റൺമല തീർത്ത ഗുജറാത്തിന് അതേനാണയത്തിൽ തിരിച്ചടി; ആറു വിക്കറ്റ് ജയം, വനിതാ പ്രിമിയർ ലീഗിൽ ‘റോയൽ’ തുടക്കമിട്ട് ആർസിബി

Mail This Article
വഡോദര∙ വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ, ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ റൺമല അനായാസം കീഴടക്കി നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) വിജയത്തുടക്കം. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ ആവേശകരമായ മത്സരത്തിൽ ആറു വിക്കറ്റിനാണ് ആർസിബി ഗുജറാത്തിനെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. ഒൻപതു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ആർസിബി അനായാസം വിജയത്തിലെത്തി.
അർധസെഞ്ചറി നേടിയ എലിസ് പെറി, വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ്, അവസാന ഓവറുകളിൽ തകർത്തടിച്ച ഓൾറൗണ്ടർ കനിക അഹൂജ എന്നിവരാണ് ആർസിബിക്ക് വിജയം സമ്മാനിച്ചത്. 27 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 64 റൺസുമായി പുറത്താകാതെ നിന്ന റിച്ച ഘോഷാണ് ആർസിബിയുടെ ടോപ് സ്കോറർ. ദിയേന്ദ്ര ഡോട്ടിനെതിരെ സിക്സറിലൂടെയാണ് റിച്ച ടീമിന് വിജയം സമ്മാനിച്ചത്.
എലിസ് പെറി 34 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്ത് പുറത്തായി. കനിക അഹൂജ 13 പന്തിൽ നാലു ഫോറുകൾ സഹിതം 30 റൺസുമായി പുറത്താകാതെ നിന്നു. രാഘവി ബിഷ്ത് 27 പന്തിൽ മൂന്നു ഫോറുകൾ സഹിതം 25 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥന (ഏഴു പന്തിൽ ഒൻപത്), ഡാനിയേല വയാട്ട്–ഹോജ് (നാലു പന്തിൽ നാല്) എന്നിവർ നിരാശപ്പെടുത്തിയിട്ടും ജയിക്കാനായത് ആർസിബിക്ക് നേട്ടമായി.
രണ്ടിന് 14 റൺസ് എന്ന നിലയിൽ തകർന്ന ആർസിബിക്ക്, മൂന്നാം വിക്കറ്റിൽ എലിസ് പെറി – രാഘവി ബിഷ്ത് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. വെറും 54 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 86 റൺസാണ്. പിന്നീട് പിരിയാത്ത അഞ്ചാം വിക്കറ്റിൽ 37 പന്തിൽ 93 റൺസ് അടിച്ചുകൂട്ടി റിച്ച ഘോഷ് – കനിക സഖ്യം ആർസിബിയെ വിജയത്തിലെത്തിച്ചു. ഗുജറാത്തിനായി ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്‌നർ രണ്ടും ദിയേന്ദ്ര ഡോട്ടിൻ, സയാലി സാത്ഘരെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
∙ തകർത്തടിച്ച് മൂണി, ഗാർഡ്നർ
നേരത്തെ, മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ഓപ്പണർ ബേത് മൂണി (42 പന്തിൽ 56), ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ (37 പന്തിൽ പുറത്താകാതെ 79) എന്നിവരാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെസ്റ്റിൻഡീസ് താരം ദിയേന്ദ്ര ഡോട്ടിൻ 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്ത് പുറത്തായി. സിമ്രാൻ ഷെയ്ഖ് അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11 റൺസെടുത്തു. ഗുജറാത്ത് നിരയിൽ നിരാശപ്പെടുത്തിയത് 10 പന്തിൽ ഒരു ഫോർ സഹിതം ആറു റൺസെടുത്ത ഓപ്പണർ ലോറ വോൾവാർത്ത്, ഒൻപതു പന്തിൽ നാലു റൺസെടുത്ത ഡയാലൻ ഹേമലത എന്നിവർ മാത്രം. ഹർലീൻ ഡിയോൾ നാലു പന്തിൽ രണ്ടു ഫോറുകളോടെ ഒൻപതു റൺസോടെ പുറത്താകാതെ നിന്നു.
42 പന്തുകൾ നേരിട്ട ബേത് മൂണി, എട്ടു ഫോറുകളോടെയാണ് 56 റൺസെടുത്തത്. വനിതാ പ്രീമിയർ ലീഗിൽ ഒടുവിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ മൂണിയുടെ നാലാം അർധസെഞ്ചറിയാണിത്. നാലും പിറന്നത് ആദ്യം ബാറ്റു ചെയ്യുമ്പോഴാണെന്ന പ്രത്യേകതയുമുണ്ട്. ആർസിബിക്കെതിരെ കളിച്ച മൂന്നു മത്സരങ്ങളിൽ 2 അർധസെഞ്ചറികളും മൂണിക്കു സ്വന്തം. ഗാർഡ്നർ 37 പന്തിൽ മൂന്നു ഫോറും എട്ടു സിക്സും സഹിതമാണ് 79 റൺസെടുത്തത്. ഇതോടെ, ഗുജറാത്തിനായി ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായും ക്യാപ്റ്റൻ മാറി.
നാലാം വിക്കറ്റിൽ ആഷ്‍ലി ഗാർഡ്നർ – ദിയേന്ദ്ര ഡോട്ടിൻ സഖ്യം അടിച്ചുകൂട്ടിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. 31പന്തിൽ ഇരുവരും സ്കോർബോർഡിലെത്തിച്ചത് 67 റൺസാണ്. ഓപ്പണിങ് വിക്കറ്റിൽ ലോറ വോൾവാർത്തിനൊപ്പം ബേത് മൂണി 27 പന്തിൽ കൂട്ടിച്ചേർത്തത് 35 റൺസ്. ഇതിൽ ആറു റൺസ് മാത്രമായിരുന്നു ലോറയുടെ സംഭാവന. മൂന്നാം വിക്കറ്റിൽ ബേത് മൂണി – ഗാർഡ്നർ സഖ്യം 30 പന്തിൽ കൂട്ടിച്ചേർത്ത 44 റൺസും അഞ്ചാം വിക്കറ്റിൽ ഗാർഡ്നർ – സിമ്രാൻ ഷെയ്ഖ് സഖ്യം 10 പന്തിൽ അടിച്ചെടുത്ത 30 റൺസും പിരിയാത്ത ആറാം വിക്കറ്റിൽ ഗാർഡ്‌നർ – ഡിയോൾ സഖ്യം ഒൻപതു പന്തിൽ അടിച്ചെടുത്ത 19 റൺസും നിർണായകമായി.
ആർസിബിക്കായി രേണു താക്കൂർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കനിക അഹൂജ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും, പ്രേമ റാവത്ത് രണ്ട് ഓവറിൽ 26 റൺസ് വഴങ്ങിയും ജോർജിയ വെയർഹം മൂന്ന് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. വനിതാ പ്രീമിയർ ലീഗിൽ അരങ്ങേറിയ മലയാളി താരം ജോഷിത നാല് ഓവറിൽ 43 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആദ്യ രണ്ട് ഓവറിൽ 9 റൺസ് മാത്രം വഴങ്ങി മികച്ച തുടക്കമിട്ട ജോഷിത, അടുത്ത സ്പെല്ലിൽ 2 ഓവറിൽ വഴങ്ങിയത് 34 റൺസാണ്!