ADVERTISEMENT

ലു ആന്ദ്രെയാസ് സലോമി! അവളുടെ കരം ഗ്രഹിക്കാൻ, ജീവിതത്തിലേക്കു പിടിച്ചുകയറ്റാൻ കൊതിക്കാത്ത ബുദ്ധിജീവികളും കവികളും യൂറോപ്പിലുണ്ടായിരുന്നില്ല. അവളോ? ദാമ്പത്യത്തെയും പരമ്പരാഗത കുടുംബ ചട്ടക്കൂടുകളെയും വെറുത്തു. ഒരാളോടു മാത്രമുള്ള വിശ്വസ്തത ആവശ്യപ്പെടുന്ന ദാമ്പത്യം പ്രണയത്തെ ഇല്ലാതാക്കുകയാണെന്നു സലോമി കരുതി. തുറന്ന സൗഹൃദങ്ങളിലും നിരുപാധികസ്നേഹത്തിലുമായിരുന്നു വിശ്വാസം. ഒട്ടേറെ സൗഹൃദങ്ങളും പ്രണയങ്ങളും ജീവിതത്തിലുണ്ടായി. സലോമി പക്ഷേ ആരുടെയും തടവുകാരിയായില്ല. ശരീരത്തിന്റെ കാമനകളെ, ഉണർവുകളെ നിഷേധിക്കുകയോ അമർത്തിവയ്ക്കുകയോ ചെയ്തില്ല. ആരായിരുന്നു സലോമിയെന്നു പറയുന്നതിലും എളുപ്പം ആരായിരുന്നില്ലെന്നു പറയാനാകും. നോവലിസ്റ്റും കവിയും ദാർശനികയും ലോകത്തെ ആദ്യത്തെ വനിതാ സൈക്കോ അനലിസ്റ്റും സാമൂഹികചിന്തകയും എല്ലാമായിരുന്നു സലോമി. ഒരു ബന്ധത്തിലും അടിമയാകാൻ നിന്നുകൊടുക്കാതെ, സ്വന്തം സ്വാതന്ത്ര്യബോധം തെളിച്ച ജ്ഞാനാന്വേഷണങ്ങളുടെ വഴിയേ നിർഭയം വിഹരിച്ചു. 

സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഡോക്ടറുടെ മകളായി റഷ്യയിൽ ജനിച്ച സലോമി യാഥാസ്ഥിതികസമൂഹത്തിന്റെ ചിട്ടവട്ടങ്ങൾക്കനുസരിച്ചു നിന്നുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. പതിനെട്ടാം വയസ്സിൽ അച്ഛന്റെ മരണം. അതു സലോമിയെ നടുക്കിയുണർത്തി. അതു ദൈവത്തിന്റെ മരണം കൂടിയായിരുന്നു. വിശ്വാസരാഹിത്യത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. ഒരിക്കൽ പള്ളിയിൽ വൈദികന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു സലോമി. ദൈവം എല്ലായിടത്തുമുണ്ടെന്ന വാക്കുകൾ കേട്ടപ്പോൾ അവൾ ഓർത്തു: അപ്പോൾ നരകത്തിലും ദൈവമുണ്ടാകുമോ? അവൾ പുറത്തേക്കോടി. അവിടെ തിരിമുറിയാത്ത മഴയേറ്റു നിന്നു. അതു തിരിച്ചറിവിന്റെ നിമിഷമായി അവൾ മനസ്സിലാക്കി. തത്വചിന്തയിൽ താൽപര്യമേറി. 

റഷ്യ വിട്ടതോടെ സലോമിയുടെ ജീവിതത്തിനു സ്വാതന്ത്ര്യമെന്നൊരു അർഥം കൂടി കൈവന്നു. സൗഹൃദങ്ങളുടെയും പ്രണയങ്ങളുടെയും ആഘോഷമായിരുന്നു ആ ജീവിതം. ധൈഷണികതയുടെയും സർഗാത്മകതയുടെയും പ്രഭയ്ക്കൊപ്പം ജ്വലിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ കവികളുടെയും തത്വചിന്തകരുടെയും ഉറക്കം കെട്ടു. സരതുഷ്ട്രയുടെ വചനങ്ങളിലൂടെ പ്രശസ്തനായ ഫ്രെഡറിക് നീത്ഷെ, കവി റിൽക്കെ, ചിന്തകനും എഴുത്തുകാരനുമായ പോൾ റീ തുടങ്ങിയവരെല്ലാം സലോമിയിൽ മുഗ്ധരായവരാണ്. ഒരു സാഹിത്യസദസ്സിൽവച്ചു കണ്ടതേ പോൾ റീ സലോമിയിൽ അനുരാഗവിവശനായി. എന്നാൽ ആങ്ങളയും പെങ്ങളും പോലെ ഒരുമിച്ചു താമസിക്കാമെന്നു പറഞ്ഞ് സലോമി റീയെ നിലംപരിശാക്കിക്കളഞ്ഞു.

