ADVERTISEMENT

മനാമ ∙ ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ  പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. അത് കൊണ്ട് തന്നെ ഈ കാലയളവിലാണ് മിക്ക ഗൾഫ് പ്രവാസികളും നാട്ടിലേക്ക് കുടുംബസമേതം യാത്ര ചെയ്യുന്നത്.

ആറ് മാസം മുൻപ് തന്നെ വിമാനടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങൾ ഉള്ളതിനാലും നേരത്തെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്ക് കുറവായതിനാലും പലരും ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തു തുടങ്ങിയതായി ട്രാവൽ ഏജൻസികൾ പറഞ്ഞു. ഈ കാലയളവിൽ തുടക്കത്തിൽ നിരക്ക് കുറഞ്ഞിരുന്നുവെങ്കിലും വെബ്‌സൈറ്റ് വഴിയും നേരിട്ടും അന്വേഷണങ്ങൾ കൂടിവരുന്നതോടെ വിമാനക്കമ്പനികൾ നിരക്ക് കൂട്ടാനാണ് സാധ്യത.

അന്താരാഷ്ട്ര വിമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ളവയുടെ ഇക്കണോമി ക്ലാസിൽ പോലും മറ്റു ജിസിസി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് അധികമാണ്. ബഹ്‌റൈനിലെ പ്രവാസികൾ പലപ്പോഴും ഇതിനെതിരെ പരാതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും സീസണുകളിൽ യാത്രാനിരക്ക് ഒരിക്കലും കുറയാറില്ല.

Image Credit: Bahrain Airport
Image Credit: Bahrain Airport

∙ കണ്ണൂരിലേക്ക് നിരക്ക് ഉയർന്നുതന്നെ
കണ്ണൂരിൽ വിമാനത്താവളം വരുന്നതോടെ മലബാറിലേക്കുള്ള യാത്രാനിരക്ക് കുറയുമെന്ന് ആശ്വസിച്ചിരുന്ന വടക്കേ മലബാറിലെ യാത്രക്കാർക്ക് ഇപ്പോഴും കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ താൽപര്യമില്ല. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്ക് എന്നത് തന്നെ പ്രധാന പ്രശ്നം.

കണ്ണൂരിൽ യാത്രക്കാരെ ഇറക്കി കോഴിക്കോട്ടേക്ക് പോകുന്ന വിമാനങ്ങളിൽ പോലും കോഴിക്കോട്ടേ നിരക്കിനേക്കാൾ കൂടുതൽ തുകയാണ് കണ്ണൂർ യാത്രക്കാർ നൽകേണ്ടത്. അത് കൊണ്ട് തന്നെ കണ്ണൂർ വിമാനത്താവളത്തിന് സമീപമുള്ള ബഹ്‌റൈൻ പ്രവാസികൾ ഇപ്പോഴും ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളമോ കൊച്ചിയോ ആണ്. നിരക്ക് വർധനവും എല്ലാ ദിവസവും കണ്ണൂർ സെക്ടറിലേക്ക് വിമാനം ഇല്ലെന്നുള്ളതും കണ്ണൂരിനെ പ്രവാസികൾ മാറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്.

∙ പന്ത്രണ്ടാം ക്ലാസുകാരുടെ മടക്കം; എൻട്രസ് പരീക്ഷകൾ, യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബഹ്‌റൈൻ പ്രവാസികൾ
ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ തുടർപഠനം ഇന്ത്യൻ വിദ്യാർഥികൾ അധികം പേരും ആഗ്രഹിക്കുന്നില്ല. സ്വദേശി സർവകലാശാലകളിലെ ഉയർന്ന ഫീസും പ്രഫഷനൽ കോഴ്‌സുകളുടെ അഭാവവും കാരണം പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഇന്ത്യൻ വിദ്യാർഥികൾ പലരും ഉന്നതപഠനം വിദേശ രാജ്യങ്ങളിലോ സ്വദേശത്തോ നടത്താനാണ് ആഗ്രഹിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്
ചിത്രത്തിന് കടപ്പാട്: ശുഭപ്രഭ രാജീവ്

ബഹ്‌റൈനിലെ ഏഴോളം ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് കഴിയുന്ന വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങുന്ന സമയത്ത് വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ബഹ്‌റൈനിൽ അടുത്ത കാലത്തായി എൻട്രൻസ് പരീക്ഷകൾക്ക് കേന്ദ്രം അനുവദിക്കപ്പെട്ടു എന്നത് മാത്രമാണ് ഇതിനിടയിൽ ആശ്വാസത്തിന് വക നൽകുന്നത്. അല്ലെങ്കിൽ അതിനും കൂടി ഒരു യാത്ര വേണ്ടിവരുമായിരുന്നു.

English Summary:

GCC Announced Summer Holidays: Expats ready to go Hometown and airlines gearing up for surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com