ഉറപ്പായും ഞാൻ വരും; പച്ച കുത്തണം, മലയുടെ ഉള്ളിലേക്ക് പോകണം, പ്രണയിച്ചു മരിക്കണം!

Mail This Article
നൈനിറ്റാളിലെ മഞ്ഞുറഞ്ഞ താഴ്വരയിൽ വിമലയ്ക്ക് കൂട്ട് ഓർമകളാണ്. കാത്തിരിപ്പിന് കനം കൂടിയപ്പോൾ പ്രതീക്ഷകൾ ചിറകുകൾ പോലുമല്ലാതായി. എങ്ങനെ ജീവിക്കാനും എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാലും വിഫലമായൊരു പ്രതീക്ഷയിൽ മനസ്സിനെ കുരുക്കി, ശരീരത്തെ അവഗണിച്ച് കാത്തിരുന്നു; വരും വരാതിരിക്കില്ല എന്ന ലഹരി നുകർന്ന്. തലയിൽ നിന്ന് ഇറങ്ങിപ്പോകാത്ത ലഹരി. സർദാർജി സമ്മാനിച്ചതും കാത്തിരിപ്പിന്റെ മറ്റൊരു മുറിവ് തന്നെ. വാക്ക് കൊടുത്ത സായാഹ്നത്തിന്റെ ഓർമ. വീട്ടാനാകാത്ത കടം. സഞ്ചാരികൾ മടങ്ങിപ്പോകുന്നു. ഒരു സീസൺ കൂടി കഴിയുന്നു...
വിമല ബോർഡിങ് സ്കൂൾ അധ്യാപികയാണെങ്കിൽ ഷാല മിസ് കോളജിലാണു പഠിപ്പിക്കുന്നത്. മുതിർന്ന കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് അത്രയെളുപ്പം ഒഴിഞ്ഞുമാറാനാവില്ല. അപക്വമാണെങ്കിലും അവർക്ക് പ്രേമത്തെക്കുറിച്ച് അറിയാം;കാത്തിരിപ്പിനെക്കുറിച്ചും. അതിലേറെ, സാഹസികതയാണ് കൂട്ട്. അവർക്ക് മനസ്സിലാകുന്നില്ല
ഷാല മിസ്സ് എന്താണിങ്ങനെ എന്ന്. യൗവ്വനം ആർക്കും വേണ്ടിയല്ലാതെ ഹോമിക്കുന്നതെന്തിനെന്ന്.
കാത്തിരിക്കുകയാണോ. കാത്തുവയ്ക്കുകയാണോ. മനസ്സ് തുറന്നുകൂടേ... തന്നെക്കുറിച്ചുള്ള കഥകൾ
ചിറക് മുളച്ച് പറക്കുമ്പോൾ, ഷാല ഒന്നുകൂടി ഉറപ്പിക്കുന്നു. പിന്നിട്ട വർഷങ്ങൾ സമ്മാനിച്ച കരുത്തോടെ മനസ്സ് ഒന്നുകൂടി തഴുതിട്ട് മുറുക്കുന്നു.
മഞ്ഞിന്റെ സന്തത സഹചാരിയാണ് വിമല.
സഞ്ചാരി പ്രാവായ ഷാല മിസ് ചൂടിനൊപ്പമാണ് ജീവിക്കുന്നത്. വല്ലപ്പോഴുമുള്ള യാത്രകളിൽ മാത്രമാണ് തണുപ്പും മഞ്ഞും പൊതിയുന്നത്. ഷാലയും കാത്തിരിക്കുന്നുണ്ട്. ഉണ്ടാകണം. ഓർമകളുടെ കൈ പിടിച്ചല്ല നടക്കുന്നത്. പോയ കാലം പിടിച്ചുവലിക്കുന്നില്ല. വിഷാദ ഗാനങ്ങൾ ഹൃദയത്തിൽ വേര് പടർത്തിയിട്ടില്ല. അലംഘനീയമായ ഒരു മറ ഉയർത്തിയിട്ടുണ്ടെന്നു മാത്രം. അതു ഭേദിക്കാൻ ആരെയും അനുവദിക്കാറില്ലെന്നു മാത്രം.
കുട്ടികൾക്കൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ ഷാലയ്ക്ക് വഴി തെറ്റുകയല്ല, എപ്പോഴുമെന്നപോലെ സ്വന്തം വഴി കണ്ടെത്തുകയാണ്. ആ വഴിയിൽ ആരെങ്കിലും കാത്തുനിൽക്കും എന്ന സൂചന പോലുമില്ല. ആരെയെങ്കിലും കാണാനാണ് പോകുന്നതെന്ന ധൃതിയുമില്ല.കുട്ടികളെപ്പോലെ വായനക്കാരും ആഗ്രഹിക്കുന്നുണ്ട്; സഞ്ചാരിപ്രാവ് അയാളെ കണ്ടിരുന്നെങ്കിലെന്ന്. അയാളെ കണ്ടു എന്നുറപ്പിക്കുക.എങ്കിലെന്ത്...

അറുപത് വർഷത്തിന്റെ അകലമുണ്ട് മഞ്ഞിനും സഞ്ചാരിപ്രാവിനും തമ്മിൽ.
വിഷാദം ശ്രുതിയിട്ടതാണ് മഞ്ഞിലെ വാക്കുകൾ. വിഫല പ്രതീക്ഷ കൊണ്ട് വിളക്കിച്ചേർത്ത വാക്കുകൾ.