ഫ്രീഡ്റിക് നീത്ഷെ, Image Credit: facebook.com/FriedrichNietzscheAuthor
ഫ്രീഡ്റിക് നീത്ഷെ, Image Credit: facebook.com/FriedrichNietzscheAuthor

1882ൽ റോമിൽവച്ചാണ് നീത്ഷേ ആദ്യമായി സലോമിയെ കണ്ടത്. അതിനും മുൻപേ പോൾ റീയുടെ കത്തിൽനിന്ന് നീത്ഷേ അവളെക്കുറിച്ച് കേട്ടിരുന്നു. അപ്പോഴേ നീത്ഷേയുടെ മനസ്സ് ഇളകിത്തുടങ്ങിയിരുന്നെന്ന് ആ കത്തിനുള്ള മറുപടിയിൽനിന്നു വ്യക്തം. ഇതുപോലെ ധൈഷണികശേഷിയുള്ള ഒരു സ്ത്രീയെയാണു താൻ തേടിയിരുന്നതെന്ന തരത്തിൽ സലോമിയെ കാണുന്നതിനും അടുത്തറിയുന്നതിനും മുൻപു തന്നെ നീത്ഷേ പറയുന്നുണ്ട്. പോൾ റീ വഴി നീത്ഷേ വിവാഹാഭ്യർഥന നടത്തിയെങ്കിലും സലോമി തള്ളിക്കളഞ്ഞു. പകരം മറ്റൊരു നിർദേശം അവൾ മുന്നോട്ടുവച്ചു. നമുക്കു മൂന്നുപേർക്കും ഒരുമിച്ചു താമസിച്ചു തത്വചിന്ത ചർച്ച ചെയ്യാം. ജർമനിയിലെ ലെയ്പ്സിഗിൽ മൂന്നാഴ്ച മൂന്നുപേരും ഒരു അപാർട്മെന്റിൽ ഒരുമിച്ചു താമസിച്ചെങ്കിലും നീത്ഷേയുടെ സഹോദരിയുടെ ഇടപെടൽ മൂലം ആ ജീവിതം തുടർന്നില്ല. ഒരിക്കൽ നീത്േഷയും സലോമിയും മാത്രമുള്ളപ്പോൾ വികാരവിവശനായി നീത്ഷേ പ്രണയാഭ്യർഥന നടത്തിയെങ്കിലും അതും സ്വീകരിക്കപ്പെട്ടില്ല. 

സലോമിയുമായുള്ള ബന്ധം നീത്ഷെയെ ബൗദ്ധികമായി പ്രചോദിപ്പിച്ചെങ്കിലും പ്രേമാഭ്യർഥന നിരസിക്കപ്പെട്ടതു ജീവിതത്തെ അഗാധമായി മുറിപ്പെടുത്തി. പലരും ഒറ്റ വിവാഹാഭ്യർഥനയോടെ പിൻമാറിയെങ്കിൽ നീത്ഷേ വീണ്ടും വീണ്ടും പ്രണയ–വിവാഹാഭ്യർഥനകൾ നടത്തിക്കൊണ്ടിരുന്നു. നീത്ഷെയുടെ പ്രണയത്തെ പലകുറി സലോമി തള്ളിക്കളഞ്ഞു. താളംതെറ്റിത്തുടങ്ങിയിരുന്ന മനസ്സിന് അതു കൂടുതൽ തീവ്രമായ ആഘാതമേൽപ്പിച്ചു. എങ്കിലും നീത്ഷേയെന്ന ചിന്തകനോടുള്ള അഗാധമായ താൽപര്യം സലോമിയുടെ കത്തുകളിലും എഴുത്തുകളിലും പ്രകടമാണ്. എന്നാൽ നീത്ഷേയാകട്ടെ, പ്രണയതിരസ്കാരത്തെ നിസ്സാരമായെടുത്തില്ല. വിഷം തളിച്ച വാക്കുകൾകൊണ്ട് നീത്ഷേ സലോമിയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ ശരീരത്തെ അധിക്ഷേപിച്ചു. നീത്ഷേയുടെ സഹോദരിയാകട്ടെ, മൂവരുടെയും കമ്യൂൺജീവിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സലോമിയുടെയും റീയുടെയും വീടുകളിലേക്കു കത്തെഴുതി. 

