ഉപയോക്താക്കളിൽ നിന്നും അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ നീക്കം ചെയ്ത് ആപ്പിൾ

Mail This Article
ലണ്ടൻ ∙ യുകെയിലെ ഐഫോൺ ഉപയോക്താക്കളിൽ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) നീക്കം ചെയ്ത് ആപ്പിൾ. ആപ്പിൾ ഫോൺ നിർമാതാക്കളിൽ നിന്നും ഡേറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സർക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് നടപടി.
അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി ആപ്പിൾ അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെന്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കമ്പനിക്ക് പോലും കാണാൻ സാധിക്കാത്ത ഈ ഡേറ്റകൾ ആക്‌സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയിൽ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ എന്ന ഫീച്ചർ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചത്. നേരത്തെ സ്റ്റാൻഡേർഡ് എൻക്രിപ്ഷനോടുകൂടിയ ഡേറ്റ ആപ്പിളിന് ആക്സസ് ചെയ്യാൻ സാധിക്കുമായിരുന്നു. വാറണ്ട് ഉണ്ടെങ്കിൽ ഈ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനും കഴിയുമായിരുന്നു.
യുകെയിലെ ഉപയോക്താക്കൾക്ക് തങ്ങളുടെ സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ലെന്നതിൽ ആപ്പിൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ ഉൽപന്നങ്ങളിൽ ഒരിക്കലും ഒരു പിൻവാതിൽ നയം സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
എൻക്രിപ്റ്റഡ് ഡേറ്റ ഒരു നിർദ്ദിഷ്‌ട കീ ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സുരക്ഷിത കോഡാണ്. ആപ്പിളിന്റെ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) ഒരു ഓപ്റ്റ്-ഇൻ സേവനമായതിനാൽ ഇവ പ്രവർത്തന ക്ഷമമാക്കാൻ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യണം. എന്നാൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 3 മുതൽ യുകെയിലുടനീളം ഈ സേവനം നീക്കം ചെയ്തു. 2022 ഡിസംബറിൽബ്രിട്ടനിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് എഡിപി ലഭ്യമായതിന് ശേഷം എത്ര പേർ സൈൻ അപ്പ് ചെയ്തുവെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.