ഇത് തൊഴിലാളികളുടെ വിജയം: ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; ഗൾഫ് മാതൃകയിൽ 200 കമ്പനികൾ

Mail This Article
ലണ്ടൻ ∙ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലിയെന്ന നയം സ്വീകരിച്ച് യുകെയിലെ കമ്പനികൾ. 200 ബ്രിട്ടിഷ് കമ്പനികളാണ് ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന രീതി സ്വകരിച്ചതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 4 ഡേ വീക്ക് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 200 കമ്പനികളിലായി 5,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. മാർക്കറ്റിങ്, ടെക്നോളജി മേഖലയിലുള്ള കമ്പനികളാണ് ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന രീതി ഏറ്റവും കൂടുതൽ സ്വീകരിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് വരാതെയാണ് ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന രീതി പിന്തുടരുന്നത്. ഈ മാറ്റം ആദ്യം സ്വീകരിച്ചത് ഏകദേശം 30 മാർക്കറ്റിങ്, പരസ്യം, പ്രസ് റിലേഷൻസ് സ്ഥാപനങ്ങളാണ്. പിന്നാലെ 29 ചാരിറ്റി, എൻജിഒ, സോഷ്യൽ കെയർ വ്യവസായ അധിഷ്ഠിത സംഘടനകളും 24 ടെക്നോളജി, ഐടി, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളും രംഗത്തെത്തി. പിന്നീട്, ബിസിനസ്, കൺസൾട്ടിങ്, മാനേജ്‌മെന്റ് മേഖലകളിലെ മറ്റ് 22 കമ്പനികളും മാറ്റത്തെ ഇരുകയ്യും നീട്ടി സ്വകരിച്ചു.
ഇതുവരെ, ലണ്ടൻ ആസ്ഥാനമായുള്ള സ്ഥാപനങ്ങളാണ് മാറ്റത്തിൽ മുന്നിൽ. ലണ്ടനിൽ മാത്രം 59 കമ്പനികളാണ് പുതിയ രീതി പിന്തുടരുന്നത്. ശമ്പളം നഷ്ടപ്പെടാത്ത നാല് ദിവസത്തെ രീതി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് ഫൗണ്ടേഷന്റെ പ്രചാരണ ഡയറക്ടർ ജോ റൈൽ പറഞ്ഞു. ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ ഉൾപ്പെടെ ലേബർ പാർട്ടിയിലെ നിരവധി മുതിർന്ന രാഷ്ട്രീയക്കാരും കമ്പനികളുടെ പുതിയ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.