സഞ്ചാരിപ്രാവ് ചിറകടിക്കുകയാണ്. ചിറകൊതുക്കുന്നതു പോലും വീണ്ടും പറക്കാനാണ്. കാതോർത്താൽ കഥയിൽ നിന്ന് കേൾക്കാം ദൂരെ ദൂരെ കൂട് കൂട്ടാൻ ചിറകടിക്കുന്നതിന്റെ മുഴക്കം.
വിമല പറന്നുതളർന്ന പക്ഷിയാണെങ്കിൽ സുധീർ കുമാർ മിശ്ര സഞ്ചാരിപ്രവാണ്. ആയിരിക്കണം.
രാജ് പറക്കുന്നതേയില്ല. അയാൾ ചിറകൊതുക്കിയിട്ടും അയാളോട് ചേർന്ന് ഒരാൾ കൂടി നിന്നു. റാണി.
നവംബർ അവസാനം പതിവു പോലെ വിളി വന്നു.
പൂങ്കുഴലി അമ്മയുടെ അടുത്ത് ചികിത്സയ്ക്ക്... എന്നവൾ പറഞ്ഞുതുടങ്ങിയപ്പോൾ ഞാൻ ചിരിച്ചുതുടങ്ങി. അവളുമപ്പോൾ ചിരിച്ചു. സകലതും മറന്ന് ഞാനും അവളും ആ രണ്ടാഴ്ചയും പ്രണയിച്ചുമരിച്ചു.
ഡിസംബറിൽ ഭംഗി കൂടൂന്ന മലനിരകളിലാണ് സഞ്ചാരിപ്രാവ്. പ്രേമം കൂടി ചേരുമ്പോൾ ഭംഗി വീണ്ടും കൂടുന്നു.
അവിടെ വച്ചല്ലേ പ്രണയം പറയേണ്ടത്. പ്രണയത്തേക്കാൾ ജീവിതം.
പ്രേമം പോലെ ഇത്രയേറെ സത്യസന്ധമായ, ഊർജദായകമായ, സ്വപ്നശീലവും നൻമയുമുള്ള വികാരം.
മഞ്ഞിൽ നിന്ന് സഞ്ചാരിപ്രാവിലേക്കുള്ള ആറു പതിറ്റാണ്ട് വളർച്ചയുടേതാണ് ; പ്രണയത്തിന്റെയും.
എല്ലാ പ്രതീക്ഷകളും തകർന്നിട്ടും ഓർമയിൽ മനസ്സും ശരീരവും കുടുക്കിയിടുകയാണ് വിമല.
ഷാല മിസ്സിന് അങ്ങനെ കഴിയാത്തതെന്താണ്. കുട്ടികൾ ആരോപിക്കുന്നതുപോലെ രാജിന്റെ സ്പർശനങ്ങൾ അവരും അറിയുന്നുണ്ടായിരുന്നോ. അതുകൊണ്ടാണോ ആ വൈകുന്നേരം അവർ നടക്കാനിറങ്ങിയത്.
വരും, വരാതിരിക്കില്ല എന്നത് ഇവിടെ വിഫല പ്രതീക്ഷയല്ല. ഉറപ്പാണ്. പറയുന്നത് സഞ്ചാരിപ്രാവാണ്.
കാലം വികൃതമാക്കിയ പച്ചകുത്തലുകൾക്കു മുകളിൽ, ഹൃദയ ഭാഗത്തു തന്നെ അടയാളപ്പെടുത്തണം.
നമ്മളെ. നമ്മുടെ പ്രണയത്തെ. ജീവിതത്തെ.
ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ ഷാല മിസ്സിനെ ചേർത്തുപിടിക്കാനാവും എന്ന് രേഖ.
ഷാലയെ അകറ്റിനിർത്തരുത് എന്നൊരു അപേക്ഷ കൂടിയാണത്. പ്രേമത്തെ വിധിക്കരുതെന്ന സ്നേഹശാസന.
പുതുകാലപ്രണയത്തിന് സഞ്ചാരി പ്രാവിനോളം ചേർന്ന മറ്റൊരു സാക്ഷ്യം വേണ്ട. ഒരു കള്ളിയിലും ഒതുങ്ങാതെ,
ഒരു മറയും പിടിക്കാതെ പ്രേമം ചിരിക്കുന്നു. അതു കാണാൻ, അറിയാൻ പ്രണയിക്കണം എന്നുമാത്രം. അപകടകരമായി. ലോകത്തെ പുറത്തിട്ടടച്ച്.
ടീച്ചറെ അവൾക്ക് നല്ല ഇഷ്ടമായി. കണ്ടോ ചിരിക്കുകയാണ്.
ഷാല നോക്കുമ്പോൾ ഒരു ഭാവഭേദവുമില്ല.
അവളുടെ മനസ്സിലെന്താണെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കുമേ മനസ്സിലാകൂ...
അവൾ ചിരിക്കുകയാണ്.
അയാൾക്കും ഉറപ്പുണ്ട്. ഇനി മറ്റൊരു സാക്ഷ്യം വേണ്ട. റാണി ചിരിക്കുക തന്നെയാണ്. പ്രേമം അറിയുന്നതുകൊണ്ടു മാത്രമല്ല, പ്രണയിക്കുന്നവരെ കാണുന്നതുകൊണ്ടു കൂടിയാകണം. ഉള്ളിലേക്ക് നോക്കി മാത്രമല്ല,പുറത്തേക്ക് നോക്കിയും ചിരിക്കാം.അങ്ങനെയും ചിരിക്കാൻ കഴിയും. ആ ചിരിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പ് തന്നാണ് സഞ്ചാരി പ്രാവ് അടച്ചുവയ്ക്കുന്നത്.
വരും, വരാതിരിക്കില്ല.