എന്നാൽ സലോമിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ നീത്ഷേ സരതുഷ്ട്രയുടെ വചനങ്ങൾ എഴുതില്ലായിരുന്നു. ഇക്കാര്യം നീത്ഷേ തന്നെ പറഞ്ഞിട്ടുണ്ട്. തനിക്കുണ്ടായ ബന്ധങ്ങളിൽ ഏറ്റവും വിലപിടിച്ചതായി കരുതുന്നതു സലോമിയുമായുള്ളതാണെന്നും അവളെ മനസ്സിലാക്കിയതിനു ശേഷമാണ് സരതുഷ്ട്രയെഴുതാൻ താൻ പാകമായതെന്നും കൂടി അദ്ദേഹം സഹോദരിക്കെഴുതിയ കത്തിൽ കാണാം. സലോമിയോടെന്ന പോലെ, അവളുടെ കവിതകളുടെയും ആരാധകനായിരുന്നു നീത്ഷേ. ‘പ്രെയർ ടു ലൈഫ്’ എന്ന കവിതയ്ക്കു സംഗീതം നൽകുക പോലും ചെയ്തു. 

‘എനിക്കു തരാൻ നിന്നിൽ 

ആനന്ദങ്ങളില്ലാത്തപ്പോൾ, 

അതങ്ങനെയാകട്ടെ. 

നിന്റെ വേദനയേൽക്കാം ഞാൻ’

തന്നെ നിരന്തരം മുറിപ്പെടുത്തിയ നീത്ഷേയോടുള്ള സംഭാഷണമായി കൂടി ആ കവിതയെ വായിക്കാം. തിരിച്ചു നീത്ഷേയുടെ ദർശനങ്ങളുടെ സ്വാധീനം സലോമിയുടെ എഴുത്തിലും പ്രകടമാണ്. 

1887ൽ സലോമി വിവാഹിതയായി. ഗോട്ടിൻഗെൻ സർവകലാശാലയിൽ പൗരസ്ത്യ വിഭാഗം പ്രഫസറായിരുന്ന ഫ്രെഡറിക് കാൾ ആന്ദ്രെയാസുമായുള്ള ആ വിവാഹത്തിനു സലോമിക്കു പൂർണ മനസ്സില്ലായിരുന്നു. എങ്കിലും സലോമി വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന പ്രഫസറുടെ ഭീഷണിക്കു മുന്നിൽ വഴങ്ങുകയായിരുന്നു. അതൊരുതരത്തിൽ ബ്രഹ്മചര്യ വിവാഹമായിരുന്നു. ഇരുവരും തമ്മിൽ ഒരിക്കലും ശാരീരികബന്ധത്തിൽ ഏർപ്പെട്ടില്ല. പ്രഫസറുടെ മരണം വരെ ആ ബന്ധം തുടർന്നു. സലോമിയും ആന്ദ്രെയാസും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതോടെ റീക്ക് ഒറ്റപ്പെട്ടതുപോലെ തോന്നി. നമ്മുടെ ബന്ധം അതങ്ങനെത്തന്നെ തുടരുമെന്നു സലോമി ഉറപ്പു നൽകിയെങ്കിലും റീയെ അതു സാന്ത്വനിപ്പിച്ചില്ല. എന്നാൽ ഇതിനിടയിൽ ശാരീരികവും മാനസികവുമായ ഒരുപാടു ബന്ധങ്ങളിലൂടെ സലോമി കടന്നുപോയി. ഓസ്ട്രിയൻ മനോവിശ്ലേഷകനായ ഫ്രെഡറിക് പിൻലെസുമായുള്ള ബന്ധം അതീതീവ്രമായിരുന്നു. ഉള്ളുകൊണ്ടു മാത്രമല്ല ഉടലുകൊണ്ടും അവർ ഉത്സവം തീർത്തു. സലോമിയുടെ ആദ്യ ലൈംഗികപങ്കാളിയെന്നാണ് ജീവചരിത്രകാരൻമാർ പിൻലെസിനെ വിശേഷിപ്പിക്കുന്നത്. ഗർഭച്ഛിദ്രത്തിലേക്കാണ് ഈ ബന്ധം നീണ്ടത്. പ്രണയവും രതിയും നിറയുന്ന കഥകൾ സലോമി എഴുതിത്തുടങ്ങിയതും ഇക്കാലത്താണ്. ജർമൻ പത്രപ്രവർത്തകനും രാഷ്ട്രീയനേതാവുമായ ജോർജ് ലെഡ്ബൊറുമായും മനോവിശ്ലേഷകനായ വിക്ടർ ടൗസ്കുമായും സലോമി ബന്ധം പുലർത്തിയിരുന്നു.

