മരണത്തിൽ വിവേചനം വേണ്ട; ലിംഗഭേദമില്ലാതെ ഇനി ദയാധനം
Mail This Article
അബുദാബി ∙ സ്ത്രീപുരുഷ ഭേദമെന്യേ യുഎഇയിൽ ദയാധനം (ബ്ലഡ് മണി) ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. ഇതനുസരിച്ച് വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം നൽകണം. നേരത്തേ പുരുഷൻമാർ മരിച്ചാൽ കുടുംബത്തിനു നൽകിയിരുന്നതിന്‍റെ പകുതി തുകയാണ് വനിതകളുടെ കുടുംബത്തിനു ദയാധനമായി നൽകിയിരുന്നത്.
റോഡപകടം, കൊലപാതകം തുടങ്ങിയ സംഭവങ്ങളിൽ അസ്വാഭാവിക മരണമുണ്ടായാൽ കുറ്റക്കാരായവരാണ് മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നൽകേണ്ടത്. നേരത്തേ പുരുഷന്മാർക്ക് 2 ലക്ഷം ദിർഹമും വനിതകൾക്ക് 1 ലക്ഷം ദിർഹമുമായിരുന്നു നൽകേണ്ടിയിരുന്നത്. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശത്തെ തുടർന്നാണ് സ്ത്രീ-പുരുഷ ഭേദമെന്യേ ദയാധനം ഏകീകരിച്ചത്. ഇതിനു പുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം കേസ് തുടർന്നാൽ അതിന്‍റെ വിധിയനുസരിച്ചുള്ള അധിക തുകയും നൽകേണ്ടിവരും.
സമുഹത്തിൽ സ്ത്രീകൾക്കും തുല്യ അവകാശം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നിയമപരിഷ്കാരമെന്ന് അധികൃതർ വ്യക്തമാക്കി. ഫെഡറൽ നിയമം ആയതിനാൽ 7 എമിറേറ്റിലും ഇത് പ്രാബല്യത്തിൽ വരും. ഇതേസമയം മരണത്തിന് കാരണമായ അപകടത്തിൽ മരിച്ചയാൾക്കു പങ്കുണ്ടെങ്കിൽ അതിന്‍റെ തോത് കണക്കാക്കി ദയാധനത്തിൽ കുറവു വരുത്തും.
ഉദാഹരണത്തിന് വാഹനാപകടത്തിന് കാരണമായ തെറ്റിൽ 50 ശതമാനം മരിച്ചയാളുടെ ഭാഗത്താണെങ്കിൽ 50 ശതമാനം ദയാധനം മാത്രമേ എതിർകക്ഷി നൽകേണ്ടതുള്ളൂവെന്നാണ് നിയമമെന്ന് മുതിർന്ന ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. ഓരോ കേസുകളിലെയും ദയാധനം നൽകുന്നതിനു പുറമേ കോടതി വിധിച്ച ശിക്ഷയും അനുഭവിക്കേണ്ടിവരും. ലൈസൻസ് റദ്ദാക്കുന്നതുമുതൽ ജീവപര്യന്തം തടവു വരെയുള്ള ശിക്ഷയും നേരിടേണ്ടിവരും.