എസ്യുവി നാലാമനായി ടിഗ്വാൻ, പ്രൗഢമായി രണ്ടാം വരവ്: വില 31.99 ലക്ഷം രൂപ
Mail This Article
രണ്ടാം വരവിൽ കൂടുതൽ കരുത്തനായി ഫോക്സ്‌വാഗൻ ടിഗ്വാൻ. എലഗൻസ് എന്ന ഒറ്റ വകഭേദത്തിൽ മാത്രം ലഭിക്കുന്ന വാഹനത്തിന് 31.99 ലക്ഷം രൂപമാണ് എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് പിൻവലിച്ച ടിഗ്വാൻ കൂടുതൽ സ്റ്റൈലിഷായാണ് വീണ്ടുമെത്തിയത്. പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിർമാണം ഔറംഗാബാദ് ശാലയിൽ കഴിഞ്ഞ മാസം ഫോക്സ്‍വാഗൻ ആരംഭിച്ചിരുന്നു. ഈ എസ്‌യുവി വിപണിയിലെത്തിയതോടെ ഈ വർഷം നാലു പുതിയ എസ്‍യുവികൾ എന്ന വാഗ്ദാനം പാലിച്ചെന്ന് ഫോക്സ്‌വാഗൻ ഇന്ത്യ അറിയിച്ചു.
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ എസ്‍യുവിയാണ് ഇന്ത്യയിൽ എത്തിച്ചത്. ക്രോം ഫിനിഷിലുള്ള മുൻ ഗ്രില്ലാണ് പുതിയ ടിഗ്വാനിൽ. എൽഇഡി മെട്രിക്സ് ഹെഡ്‌ലാംപും എൽഇഡി ഡേടൈം റണ്ണിങ് ലാംപുമുണ്ട്, ട്രയാങ്കുലർ ആകൃതിയിലുള്ള ഫോഗ്‌ലാംപുമുണ്ട്. വശങ്ങളിൽ കൂടുതൽ പ്രധാന്യമുള്ള ക്യാരക്റ്റർ ലൈനുകളാണ്. കൂടാതെ പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിരിക്കുന്നു. ഉൾഭാഗത്ത് 10 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്.
എംക്യൂബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് കരുത്തേകുന്നത് 2 ലീറ്റർ ടിഎസ്ഐ എൻജിനാണ്. ഏഴു സ്പീഡ് ഡിഎസ്ജിയാണ് ട്രാൻസ്മിഷൻ. അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന ഈ എസ്‍യുവി, ഹ്യുണ്ടേയ് ട്യൂസോൺ, ജീപ്പ് കോംപസ്, സിട്രോൺ സി5 എയർക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും വിപണിയിൽ മത്സരിക്കുക.
English Summary: New Volkswagen Tiguan SUV Launched In India