കുട്ടിക്ക് പാൻ ഉണ്ടോ? എങ്കിൽ ഈ കാര്യങ്ങളൊക്കെ എന്തെളുപ്പം, കിട്ടും ഈസിയായി

Mail This Article
വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി പാൻകാർഡ് കുട്ടികൾക്കും എടുക്കാം. ബാങ്ക് അക്കൗണ്ടു തുറക്കാനും വിവിധ നിക്ഷേപങ്ങൾ നടത്താനും അടക്കം പാൻ ഗുണകരമാണ്. ബാല്യത്തിലെ കുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കാനും ഭാവി ഇടപാടുകൾ ലളിതമാക്കാനും മൈനർ പാൻ കാർഡ് സഹായിക്കും.
കുട്ടിയെ സാമ്പത്തിക ഉൽപന്നങ്ങളില്‍ നോമിനിയാക്കൽ, വസ്തു വകകൾ കുട്ടിയുടെ പേരിൽ റജിസ്റ്റർ ചെയ്യൽ എന്നിവയും പാൻ എളുപ്പമാക്കുന്നു. ഇതുവഴി ഇവയിലെല്ലാം കുട്ടിക്ക് നിയമപരമായ അവകാശവും ഉറപ്പാക്കാം. കുട്ടിയുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിച്ചേർത്തു നികുതി നൽകേണ്ടിവരുമ്പോൾ മൈനർ പാൻകാർഡ് ആവശ്യമാണ്. മാത്രമല്ല, ആവശ്യമായ മാറ്റങ്ങൾ വരുത്തി ജീവിതകാലം മുഴുവൻ ഈ പാൻ ഉപയോഗിക്കുകയും ചെയ്യാം.

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാനും പാൻ വേണം. കുട്ടിക്ക് ഓഹരികൾ വിൽക്കാനാകില്ലെങ്കിലും മാതാപിതാക്കൾക്ക് ഈ ഡീമാറ്റിലൂടെ ഓഹരി, മ്യൂച്വൽഫണ്ട്, ഇടിഎഫ് എന്നിവ വാങ്ങാം, ഗിഫ്റ്റായും നൽകാം. അതുവഴി അവരുടെ പേരിൽ നല്ലൊരു തുക സ്വരൂപിക്കാം. പ്രായപൂർത്തിയായാൽ സ്വന്തമായി ഡീമാറ്റ് പ്രവർത്തിപ്പിക്കാനും കഴിയും.
പാൻ 2.0: എങ്ങനെ അപേക്ഷിക്കാം
NSDL ഇ-പാൻ പോർട്ടൽ സന്ദർശിച്ച് വിവരങ്ങളും രേഖകളും നൽകി ഫീസ് അടച്ച് അപേക്ഷിക്കുക. ഒടിപി നൽകിയാൽ 30 മിനിറ്റിനുള്ളിൽ ഇമെയിലിലേയ്ക്ക് ഇ-പാൻ അയയ്ക്കും. 30 ദിവസത്തിനുള്ളിൽ മൂന്ന് അഭ്യർഥനകൾക്ക് സേവനം സൗജന്യമാണ്. തുടർന്ന് നാമമാത്രമായ ഫീസ് ഈടാക്കും.
പാൻ 2.0 മികവുകൾ ഏറെ
എളുപ്പത്തിൽ മനസ്സിലാക്കാം. പോർട്ടൽ സാധാരണക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാം. അപേക്ഷിക്കാനും അപ്‌ഡേറ്റ് ചെയ്യാനും സ്റ്റാറ്റസ് പരിശോധിക്കാനും എല്ലാം പോർട്ടൽ മാർഗനിർദേശം നൽകും സുരക്ഷയും സ്വകാര്യതയും– സൈബർ ഭീഷണികളിൽ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റകൾ സംരക്ഷിക്കുന്ന സംവിധാനം.
ഡിജിറ്റൽ സിഗ്നേച്ചർ ഇന്റഗ്രേഷൻ ഡോക്യുമെന്റ് സ്ഥിരീകരണത്തിനും പ്രാമാണീകരണത്തിനുമായി ഡിജിറ്റൽ സിഗ്നേച്ചറുകൾ ഉപയോഗിക്കാം. ഇലക്ട്രോണിക് ഒപ്പിടാൻ അനുവദിക്കുന്നതോടെ ഫിസിക്കൽ സിഗ്നേച്ചറിന്റെയും പേപ്പർ വർക്കുകളുടെയും ആവശ്യകത കുറയും. ഇതു സുരക്ഷ വർധിപ്പിക്കും. പ്രക്രിയകൾ കാര്യക്ഷമമാക്കും.
പാൻ പടരുന്നു: നേട്ടം കൊയ്യാം ഈ ഓഹരിയിൽ

പ്രോട്ടീൻ ഇ–ഗവേണൻസ് ടെക്നോളജീസ്:
സർക്കാരിനും പൊതുജനങ്ങൾക്കുംവേണ്ടിയുള്ള ഇ–ഗവേണൻസ് സേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി. ടാക്സ് ഇൻഫർമേഷൻ നെറ്റ്‌വർക്ക് (TIN), പാൻകാർഡ് സേവനങ്ങൾ, സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി, നാഷനൽ പെൻഷൻ സ്കീം, അടൽ പെൻഷൻ യോജന, ആധാർ, ജിഎസ്‌ടി, ഇ–കെവൈസി, ഫിലിം സർട്ടിഫിക്കേഷൻ, നാഷനൽ ജുഡീഷ്യൽ റഫറൻസ് സിസ്റ്റം തുടങ്ങിയ മേഖലകളിൽ കമ്പനി സഹകരിക്കുന്നുണ്ട്. കൂടാതെ ഡേറ്റ സെന്റർ കോ–ലൊക്കേഷൻ, ഐടി കൺസൾട്ടിങ് ബാങ്കിങ് മേഖലയ്ക്ക് ആധാർ അധിഷ്ഠിത തിരിച്ചറിയൽ, ഇ–ഒപ്പ് സേവനങ്ങൾ തുടങ്ങിവയും നൽകുന്നു.
പാൻ 2.0 പ്രോജക്റ്റ് ലേലത്തിൽ പങ്കെടുക്കുമെന്ന് 2024 സെപ്റ്റംബറിൽ കമ്പനി അറിയിച്ചിരുന്നു. ഗ്രാമങ്ങളിൽ പാൻകാർഡ് ആവശ്യം ഉയരുന്നതും ഇന്റർനെറ്റ് വ്യാപനത്തോടെ ഇ–ഗവേണന്‍സ് സേവനങ്ങളുടെ ആവശ്യകത വർധിക്കുന്നതും പ്രോട്ടീൻ ഇ–ഗവേണൻസ് ടെക്നോളജീസിന് അനുകൂലമാണ്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന് (എൻഎഎസ്ഇ) നിക്ഷേപമുള്ള എൻഎസ്‌ഡിഎല്ലിന്റെ ഭാഗമായതുകൊണ്ട് ബിഎസ്ഇയിൽ മാത്രമാണ് കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്