവെന്നതും നിരവധി പേരെ ഈ വാഹനത്തിലേക്ക് ആകര്‍ഷിച്ചു.
പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന പ്രതിദിനം 100 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു കാറിന് 15 കിലോമീറ്ററാണ് ഇന്ധനക്ഷമതയെങ്കില്‍ ഒരു ദിവസത്തെ ഇന്ധന ചിലവ് 632 രൂപ വരും. ഇത് മാസത്തേക്കാണെങ്കില്‍ 18,960 രൂപും വര്‍ഷത്തേക്കാണെങ്കില്‍ 2,30,680 രൂപയും വരും. ഇതേ ദൂരം വിന്‍ഡ്‌സര്‍ ഇവിയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ പ്രതിദിന ഇന്ധന ചിലവ് 115 രൂപ മാത്രം. മാസത്തേക്ക് വിന്‍ഡ്‌സര്‍ ഇവിക്ക് 3,450 രൂപയും വര്‍ഷത്തേക്ക് 41,400 രൂപയും മാത്രമാണ് വിന്‍ഡ്‌സര്‍ ഇവിക്ക് ചിലവു വരുക.
ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല വിന്‍ഡ്‌സര്‍ ഇവി. ഫുള്‍ പനോരമിക് സണ്‍ റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, 135 ഡിഗ്രി വരെ മടക്കാവുന്ന പിന്‍ സീറ്റുകള്‍, സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍. ലൈഫ് ടൈം ബാറ്ററി വാറന്റിയോടു കൂടിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി അവതരിപ്പിച്ചത്. കൂടാതെ എല്ലാ പൊതു ചാര്‍ജറുകളിലും ഒരു വര്‍ഷം വരെ സൗജന്യ ചാര്‍ജിങ്(ഇ-ഹബ് ആപ്പിലൂടെ) സൗകര്യവും ലഭിക്കും.