ദുബായിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രത്യേക പുരസ്കാരം തിരുവല്ല സ്വദേശിക്ക്; പ്രഖ്യാപിച്ചത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
Mail This Article
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പ്രത്യേക പുരസ്കാരം തിരുവല്ല പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ ബിജു കെ. ബേബിക്ക് ലഭിച്ചു.
എക്സ്പോ 2020യുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ബ്രോൺസ് കമാൻഡിലെ സ്തുത്യർഹ സേവനത്തിനാണിത്. ദുബായ് പൊലീസിന്റെയും എക്സ്പോ 2020 മുദ്ര പതിപ്പിച്ച മെഡൽ അടങ്ങുന്നതാണ് പുരസ്കാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ്, സൈനിക മേഖലകളിൽ പരിശീലനം നേടി കഴിവു തെളിയിച്ചവരെ കണ്ടെത്തി രൂപീകരിച്ച 70 അംഗ ബ്രോൺസ് കമാൻഡിലെ ഏക മലയാളിയാണ് ഈ 46കാരൻ.
2022ൽ ദുബായ് പൊലീസിന്റെ പ്രത്യേക ആദരം ലഭിച്ചിരുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥൻ കെ.ജെ.ബേബിയുടെയും അധ്യാപിക ലീലാമ്മയുടെയും (കൈനടി പുതുവീട്ടിൽ കുടുംബാംഗം) മകനാണ്.
ദുബായ് ഹോസ്പിറ്റലിലെ നഴ്സും അടൂർ കടമ്പനാട് വലിയവീട്ടിൽ കുടുംബാഗവുമായ റോസി മാത്യുവാണ് ഭാര്യ. മക്കൾ: ക്രിസ്, കാതറിൻ