സൗജന്യ സേവനത്തിന് പണം ഈടാക്കി: യുകെയിൽ മലയാളി ഡോക്ടർക്കെതിരെ ഗുരുതര ആരോപണം, അന്വേഷണം

Mail This Article
ലണ്ടൻ ∙ യുകെയിൽ പീഡിയാട്രിക് കൺസൾട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടർ എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് രോഗികളിൽ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തിൽ ഹെൽത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടർക്കെതിരെ പരാതി നൽകിയത്. എൻഎച്ച്എസിൽ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങൾ ഡോക്ടറിന്റെ സ്വകാര്യ സേവനം ഉപയോഗിച്ചത്. ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നിർത്തിയത് തങ്ങളെ ബാധിച്ചതായി മാതാപിതാക്കൾ പറയുന്നു.
അതേസമയം എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോ. അനീഷ് നിഷേധിച്ചു. നിലവിൽ തനിക്ക് അസുഖമുണ്ടെന്നും തനിക്ക് ഇഷ്ടമുള്ളതുപോലെ മാതാപിതാക്കളെ കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നുവെന്നും ഡോ. അനീഷ് കൂട്ടിച്ചേർത്തു.
സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ആൻട്രിം ഏരിയ ഹോസ്പിറ്റലിൽ താൻ ഡോ. അനീഷിന്റെ കൺസൾട്ടേഷനായി 850 പൗണ്ട് നൽകിയതായി ഒരു രക്ഷിതാവ് ആരോപിച്ചു. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ എൻഎച്ച്എസ് ജോലി ചെയ്ത് കൊണ്ടിരിക്കെ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോ. അനീഷ് പിന്നീട് ട്രസ്റ്റിൽ നിന്നും ജോലി ഉപേക്ഷിച്ചു. ചില രക്ഷിതാക്കൾ സ്വകാര്യ സേവനത്തിനായി ആയിരക്കണക്കിന് പൗണ്ട് നൽകിയതായും പക്ഷേ തുടർ പരിചരണമോ മരുന്നോ ലഭിക്കാത്തത് തങ്ങളെ അസ്വസ്ഥതരാക്കിയെന്നും പറഞ്ഞു.
ഡോക്ടർ അനീഷിനെക്കുറിച്ച് നിരവധി മാതാപിതാക്കൾ സമൂഹമാധ്യമത്തിൽ വിമർശനവുമായി എത്തിയിരുന്നു. എൻഎച്ച്എസ് സേവനങ്ങൾക്ക് ഡോ. അനീഷ് രോഗികളിൽ നിന്ന് പണം ഈടാക്കിയിട്ടുണ്ടെന്ന പരാതി വളരെ ഗൗരവമായി എടുത്തതായും ഇത് പരിശോധിച്ചു വരുന്നതായും നോർത്തേൺ ട്രസ്റ്റ് അറിയിച്ചു.