ബൂട്ടും കുരിശുമാലയുമായ് 'ലൂചെ'; ജൂബിലി വർഷത്തിനായുള്ള വത്തിക്കാന്റെ ഔദ്യോഗിക ചിഹ്നം
Mail This Article
റോം ∙ കത്തോലിക്കാ സഭയുടെ 2025 ജൂബിലിവർഷത്തിനായുള്ള ഔദ്യോഗിക ചിഹ്നം വത്തിക്കാൻ പുറത്തിറക്കി. ഇറ്റാലിയൻ ഭാഷയിൽ ‘വെളിച്ചം’ എന്നർഥമുള്ള ‘ലൂചെ’എന്നാണ് ഔദ്യോഗിക ചിഹ്നത്തിനു പേരിട്ടിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള റെയിൻകോട്ടും ചെളിനിറഞ്ഞ ബൂട്ടും കുരിശുമാലയുമാണ്, തിളങ്ങുന്ന നീലക്കണ്ണുകളുള്ള 'ലൂചെ'യുടെ വേഷം. മഞ്ഞ റെയിൻകോട്ട്, വത്തിക്കാൻ പതാകയേയും ജീവിത കൊടുങ്കാറ്റുകളിലൂടെയുള്ള യാത്രയെയുമാണ് സൂചിപ്പിക്കുന്നത്. അവളുടെ ചെളിപുരണ്ട ബൂട്ടുകൾ, ദീർഘവും ബുദ്ധിമുട്ടുള്ളതുമായ യാത്രയെ പ്രതിനിധീകരിക്കുന്നു.
യുവജനതയെ പ്രതീക്ഷയിലേക്കും കൂടുതൽ വിശ്വാസത്തിലേക്കും നയിക്കുക എന്നതാണ് ജൂബിലിവർഷത്തിലെ പ്രധാന പരിഗണനാവിഷയമെന്ന്, ഔദ്യോഗിക ചിഹ്നം അനാച്ഛാദനം ചെയ്തുകൊണ്ട് വത്തിക്കാനിലെ ചീഫ് ജൂബിലി സംഘാടകനായ ആർച്ച് ബിഷപ് റിനോ ഫിസിഖെല്ല പറഞ്ഞു. കത്തോലിക്കാ സഭയിൽ കൃപയുടെയും തീർഥാടനത്തിന്റെയും ഒരു പ്രത്യേക വിശുദ്ധ വർഷമാണ് ജൂബിലി.
2024 ലെ ക്രിസ്മസ് രാവിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെ ജൂബിലി വർഷത്തിനു തുടക്കമാകും. 2026 ജനുവരി ആറിന് വിശുദ്ധവർഷാചാരണം അവസാനിക്കുന്നതിനുള്ളിൽ റോമിലേക്ക് 30 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളും തീർഥാടകരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂബിലി വർഷത്തോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും വത്തിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്.