ചൈനയിലെ ഐഫോൺ മാർക്കറ്റിനെ അട്ടിമറിച്ച് വാവെയ്, ആലിബാബയുമായി ചേർന്ന് പോരാടാനൊരുങ്ങി ആപ്പിൾ

Mail This Article
ചൈനയിലെ ആപ്പിളിന്റെ മുഖ്യ എതിരാളികളായ വാവെയ് എഐയിൽ ഇന്ദ്രജാലം കാണിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി, പക്ഷേ ഇപ്പോഴും ആപ്പിളിന്റെ എഐ സംവിധാനങ്ങൾ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, കിട്ടിയോ എന്ന് ചോദിച്ചാൽ കിട്ടി പക്ഷേ വലിയ ഉപകാരമൊന്നുമില്ല. ഈ അനിശ്ചിതത്വം ഇല്ലാതാക്കാൻ ആലിബാബയുമായി സഹകരിക്കുകയാണത്രെ ആപ്പിൾ
ഏത് ആലിബാബ?
ഡീപ്സീക്കിന്റെ പുതിയ പതിപ്പായ വി–3യെക്കാൾ മികച്ച പ്രകടനമുള്ള ക്വെൻ 2.5 എന്ന എഐ മോഡൽ അവതരിപ്പിച്ച ചൈനീസ് ടെക് കമ്പനിയായ ആലിബാബ.

കുറച്ച് നാൾ മാന്ദ്യം, വൻ തിരിച്ചുവരവ്
ജാക്ക് മായുടെയും ജോ സായ്, എഡ്ഡി വു എന്നിവരുടെയും നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിന്ന അഴിച്ചുപണികളുടെ പരിസമാപ്തിയാണ് ആലിബാബയുടെ 2025ലെ ഈ വൻ തിരിച്ചുവരവ്.

ബൈദു എവിടെ?
കഴിഞ്ഞ വർഷം ആപ്പിൾ തങ്ങളുടെ പ്രധാന പങ്കാളിയായി ചൈനീസ് ടെക് ഭീമൻ ബൈദുവിനെ തിരഞ്ഞെടുത്തിരുന്നു, എന്നാൽ ആപ്പിൾ ഇന്റലിജൻസിനായി മോഡലുകൾ വികസിപ്പിക്കുന്നതിൽ ബൈദുവിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.
അതിനുശേഷം, ടെൻസെന്റ്, ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ്, ഡീപ്സീക്ക് എന്നിവർ വികസിപ്പിച്ച മോഡലുകളുമൊക്കെ പരീക്ഷിച്ചശേഷമാണ് ആലിബാബ മതിയെന്ന തീരുമാനത്തിൽ എത്തിയതത്രെ.
എഐ മാത്രമല്ല, ഉപഭോക്തൃ ഡേറ്റയിലും കണ്ണ്
ഉപയോക്താക്കളുടെ ഷോപ്പിങ്, പേയ്‌മെന്റ് ശീലങ്ങളിൽ ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയ്ക്കു വലിയ തോതിൽ ഡേറ്റ ഉള്ളതിനാൽ ആലിബാബയുമായി ഒത്തുചേർന്ന് പോകാനുള്ള ആപ്പിളിന്റെ ഒരു തീരുമാനത്തിന് ഒരു കാരണമായി ഒരു റിപ്പോർട്ട് പറയുന്നു, ഇത് മോഡലുകളെ പരിശീലിപ്പിക്കാനും കൂടുതൽ ഇഷ്ടാനുസൃത സേവനങ്ങൾ നൽകാനും സഹായിക്കും.