1896ൽ സലോമിയെഴുതിയ ‘ജീസസ് ദ് ജൂ’ എന്ന പ്രബന്ധം വലിയ ചർച്ചയായി. ചരിത്രം കണ്ടിട്ടുള്ള ഏറ്റവും വലിയ അവിശ്വാസികളിലൊരാളായിരുന്നു യേശുക്രിസ്തുവെന്നു നിരീക്ഷിക്കുന്ന ആ പ്രബന്ധത്തിലേക്ക് ആകർഷിക്കപ്പെട്ടവരിൽ, സലോമിയേക്കാൾ പതിനാലു വയസ്സു പ്രായക്കുറവുള്ള റെയ്നർ മരിയ റിൽക്കെ എന്ന യുവകവിയുമുണ്ടായിരുന്നു. ജർമനിയിൽവച്ചു പരിചയപ്പെട്ടതേ ഇരുവരും കടുത്ത പ്രണയത്തിലായി. അഗാധമായ പാരസ്പര്യം ഇരുവർക്കും തമ്മിലുണ്ടായി. പ്രായം ഇരുവർക്കും ഇടയിൽ മതിലുയർത്തിയില്ല. റെനെ എന്ന പേര് റെയ്നർ എന്നാക്കി മാറ്റിയതുപോലും സലോമിയുടെ പ്രേരണയിലാണ്. റിൽക്കെയുടെ കാവ്യലോകത്ത് പ്രണയിനി ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. നിതാന്തമായ ഒരു സാന്നിധ്യമായിരുന്നു സലോമി. ഒടുവിൽ സലോമിയുടെ തീരുമാനപ്രകാരം ആ ബന്ധം വേർപിരിഞ്ഞെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടർന്നു. അവർ തമ്മിൽ എഴുതിയ കത്തുകൾ പിന്നീടു സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും ആശയലോകം മാത്രമല്ല അവർ പങ്കിട്ട സൂക്ഷ്മവും ആഴമേറിയതുമായ അനുഭവലോകങ്ങളും ആ കത്തുകളിൽ പ്രകാശിതമാകുന്നു. റിൽക്കെയെ റഷ്യൻ ഭാഷ പഠിപ്പിച്ചതും ടോൾസ്റ്റോയിയെയും പുഷ്കിനെയും വായിപ്പിച്ചതും സലോമിയായിരുന്നു. റിൽക്കെയുമായുള്ള പ്രണയത്തിന് മൂന്നുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ദൃഢമായ ആത്മബന്ധം റിൽക്കെയുടെ മരണം വരെ തുടർന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘മഹാനായ കവിയുടെ വാഗ്ദേവതയും ശ്രദ്ധാലുവായ അമ്മയുമായിരുന്നു സലോമി’.

sigmund-freud-web
സിഗ്മണ്ട് ഫ്രോയ്ഡ്, Image Credit: Wikimedia Commons

ജർമൻ നടൻ ഫ്രാങ്ക് വെഡ്കൈൻഡ് പോലെ ഒട്ടേറെപ്പേരുമായി ക്ഷണികമായ അടുപ്പങ്ങളിലൂടെ സലോമി കടന്നുപോയി. എല്ലാവർക്കും സലോമിയെ അവരുടേതു മാത്രമാക്കി വീട്ടിലടയ്ക്കണമെന്നുണ്ടായിരുന്നു. സലോമിയാകട്ടെ, വീടിനെ തടവറയായി കരുതി. പ്രഫസർ ആന്ദ്രെയാസുമായുള്ള വിവാഹബന്ധം രേഖാപരമായിരുന്നു. ശാരീരികമോ മാനസികമോ ആയ അടിമത്തത്തിനു സലോമി തയാറായില്ല. ഗുരുതുല്യനെന്നു വിശേഷിപ്പിക്കാവുന്ന സിഗ്മണ്ട് ഫ്രോയ്ഡുമായും പ്രണയബന്ധമുണ്ടായിരുന്നതായി കഥകൾ പ്രചരിച്ചിരുന്നു. ‘സ്വപ്നത്തിനും അതിന്റെ വ്യാഖ്യാനത്തിനുമിടയിൽ എന്തോ ആണു കവിത’യെന്ന് എഴുതിയ ലു ആന്ദ്രെയാസ് സലോമിയുടേതും അവളുടെ അസംഖ്യം കാമുകരുടേതും അതുപോലൊരു ജീവിതം. സലോമി മറ്റൊരിക്കലെഴുതി: ‘It’s in giving yourself that you possess yourself’.

English Summary:

The Revolutionary Love Life and Intellectual Prowess of Lou Andreas-Salomé

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com